ഫിത്വർ സകാത് ; ഒരു പഠനം

 


ഫിത്വ്‌റ് സകാത് : അറിയേണ്ടതെല്ലാം


റമളാൻ അവസാന ദിവസം സൂര്യാസ്തമന സമയത്ത് ജീവിച്ചിരിപ്പുള്ള എല്ലാവർക്കും ഫിത്വ്‌റ് സകാത്ത് നിർബന്ധമാണ്.
അന്നേ ദിവസം സൂര്യാസ്തമനത്തിന് മുമ്പ് ജനിച്ച കുട്ടിക്കും സൂര്യാസ്തമനത്തിന് ശേഷം മരിച്ച വ്യക്തിക്കും നിർബന്ധമാകും.
തനിക്കും, താൻ ചെലവ് കൊടുക്കൽ നിർബന്ധമായവർക്കും അന്നേ ദിവസത്തെ ഭക്ഷണം, വസ്ത്രം, പാർപിടം, ആവശ്യമുള്ള ജോലിക്കാർ എന്നിവ കഴിച്ച് ബാക്കി വല്ലതും ഉണ്ടങ്കിൽ ഫിത്റ് സകാത്ത് നിർബന്ധമാണ്.
ആ നാട്ടിൽ മുഖ്യ ആഹാരമായി ഉപയോഗിക്കുന്ന ധാന്യത്തിൽ നിന്ന് 4 മുദ്ദാണ് ഓരോ വ്യക്തിക്കും നിർബന്ധമുള്ളത്.
ഒരു മുദ്ദ് 800 മില്ലി ലിറ്ററാണ്. 4 മുദ്ദ് 3.200 ലിറ്റർ വരും. എല്ലാ അരിയും തൂക്കം സമമല്ലാത്തതിനാൽ 4 മുദ്ദ് തൂക്കം എത്രയാണെന്ന് കൃത്യമായി പറയൽ സാധ്യമല്ല.
മുദ്ദിന്റെ പാത്രം മാർക്കറ്റിൽ കിട്ടാനുണ്ട്. പാത്രം വാങ്ങി അളന്ന് കൃത്യമാക്കുകയാണ് നല്ലത്.

നിയ്യത്ത്

ധനത്തിന്റെ സകാത്തിനും ഫിത്റ് സകാത്തിനും നിയ്യത്ത് നിർബന്ധമാണ്.
സകാത്ത് കൊടുക്കുന്ന അവസരത്തിലോ, സ്വന്തം ധനത്തിൽ നിന്നും സകാത്തിന്റെ ധനം മാറ്റി വെക്കുന്ന അവസരത്തിലോ "ഇത് എന്റെ ധനത്തിന്റെ നിർബന്ധമായ സകാത്താണ്" എന്നോ "എന്റെയും കുടുംബത്തിന്റെയും ഫിത്റ് സകാത്താണ്" എന്നോ നിയ്യത്ത് ചെയ്യൽ നിർബന്ധമാണ്.

ഫിത്വര്‍ സകാത് ; സംശയ നിവാരണം

സകാതുല്‍ ബദന്‍, സകാതു റമളാന്‍, സകാതു സ്സൗമ്, സകാതു റുഊസ്, സകാതുല്‍ അബ്ദാന്‍ എന്നിവയെല്ലാം സകാതുല്‍ ഫിത്വറിന്‍റെ മറ്റു പേരുകളാണ്. റമളാനിലെ അവസാനത്തെ നോമ്പ് മുറിയലോട്കൂടെയാണ് നിര്‍ബന്ധമാവുന്നത് എന്നതിനാലാണ് സകാതുല്‍ ഫിത്വറ് എന്ന് പേര് വന്നത്. റമളാന്‍ നോമ്പ് പോലെതന്നെ ഹിജ്റ രണ്ടാം വര്‍ഷത്തിലാണ് പ്രസ്തുത സകാത്ത് നിയമമാക്കപ്പെട്ടത്.

ഫിത്വറ് സകാതിന്‍റെ പ്രാധാന്യം എന്ത്?

1)ഇമാം ശാഫി(റ)വിന്‍റെ ഗുരുവായ ഇമാം വകീഅ്(റ) ഫിത്വറ് സകാതിനെ കുറിച്ച് പറയുന്നതിപ്രകാരമാണ്: "സഹ് വിന്‍റെ സുജൂദ് വഴി നിസ്കാരത്തിലെ പോരായ്മകള്‍ പരിഹരിക്കപ്പെടും പ്രകാരം ഫിത്വറ് സകാത് റമളാനിലെ പോരായ്മകള്‍ക്ക് പരിഹാരമാകും" (തുഹ്ഫ 3/305).

2) 'അത്യാവശ്യമില്ലാത്തതും, എന്നാല്‍ അനുവദനീയവുമായ അമിത സംസാരങ്ങള്‍, ഗീബത്ത് പോലോത്ത തെറ്റുകള്‍ എന്നിവയില്‍ നിന്നുള്ള ശുദ്ധീകരണമാണ് ഫിത്വറ് സകാത്' എന്ന് സ്വഹീഹായ ഹദീസുകളില്‍ വന്നിട്ടുണ്ട്(ഫത്ഹുല്‍ മുഈന്‍-171).

3) നാം അനുഷ്ഠിച്ച നോമ്പ് ആകാശഭൂമിക്കിടയില്‍ നില്‍ക്കുമ്പോള്‍ അതിനെ ഉയര്‍ത്തുന്നത് ഫിത്വറ് സകാതിലൂടെയാണ് (തുഹ്ഫ 3/305).

4) പെരുന്നാളിന്‍റെ സന്തോഷദിനങ്ങളില്‍ ആരുംതന്നെ വിശപ്പനുഭവിക്കുന്നവരായിരിക്കരുതെന്നും യാചനയില്ലാതെ തന്നെ, അവര്‍ക്കാവശ്യമായ, നാട്ടിലെ മുഖ്യാഹാരം അവരിലേക്ക് എത്തിക്കണമെന്നുമാണ് ഫിത്വറ് സകാതിലൂടെ ഇസ്‌ലാം താല്‍പര്യപ്പെടുന്നത് (തുഹ്ഫ 3/309).

5) ഫിത്റ് സകാത് ദരിദ്രന്‍റെ അവകാശമാണ്. ധനികന്‍റെ ഔദാര്യമല്ല. അതിനാല്‍ അഭിമാനബോധത്തോടെ ആഘോഷത്തെ വരവേല്‍ക്കാം

നിര്‍ബന്ധം ആര്‍ക്ക് ?

ചെറിയപെരുന്നാള്‍ പകലിലും രാത്രിയിലും തനിക്കും താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായ ആശ്രിതര്‍ക്കുമുള്ള ഭക്ഷണം, വസ്ത്രം, പാര്‍പിടം, ആവശ്യമായ സേവകന്‍, കടം എന്നിവ കഴിച്ച് ബാക്കി വല്ലതും ശേഷിച്ചാല്‍ ഫിത്വറ് സകാത് നല്‍കല്‍ നിര്‍ബന്ധമാണ്. അവധിയെത്തിയ കടവും പിന്നീട് നല്‍കേണ്ട കടവും ഈ വിഷയത്തില്‍ വിത്യാസമില്ല. കടം നല്‍കിയവന്‍ വൈകിപ്പിക്കുന്നത് തൃപ്തിപ്പെട്ടാലും ശരി(ഫത്ഹുല്‍ മുഈന്‍ 172). ചെലവ് കഴിച്ച് ബാക്കിയുള്ളത് എന്നതിനര്‍ത്ഥം പണം മാത്രമല്ല, മറ്റു സമ്പത്തുകൂടി ഉള്‍പ്പെടുന്നതാണ്. ഫിത്വറ് സകാതിന് മതിയായ ധനമില്ലാത്തവന്‍ അതിന് വേണ്ടി ജോലി ചെയ്ത് ധനം സമ്പാധിക്കല്‍ നിര്‍ബന്ധമില്ല. എന്നാല്‍ അവന്‍റെ വീഴ്ഛമൂലം മുമ്പ് വീട്ടാതെ പോയ സകാതിന് വേണ്ടി ജോലി ചെയ്യല്‍ നിര്‍ബന്ധവുമാണ്. ഇന്ന് സമൂഹത്തിലെ മിക്ക ജനങ്ങ ളും ഫിത്വറ് സകാത് നല്‍കാന്‍ ബാധ്യതയുള്ളവര്‍തന്നെയായിരിക്കും. വളര്‍ത്തുമൃഗങ്ങള്‍ക്കാവശ്യമായ ചെലവും പെരുന്നാള്‍ ദിവസത്തിലെ ചെലവിന്‍റെ പരിധിയില്‍ വരുന്നതാണ്(തുഹ്ഫ 3/312). എന്നാല്‍ ശവ്വാല്‍ പിറവി സമയത്ത് മതിയായ സാമ്പത്തികശേഷിയില്ലാത്തവന്ന് പെരുന്നാള്‍ ദിവസം പെട്ടെന്ന് കഴിവുണ്ടായാല്‍ സകാത് നല്‍കല്‍ സുന്നത്താണ്. നിര്‍ബന്ധമില്ല (തുഹ്ഫ 3/312).

എപ്പോള്‍ നല്‍കണം?

ഫിത്വറ് സകാത് നിര്‍ബന്ധമാവുന്നത് ശവ്വാല്‍ മാസപ്പിറവിയോട്കൂടെയാണെങ്കിലും അത് നല്‍കുന്ന സമയങ്ങളെ പൊതുവെ നാലായി തരംതിരിക്കാം. കൊടുക്കുന്ന സമയത്തിന്‍റെ വ്യത്യാസമനുസരിച്ച് വിധിയും മാറികൊണ്ടിരിക്കും. ഫിത്വറ് സകാത് വിതരണത്തിന് പൊതുവെ അഞ്ച് സമയങ്ങളുണ്ടെന്ന് ഇആനത്തു ത്വാലിബീൻ (2/174) രേഖപ്പെടുത്തുന്നു.

1) അനുവദനീയമായ സമയം: 
റമളാന്‍ ഒന്ന്മുതല്‍ പെരുന്നാള്‍ മാസപ്പിറവി വരെയുള്ള സമയമാണ് കൊടുക്കല്‍ അനുവദനീയമായ സമയം. പക്ഷെ, പെരുന്നാള്‍ മാസപ്പിറവിയുടെ സമയത്ത് സകാത് സ്വീകരിച്ചവന്‍ അതിന് യോഗ്യനായി സ്ഥലത്തുണ്ടാവണമെന്ന നിബന്ധനയുണ്ട്.

2) നിർബന്ധമാകുന്ന സമയം:- റമളാനിൻ്റെ സൂര്യാസ്തമയത്തോട് കൂടി ഫിത്വറ് സകാത് കൊടുക്കൽ നിർബന്ധമാകുന്ന സമയമായി.

3) സുന്നത്തായ സമയം:
റമളാനിലെ സൂര്യന്‍ അസ്തമിച്ച് സകാത് നിര്‍ബന്ധമായത് മുതല്‍ പെരുന്നാള്‍ നിസ്കാരം ആരംഭിക്കുന്നത് വരെയാണ് സകാത് നല്‍കല്‍ സുന്നത്തായ സമയം. ഫിത്വറ് സകാത് വിതരണ സൗകര്യാര്‍ത്ഥം ചെറിയപെരുന്നാള്‍ നിസ്കാരം അല്‍പം വൈകി ആരംഭിക്കലാണ് സുന്നത്ത്.

4) കറാഹത്തായ സമയം:
പെരുന്നാള്‍ നിസ്കാരത്തിന് ശേഷം അസ്തമയം വരെയുള്ള സമയമാണ് കറാഹത്തായി പരിഗണിക്കുന്നത്. എന്നാല്‍ അടുത്ത കുടുംബക്കാരന്‍, അയല്‍വാസി, തുടങ്ങിയവര്‍ക്ക് നല്‍കാന്‍ വേണ്ടി നിസ്കാര ശേഷത്തേക്ക് പിന്തിക്കൽ സുന്നത്താണ്. അതേ സമയം മേൽപറയപ്പെട്ടവർക്ക് വേണ്ടിയാണെങ്കിലും പെരുന്നാൾ അസ്തമയത്തിലേക്ക് പിന്തിക്കൽ കുറ്റകരമാണ് (ഫത്ഹുൽ മുഈൻ)

5) ഹറാമായ സമയം:
 പെരുന്നാള്‍ പകലിലെ അസ്തമയത്തിന് ശേഷത്തേക്ക് പിന്തിക്കല്‍ ഹറാമാണ്. പെരുന്നാള്‍ പകലില്‍ സകാതിന്‍റെ മുതലെടുത്ത് അടുത്ത വീട്ടില്‍ കൊണ്ട്പോയി വെക്കുന്നത് കൊണ്ട് ഹറാമില്‍ നിന്ന് രക്ഷപ്പെടുകയോ ബാധ്യത വീടുകയോ ഇല്ല. പ്രത്യുത, അവകാശികളിലേക്കെത്തി എന്ന് ഉറപ്പ് വരുത്തണം.



നിയ്യത്ത് എപ്പോള്‍, എങ്ങിനെ?

മറ്റു ഏത് കര്‍മ്മങ്ങളെയുംപോലെ ഫിത്വറ് സകാതും നിയ്യത്തില്ലാത്ത പക്ഷം അസാധുവാകുന്നതാണ്. 'ഇത് എന്‍റെയും എന്‍റെ ആശ്രിതരുടേയും ഫിത്വറ് സകാതാണ്' എന്ന് നിയ്യത്ത് ചെയ്താല്‍ മതിയാവും. ആര്‍ക്കാണോ സകാത് നല്‍കാന്‍ ബാധ്യതയുള്ളത് അയാള്‍ തന്നെയാണ് നിയ്യത്ത് ചെയ്യേണ്ടത്. എന്നാല്‍ നിയ്യത്ത് വെക്കേണ്ട സമയത്തെ പൊതുവെ നാലായി തിരിക്കാം.

1) സകാത് വസ്തു അളന്ന് നീക്കിവെക്കുമ്പോള്‍.

2) സകാത് അവകാശികള്‍ക്ക് നല്‍കുമ്പോള്‍ (സ്വന്തമായി നല്‍കുകയാണെങ്കില്‍).

3) വകീലിനേയോ ഭരണാധികാരിയേയോ ഏല്‍പിക്കുമ്പോള്‍.

4) അളന്ന് നീക്കി വെച്ച് ഓഹരി ചെയ്യുന്നതിനിടയില്‍(ഫതുഹുല്‍ മുഈന്‍-176).

എന്താണ് നല്‍കേണ്ടത്?

നാട്ടിലെ മുഖ്യ ആഹാരമായി ഉപയോഗിക്കുന്ന ധാന്യത്തില്‍ നിന്നാണ് നല്‍കേണ്ടത്. ഒരു നാട്ടില്‍ ഒന്നിലതികം മുഖ്യാഹരങ്ങ ളുണ്ടാവുകയും രണ്ടും തുല്ല്യമാവുകയും ചെയ്താല്‍ ഇഷ്ടമുള്ളത് നല്‍കാം. എന്നാല്‍ ഒരാളുടെ സകാത് വിഹിതം രണ്ട് തരം ധാന്യങ്ങളില്‍ നിന്നായാല്‍ സ്വീകാര്യമാവുകയില്ല. ധാന്യങ്ങളില്‍ നിന്ന് മുന്തിയ ഇനം നല്‍കലാണ് ഉത്തമം. ധാന്യം പൊടിയാക്കിമാറ്റിയത് സകാതായി നല്‍കിയാല്‍ സകാത് വീടുകയില്ല. അപ്രകാരം തന്നെ ധാന്യം കൊണ്ട് പത്തിരി, പായസം, എന്നിവയുണ്ടാക്കി നല്‍കിയാലും മതിയാവില്ല. അത് അവകാശികള്‍ക്ക് സൗകര്യം ചെയ്യലല്ലേ എന്ന ന്യായം ഇവിടെ പരിഗണിക്കുകയില്ല. കാരണം ഇഷ്ടാനുസരണമുള്ള ഉപയോഗത്തിന് ധാന്യം തന്നെ നല്‍കലാണ് ഫലപ്രദം (തുഹ്ഫ, ശര്‍വാനി 3/325).

വില മതിയാവില്ലേ?

ശാഫിഈ മദ്ഹബ് പ്രകാരം ധാന്യത്തിന് പകരം വില നല്‍കല്‍ മതിയാവില്ല (തുഹ്ഫ 3/324). കാരണം ഫിത്വറ് സകാത് ശരീരവുമായി ബന്ധപ്പെട്ട സകാത് ആയതിനാല്‍ ശരീരവുമായി കൂടുതല്‍ ബന്ധപ്പെട്ട നാട്ടിലെ മുഖ്യാഹാരം തന്നെ നല്‍കണം. ഫിത്വറ് സകാതിന് സകാതുല്‍ ബദന്‍ എന്നും പേരുണ്ടെന്ന് മുമ്പ് സൂചിപ്പിച്ചതോര്‍ക്കുമല്ലോ. ഫിത്വറ് സകാതിന്‍റെ ധാന്യം വാങ്ങാന്‍ ആവശ്യമായിവരുന്ന പണം ഒരാള്‍ക്ക് നല്‍കുകയും ഇത് കൊണ്ട് നീ അരി വാങ്ങി എന്‍റെ ഫിത്വര്‍ സകാതായി എടുക്കുകയും ചെയ്തോ എന്ന് പറഞ്ഞാല്‍ അത് മതിയാവില്ല. വിദേശനാടുകളില്‍ നടക്കുന്നെതെല്ലാം ശാഫിഈ മദ്ഹബ് പ്രകാരം അല്ലാത്തിനാല്‍ ഗള്‍ഫ് സുഹൃത്തുക്കള്‍ തല്‍വിഷയത്തില്‍ ജാഗ്രത പാലിക്കണം. സകാതായിട്ട് വില നല്‍കിയാല്‍ മതിയാവില്ലെങ്കിലും കിട്ടിയവന്ന് അത് വില്‍പന നടത്തി വിലയാക്കാവുന്നതാണ്.

നല്‍കേണ്ട അളവ് എത്ര?

ഒരു വ്യക്തിക്ക് ഒരു സ്വാഅ്(3.200 ലിറ്റര്‍) എന്ന തോതിലാണ് നല്‍കേണ്ടത്. ഒരു സ്വാഅ് എന്ന് പറഞ്ഞാല്‍ നാല് മുദ്ധ് ആണ്. നബി(സ)യുടെ കാലത്തുണ്ടായിരുന്ന പാത്രങ്ങള്‍ 'മുദ്ദുന്നബവിയ്യ്' എന്ന പേരില്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. അത് വാങ്ങി ഉപയോഗിക്കാവുന്നതാണ്. അളവാണ് അടിസ്ഥാനപരമായി സ്ഥിരപ്പെട്ടത് എന്നതിനാല്‍ തൂക്കം പലപ്പോഴും കൃത്യമാവണമെന്നില്ല. ധാന്യത്തിന്‍റെ കനവും കട്ടിയുമനുസരിച്ച് വ്യത്യാസപ്പെടും. എങ്കിലും ഒരാള്‍ക്ക് 2.700 കി.ഗ്രാം എന്ന നിലയില്‍ നല്‍കിയാല്‍ ഇന്ന് പൊതുവെ ലഭിക്കാറുള്ള ധാന്യങ്ങ ളുടെ അളവിനോട് അത് തുല്ല്യമാവും.

ആര്‍ക്കാണ് നല്‍കേണ്ടത്?

സകാതിന്‍റെ അവകാശികള്‍ പൊതുവെ എട്ട് വിഭാഗമാണ്. എന്നാല്‍ അവയില്‍ അടിമ, സകാത് ഉദ്യോഗസ്ഥന്‍, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവന്‍ എന്നിവര്‍ ഇന്ന് ലഭ്യമല്ല. ബാക്കിവരുന്ന ഫഖീര്‍, മിസ്കീന്‍, പുതുതായി മതം സ്വീകരിച്ചവന്‍, കടക്കാരന്‍, യാത്രക്കാരന്‍, എന്നീ അഞ്ച് വിഭാഗത്തെയാണ് ഇന്ന് ലഭിക്കുക. ലഭ്യമായ ഓരോ വിഭാഗത്തില്‍ നിന്നും മൂന്നാള്‍ക്ക് വീതമാണ് നല്‍കേണ്ടത്. അപ്പോള്‍ അഞ്ച് വിഭാഗത്തില്‍ നിന്നായി പതിനഞ്ച് ആളുകള്‍ക്ക് നല്‍കേണ്ടിവരും. ഒരു വിഭാഗത്തിലെ മൂന്നാള്‍ക്ക് നല്‍കിയാല്‍ മതിയെന്ന് സുബ്കി ഇമാമിനും കേവലം ഒരാള്‍ക്ക് നല്‍കിയാല്‍ മതിയാകുമെന്ന് അദ്റഈ(റ)വിനും അഭിപ്രായങ്ങളുണ്ട്(തുഹ്ഫ 7/169). തനിക്ക് തരാനുള്ള കടത്തിലേക്ക് തിരിച്ച് നല്‍കണമെന്ന വ്യവസ്ഥയില്‍ നല്‍കിയാല്‍ സകാത് വീടില്ല. പക്ഷെ കൊടുത്തവന്‍ അവകാശിയാണെങ്കില്‍ അത് തന്നെ വാങ്ങുന്നതില്‍ കുഴപ്പമില്ല(ശര്‍വാനി 3/319). വ്യവസ്ഥ പാടില്ലെന്ന് മാത്രം. വാങ്ങിയവനും നല്‍കിയവനും ഒന്നാവുന്നത് തെറ്റല്ലെന്ന് ചുരുക്കം.



സകാത്ത് കമ്മിറ്റിക്ക് നല്‍കിയാല്‍ മതിയാകുമോ?

ഫിത്വറ് സകാത്ത് ദായകന്‍ തന്നെ നേരിട്ട് നല്‍കലാണ് ഏറ്റവും ഉത്തമം. എന്നാല്‍ ഫിത്വറ് സകാതിന്‍റെ വിതരണത്തിന് മൂന്നില്‍ ഏതെങ്കിലും ഒരു മാര്‍ഗം അവലംബിക്കാവുന്നതാണ്.

1) സകാത് നിര്‍ബന്ധമായവന്‍ നേരിട്ട് അവകാശികളിലേക്ക് എത്തിക്കുക.

2) വിശ്വസ്തനും യോഗ്യനുമായ വകീലിനെ ഏല്‍പിക്കുക.

3) ഇസ്‌ലാമിക ഭരണാധികാരിയെ ഏല്‍പിക്കുക. ഇവിടെ ഇസ്‌ലാമിക ഭരണാധികാരി ഇല്ലാത്തതിനാല്‍ ആ മാര്‍ഗം ഇന്ന് അവലംബിക്കാവുന്നതല്ല. യോഗ്യനായ വകീലിനെ ഏല്‍പിക്കുന്നതിന്‍റെ പരിധിയില്‍ ഇന്നത്തെ സകാത് കമ്മിറ്റികള്‍ ഉള്‍പെടുകയില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കുക.

സകാത് കമ്മിറ്റിക്ക് നല്‍കിയാല്‍ മതിയാവാത്തതിന്‍റെ കാരണങ്ങള്‍

1) മേല്‍ പറയപ്പെട്ട മൂന്ന് മാര്‍ഗങ്ങ ളുടേയും പരിധിയില്‍ സകാത് കമ്മിറ്റി പെടുന്നില്ല.

2) വകീല് നിശ്ചിത വ്യക്തിയായിരിക്കണം.(തുഹ്ഫ 5/298) കമ്മിറ്റി നിശ്ചിത വ്യക്തിയല്ലല്ലോ.

3) സകാത് കമ്മിറ്റിയെ ഏല്‍പിച്ചവനിലേക്ക് അവന്‍റെ സകാത് മുതല്‍ തന്നെ മടങ്ങിവന്നേക്കും. അത് സ്വീകാര്യമല്ല.

4) വകാലത്ത് ഏല്‍പിക്കപ്പെട്ടവനെ പിന്‍വലിക്കാന്‍ സൗകര്യമുണ്ടായിരിക്ക ണം (ഫത്ഹുല്‍മുഈന്‍ 271). സകാത് കമ്മിറ്റിയില്‍ ആ സൗകര്യമുണ്ടാവണമെന്നില്ല.

5) ഫിത്വറ് സകാത് പോലുള്ള രഹസ്യ സമ്പത്തുകളുടെ സകാത് പിടിച്ചു വാങ്ങാന്‍ ഇസ്ലാമിക ഭരണാധികാരിക്ക് പോലും അവകാശമില്ല. എന്നല്ല ഹറാമുമാണ്(ഖല്‍യൂബി 2/43). അതിനാല്‍ സകാത് കമ്മിറ്റിക്ക് ഒരിക്കലും ആ അവകാശം ഉണ്ടാവില്ലല്ലോ.

6) സകാത് ദായകന്‍തന്നെ നേരിട്ട് നല്‍കുന്നതാണ് വകീലിനെ ഏല്‍പ്പിക്കുന്നതിനേക്കാള്‍ ഉത്തമം. സകാത്ത് കമ്മിറ്റി ഇതിനെതിരാണ്. കാരണം സകാത്ത് അവകാശിയിലേക്ക് എത്തി എന്ന ഉറപ്പ് അവന് ലഭിക്കുമല്ലോ (മഹല്ലി 2/42,43). ഇമാം ഇബ്നു ഖാസിം(റ) പറഞ്ഞു: സകാത് സ്വയം വിതരണം ചെയ്യുകയോ അല്ലെങ്കില്‍ ഇമാമിലേക്ക് ഏല്‍പിക്കുകയോ (ഇമാം ഉണ്ടെങ്കില്‍) ചെയ്യലാണ് വകാലത്ത് ഏല്‍പിക്കുന്നതിനേക്കാള്‍ പുണ്യം എന്നതില്‍ തര്‍ക്കമില്ലതന്നെ(ഇബ്നു ഖാസിം 3/345). എന്നാല്‍ സകാത് നല്‍കാന്‍ വിസമ്മതിക്കുന്നവരോട് കൊടുക്കാന്‍ വേണ്ടി കല്‍പിക്കല്‍ ജനങ്ങളില്‍ നിന്ന് ഓരോര്‍ത്തര്‍ക്കും ബാധ്യതയാണ് (ശര്‍വാനി 3/345). ഇതിന്‍റെ അടിസ്ഥാനത്തില്‍ സകാത് സംബന്ധമായി ജനങ്ങളെ ബോധവല്‍ക്കരിക്കാനും സകാതിന്‍റെ അവകാശികളിലേക്ക് ജനശ്രദ്ധ ക്ഷണിക്കാനും ആളുകള്‍ സംഘം ചേരുകയോ ഒരു കമ്മിറ്റിയായി പ്രവര്‍ത്തിക്കുകയോ ചെയ്യുന്നതില്‍ തെറ്റില്ല. എന്നല്ല, അത് പ്രോത്സാഹനാര്‍ഹവുമാണ്. ഒന്നിച്ച് താമസിക്കുന്ന കുടുംബക്കാരോ മറ്റോ ആയ ഒന്നിലധികം ആളുകള്‍ അവരുടെ സകാത് വെവ്വേറെ ശേഖരിച്ച് നിയ്യത്ത് ചെയ്ത ശേഷം അവ ഒരുമിച്ച്ക്കൂട്ടി അവകാശികള്‍ക്ക് വിതരണം ചെയ്യുന്ന പതിവിനെയാണ് ഉംദയില്‍ അനുവദനീയം എന്ന് പറഞ്ഞത്. അത് ഇന്നത്തെ സംഘടിത സകാത്തിന്‍റെ പരിധിയില്‍ പെടില്ല. കാരണം സകാതിന്‍റെ ഉടമസ്ഥര്‍ സംഘടിക്കുന്ന വിഷയം മാത്രമാണ് അവിടത്തെ ചര്‍ച്ച.

തങ്ങന്‍മാര്‍ക്കും അമുസ്‌ലിമിനും നല്‍കാമോ?

സകാത് ഇസ്ലാമിന്‍റെ ആരാധനയുമായി ബന്ധപ്പെട്ടതാകയാല്‍ അത് അമുസ്ലിമിന് നല്‍കരുത്. അവര്‍ക്ക് വേണമെങ്കില്‍ സ്വദഖയായിട്ട് വേറെ നല്‍കാം. അവരുടെ പ്രത്യേകമായ പൂജാ കര്‍മ്മങ്ങളിലും മറ്റും മുസ്ലിംകളും പങ്കെടുക്കാറില്ലല്ലോ. ഇതില്‍ ഒരിക്കലും വര്‍ഗീയത കടന്നുവരുന്നില്ല. നബി(സ)യുടെ കുടുംബക്കാരായ തങ്ങന്‍മാര്‍ക്കും അത് നല്‍കരുത് എന്ന് ഇസ്ലാം ശ്വാസിക്കുന്നു. കാരണം സകാത് ജനങ്ങളുടെ അവശിഷ്ടമാണല്ലോ. അത് നബികുടുംബത്തിന്‍റെ മാഹാത്മ്യത്തിന് യോജിച്ചതല്ല. സകാത് മുതലായി നബി(സ)യുടെ വീട്ടിലെത്തിയ ഈത്തപഴത്തില്‍ നിന്ന് ഒരു ചുളയെടുത്ത് ചെറിയ കുട്ടിയായ ഹസന്‍(റ) വായിലിട്ടപ്പോള്‍ നബി(സ) ഓടിയെത്തുകയും അതെടുത്തുമാറ്റുകയും ചെയ്തു. ഇത് എന്‍റെ കുടുംബത്തിന് അനുവനീയമല്ലെന്നറിയില്ലേ എന്ന് ചോദിച്ച് ഗുണദോഷിക്കുകയും ചെയ്തു(രിയാളുസ്സ്വാലിഹീന്‍). ചെറിയ കുട്ടിയാണെന്നതോ വായിലിട്ടു കഴിഞ്ഞ താണെന്നതോ നബി(സ) പരിഗണിച്ചില്ല.(കുട്ടികളാണെങ്കിലും അനര്‍ഹമായി ഒന്നും ഭക്ഷിപ്പിക്കരുതെന്ന് ഈ സംഭവം പഠിപ്പിക്കുന്നു). എന്നാല്‍ തങ്ങന്‍മാര്‍ക്ക് യുദ്ധമുതലിന്‍റെ വിഹിതം ലഭിക്കാത്ത ഈ കാലത്ത് നല്‍കാന്‍ പറ്റും എന്ന അഭിപ്രായം ചില പണ്ഡിതര്‍ ഉദ്ധരിക്കുന്നുണ്ട്. അത് പ്രബലമല്ലാത്തതിനാല്‍ ആ അഭിപ്രായപ്രകാരം സകാത് നല്‍കുമ്പോള്‍ ഇത് സകാത് മുതലാണ് എന്ന് പ്രത്യേകം അവരെ അറിയിക്കണം. സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് ശ്രദ്ധിക്കാന്‍ അത് ഉപകരിക്കാമല്ലോ.(തര്‍ശീഹ്-156).

കുടുംബക്കാര്‍ക്ക് നല്‍കാമോ?

താന്‍ ചെലവ് കൊടുക്കല്‍ ബാധ്യതയില്ലാത്ത ഏത് കുടുംബക്കാരനും സകാതിന് അര്‍ഹനാണെങ്കില്‍ നല്‍കാവുന്നതാണ്. എന്നല്ല അതില്‍ കുടുംബസഹായം എന്ന പുണ്യകര്‍മ്മം കൂടിയുള്ളതിനാല്‍ കൂടുതല്‍ പ്രതിഫലാര്‍ഹമാണ്. ഭര്‍ത്താവ് സകാതിനര്‍ഹനാണെങ്കില്‍ ഭാര്യയുടെ സകാത് ഭര്‍ത്താവിന് തന്നെ കൊടുക്കാം. കാരണം ഭാര്യ ഭര്‍ത്താവിന് ചെലവ് നല്‍കേണ്ടതില്ലല്ലോ. എന്നാല്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമുള്ള ഭാര്യ, മക്കള്‍(അവര്‍ എത്ര താഴോട്ട് പോയാലും) മതാപിതാക്കള്‍ (അവര്‍ എത്ര മേല്‍പോട്ട് പോയാലും) എന്നിവര്‍ക്ക് പറ്റില്ല. എന്നാല്‍ താന്‍ ചെലവ് കൊടുക്കുന്ന മാതാപിതാക്ക ള്‍ തന്‍റെ ചെലവ്കൊണ്ട് മതിയായവരാണെങ്കിലേ സകാത്ത് നല്‍കാന്‍ പാടില്ലെന്ന് വരുള്ളൂ. തന്‍റെ ചെലവ് കൊണ്ട് അവര്‍ക്ക് മതിയാകാതിരിക്കുകയോ അല്ലെങ്കില്‍ നിര്‍ബന്ധമില്ലാതെ ചെലവ് കൊടുക്കുകയോ ആണെങ്കില്‍ അവര്‍ക്ക് മക്കളുടെ സകാത്ത് സ്വീകരിക്കാവുന്നതാണ്. സഹോദരന്‍, സഹോദരി, അവരുടെ സന്താനങ്ങള്‍ എന്നിവര്‍ക്കെല്ലാം സകാത്ത് നല്‍കാം. മതാപിതാക്കള്‍ക്ക് നല്‍കുമ്പോള്‍ ആ വീട്ടില്‍ താമസിക്കുന്ന തന്‍റെ ഭാര്യ സന്താനങ്ങള്‍ അത് ഭക്ഷിക്കുന്നത് കൊണ്ട് തെറ്റില്ല. കൊടുക്കുന്നതോടെ വസ്തു അവരുടേതായി. അവര്‍ക്കത് ഇഷ്ടംപോലെ ചെയ്യാം. സ്വന്തമായി ജോലിയുള്ളതും പിതാവിന് ചെലവ് നിര്‍ബന്ധവുമില്ലാത്ത വലിയമക്കള്‍ സകാതിന് അര്‍ഹരാണെങ്കില്‍ അവര്‍ക്കും നല്‍കാവുന്നതാണ്. സകാത് വിതരണത്തില്‍ അടുത്ത കുടുംബക്കാരെയും സജ്ജനങ്ങ ളെയും പ്രത്യേകം പരിഗണിക്കണം. എന്നാല്‍ അവര്‍ സാമ്പത്തിക ഭദ്രതയുള്ളവരാണെങ്കില്‍ നല്‍കരുത്. സ്വന്തത്തെ കുറിച്ച് മുതലാളിയാണെന്ന് ബോധ്യമുള്ളവനിലേക്ക് ആരെങ്കിലും സകാത് നല്‍കിയാല്‍ നല്‍കിയവന്‍റെ സകാത് വീടുകയില്ലെന്ന കാര്യം അവനെ ബോധ്യപ്പെടുത്തുകയും അവകാശിയെ നിര്‍ദ്ദേശിച്ച്കൊടുക്കുകയും വേണം. അയല്‍വാസി എന്ന പരിഗണനയില്‍ മുതലാളിക്ക് നല്‍കാനോ നല്‍കിയാല്‍ സ്വീകരിക്കാനോ പാടില്ല.

വലിയ മക്കളുടെ സകാത്?

പ്രായപൂര്‍ത്തി എത്തിയവരും സാമ്പത്തികശേഷിയുള്ളവരുമായ മക്കളുടെ സകാത് അവര്‍ തന്നെയാണ് നല്‍കേണ്ടത്. അവന്‍റെ ഭാര്യ- സന്താനങ്ങളുടേതും അവന്‍ നല്‍കണം. അവന്‍റേതോ, അവന്‍റെ ഭാര്യ- സന്താനങ്ങളുടേതോ കുടുംബനാഥന്‍ നല്‍കുകയാണെങ്കില്‍ പ്രത്യേകം സമ്മതമോ ഏല്‍പനയോ ആവശ്യമാണ്. അതും പൊതുവായ ഏൽപന മതിയാവില്ല. സകാത്ത് പ്രത്യേകമായി തന്നെ ഏൽപിക്കണം

ആരുടേതെല്ലാം നല്‍കണം?

താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമുള്ള ഭാര്യ, മക്കള്‍, മാതാപിതാക്കള്‍ എന്നിവരുടേതെല്ലാം നല്‍കണം. എല്ലാവരുടേതിനും തികയാതെവന്നാല്‍ ആദ്യം സ്വന്തത്തിനും പിന്നെ ഭാര്യ, ചെറിയ മക്കള്‍, പിതാവ്, മാതാവ് എന്നീ ക്രമത്തിലാണ് നല്‍കേണ്ടത്. സാമ്പത്തികശേഷിയുള്ള ചെറിയ കുട്ടിയുടെ സകാത് പിതാവിന് നിര്‍ബന്ധമില്ല. അവന്‍റെ സ്വത്തില്‍നിന്ന് നല്‍കണം. രക്ഷിതാവ് കൊടുത്താലും വീടുന്നതാണ് (തുഹ്ഫ 3/325). ഭാര്യ, എത്ര സമ്പന്നയാണെങ്കിലും നിര്‍ബന്ധം ഭര്‍ത്താവിനാണ്. ഭര്‍ത്താവിന് കഴിവില്ലാത്ത പക്ഷം രണ്ട് പേര്‍ക്കും നിര്‍ബന്ധമില്ല. ഭര്‍ത്താവ് ദരിദ്രനായതിനാലും ഭാര്യ, തന്‍റെ ശരീരത്തെ ഭര്‍ത്താവിന് ഏല്‍പിച്ചതിനാലുമാണിത്. എങ്കിലും ഭാര്യക്ക് നല്‍കല്‍ സുന്നത്താണ്(തുഹ്ഫ 3/316). എന്നാല്‍ പിണങ്ങിപ്പോയ ഭാര്യക്ക് വേണ്ടി ഭര്‍ത്താവ് സകാത്ത് നല്‍കല്‍ നിര്‍ബന്ധമില്ല. 
ജാരസന്തതിയുടെ സകാത് മാതാവിനാണ് നിര്‍ബന്ധമാവുന്നത്. മാസപിറവിക്ക് മുമ്പ് തുടങ്ങിയ പ്രസവം മാസപിറവിക്ക് ശേഷമാണ് പൂര്‍ത്തിയായതെങ്കില്‍ ആ കുട്ടിക്ക് സകാത് നല്‍കേണ്ടതില്ല. മാസപിറവിയുടെ ഒരു സെക്കന്‍റ് മുമ്പ് ജനിച്ചതോ ഒരു സെക്കന്‍റ് ശേഷം മരിച്ചതോ ആയ വ്യക്തിക്ക് സകാത് കൊടുക്കണം. മാസപിറവിയുടെ മുമ്പും ശേഷവുമുള്ള ഒരു സെക്കന്‍റിനെയെങ്കിലും എത്തിച്ചു എന്നതാണ് കാരണം. 

 


ചുരുക്കത്തില്‍ സകാത് കൊടുക്കാന്‍ പാടില്ലാത്തവരെ ഇപ്രകാരം ഗ്രഹിക്കാം.
1) സകാതിന്‍റെ അവകാശികളായ എട്ട് വിഭാഗത്തില്‍ പെടാത്തവര്‍.

2) അവകാശികളില്‍ പെട്ടവനാണെങ്കിലും ചെലവ് കൊടുക്കാന്‍ ബാധ്യതയുള്ളവര്‍.

3) അമുസ്‌ലിംകൾ.

4) മുസ്ലിംകളില്‍നിന്ന് തന്നെ നബി(സ)യുടെ കുടുംബക്കാരായ തങ്ങന്‍മാര്‍. 
തിരുനബി(സ)യെയും തിരു സ്വഹാബത്തിനെയും ഇകഴ്ത്തുന്ന പുത്തന്‍വാദികളോട് നമുക്ക് ആദര്‍ശപ്പൊരുത്തമില്ലാത്തതിനാല്‍, എല്ലാത്തിലുമെന്നപോലെ ഫിത്വ്‌റ് സകാതിലും അവരുമായി കൊടുക്കല്‍ വാങ്ങല്‍ ഇല്ലാതെ സൂക്ഷിക്കുകയാണ് വേണ്ടത്.

എവിടെ നല്‍കണം?

റമളാനിന്‍റെ അവസാന സൂര്യാസ്തമയ സമയം താന്‍ എവിടെയാണോ ഉള്ളത് അവിടെയാണ് സകാത് കൊടുക്കേണ്ടത്. താന്‍ സകാത് കൊടുക്കാന്‍ ബാധ്യതയുള്ളവര്‍ എവിടെയാണോ ഉള്ളത് അവര്‍ക്ക്‌ അവിടെയും നല്‍കണം. യാത്രക്കാരന്‍ പ്രസ്തുത സമയത്ത് എത്തിയ സ്ഥലത്ത് സകാത് നല്‍കേണ്ടത്.

ഗള്‍ഫുകാരുടെ സകാത്?


ഗള്‍ഫു സുഹൃത്തുക്കള്‍ തങ്ങളുടെ സകാത് അവിടെ തന്നെയാണ് നല്‍കേണ്ടത്. അവിടെ നല്‍കാന്‍ പറ്റാത്ത സാഹചര്യങ്ങളുണ്ടായാല്‍ തൊട്ടടുത്ത നാട്ടില്‍ കൊടുക്കണം. ദൂരത്തുള്ള നാട്ടില്‍ കൊടുക്കരുത്. ഗള്‍ഫുകാര്‍ തങ്ങളുടെ സകാത് നല്‍കാന്‍ വീട്ടുകാരെ ഏല്‍പിക്കുന്ന പ്രവണത പ്രബലാഭിപ്രായപ്രകാരം ശരിയല്ല. മറുനാട്ടിലേക്ക് നീക്കം ചെയ്യാം എന്ന പ്രബലമല്ലാത്ത അഭിപ്രായപ്രകാരം നാട്ടില്‍ കൊടുക്കാം. പക്ഷെ, ആ അഭിപ്രായം പിന്‍പറ്റി കര്‍മ്മം ചെയ്തതാണെന്ന് പ്രത്യേകം കരുതണം. അപ്രകാരം നാട്ടിലുള്ള ഭാര്യ- സന്താനങ്ങളുടെ സകാത് നല്‍കാന്‍ ബാധ്യതയുള്ളത് ഗള്‍ഫുകാരനായ ഭര്‍ത്താവിനാണ്. നാട്ടുകാരനായ കുടുംബ നാഥന്‍റെ മേല്‍നോട്ടത്തില്‍ അവര്‍ വീട്ടില്‍ കഴിയുന്നു എന്നത്കൊണ്ട് സകാത് അയാള്‍ നല്‍കിയാല്‍ മതിയാവില്ല. മറിച്ച്, ഗള്‍ഫുകാരന്‍ കുടുംബനാഥനെയോ മറ്റോ പ്രത്യേകം ഏല്‍പിക്കുക തന്നെ വേണം. ഇല്ലെങ്കില്‍ അങ്ങോട്ട് വിളിച്ച് സമ്മതമാക്കണം. എല്ലാം കുടുംബനാഥനെ ഏല്‍പിച്ചു എന്നത്കൊണ്ട് മതിയാവില്ല. സകാത് പ്രത്യേകം തന്നെ ഏല്‍പിക്കണം. വിദേശത്ത് ശവ്വാല്‍ മാസപിറവി കാണുകയും അവിടെ സകാത് നല്‍കുകയും ചെയ്ത ശേഷം, സ്വദേശത്തെ മാസപിറവിക്ക് മുമ്പ് നാട്ടിലെത്തുകയും മാസപിറവിക്ക് സാക്ഷിയാകുകയും ചെയ്താല്‍ നാട്ടില്‍ വീണ്ടും കൊടുക്കേണ്ടതില്ല (ശര്‍വാനി, ഇബ്നുഖാസിം 3/385).




സകാത്തും, ഫിത്വ്‌ർ സകാത്തും കടം കഴിച്ചാണോ കൊടുക്കേണ്ടത്‌? 
കടം ഉള്ളപ്പോൾ കൊടുക്കേണ്ടതുണ്ടോ?

മുതലിന്റെ സകാത്ത്‌ നിർബന്ധമാകുന്നയാൾ കടക്കാരനാണെങ്കിലും ബാധ്യത ഒഴിവാകുകയില്ല. ഫിത്വ്‌ർ സകാത്ത്‌ പെരുന്നാൾ രാത്രിയിലെയും പകലിലെയും തന്റെയും ബാധ്യതപ്പെട്ടവരുടെയും ചെലവുകളാദിയും തന്റെ കടവും കഴിച്ചു മിച്ചമുണ്ടെങ്കിലേ നിർബന്ധമാകുകയുള്ളൂ. ഫത്‌ഹുൽ മുഈൻ പേ: 172,173.

വീട്ടിൽ വച്ചു ഫിത്വ്‌ർ സകാത്തിനുള്ള അരി അളന്നുവച്ച്‌ അതിൽ നിന്നു ചെറിയ കുട്ടികളുടെ കൈവശം അവകാശികളിലേക്കു കൊടുത്തയക്കാറുണ്ടല്ലോ. 
ഈ കുട്ടി ആരുടെ റോളിലാണു നിലകൊള്ളുന്നത്‌? വക്കീലാണോ? അതോ മറ്റേതെങ്കിലും പേരിലോ?

ഫിത്വ്‌ർ സകാത്ത്‌ അവകാശികൾക്ക്‌ നൽകുന്നതിന്‌ കുട്ടികളെ ഏൽപ്പിക്കാവുന്നതാണ്‌. അപ്പോൾ അവർ വകീലുകൾ തന്നെയാണ്‌. പക്ഷേ, കുട്ടികളെ നിരുപാധികം വക്കീലാക്കാൻ പറ്റുകയില്ല. കൊടുക്കേണ്ട അവകാശിയെ നിർണ്ണയിച്ചു കൊടുത്ത്‌ ആ നിർണ്ണിത അവകാശിക്ക്‌ കൊടുക്കാൻ വേണ്ടി മാത്രമേ ഏൽപിക്കാവൂ. സകാത്തിന്റെ നിയ്യത്ത്‌ ഉടമ തന്നെ നിർവ്വഹിക്കുകയും വേണം. നിയ്യത്തും ഈ കുട്ടിയെ ഏൽപിച്ച്‌ അവനെ സ്വതന്ത്ര വക്കീലാക്കാവതല്ല. (ശർഹുബാഫള്‌ൽ: 2-155, ഫത്‌ഹുൽ മുഈൻ പേ: 117.)

ഗൾഫിലുള്ള എന്റെ ഭർത്താവ്‌ എന്റെയും കുട്ടികളുടെയും ഫിത്‌റു സകാത്തിനുള്ളത്‌ അയച്ചു തന്നില്ലെങ്കിൽ ഞാൻ കൊടുക്കേണ്ടതുണ്ടോ? ഇനി എങ്ങനെയെങ്കിലും ഞാൻ കടം മേടിച്ച്‌ എന്റെ ഫിത്‌റു സകാത്തു യഥാസമയം കൊടുത്താൽ കടമ വീടുമോ? ഭർത്താവ്‌ അയച്ചുതന്ന ശേഷം വീണ്ടും കൊടുക്കേണ്ടി വരുമോ?

ഭർത്താവ്‌ ഏൽപ്പിക്കുയോ അയക്കുകയോ ചെയ്യാതെ നിങ്ങൾ കൊടുക്കേണ്ടതില്ല. പ്രായപൂർത്തിയുള്ള നിങ്ങൾ നിങ്ങളുടേത്‌ എങ്ങനെയെങ്കിലും കൊടുത്തിട്ടുണ്ടെങ്കിൽ അതോടെ കടമവീടും. ഇനി വീണ്ടും കൊടുക്കേണ്ടി വരില്ല. തുഹ്ഫ: 3-310,317.

ഫിത്വ്‌ർ സകാത്ത്‌, നോമ്പിന്റെ ഫിദ്‌യ മുതലായവ കൊടുക്കുമ്പോൾ അതു വാങ്ങുന്നയാളെ അറിയിച്ചു കൊടുക്കേണ്ടതുണ്ടോ? കൊടുക്കുന്നയാൾ തന്നെ മനസ്സിൽ കരുതിയാൽ മതിയോ?

കൊടുക്കുന്നയാളെ അറിയിക്കണമെന്നില്ല. നിയ്യത്തു നിർബന്ധമാകുന്ന ദാനങ്ങൾക്ക്‌ മനസ്സിൽ കരുതിയാൽ മതിയാകും. അതാണു നിയ്യത്തും. (തുഹ്ഫ: 3-346 നോക്കുക).

ഫിത്‌ർ സകാത്തായി അരിപ്പൊടിയോ അരിയുടെ വിലയോ കൊടുക്കാൻ പറ്റുമോ?

നാട്ടിലെ മികച്ച ഭക്ഷ്യധാന്യം ധാന്യമായി തന്നെ ഫിത്‌ർ സകാത്ത്‌ നൽകണം. അതിന്റെ വിലയോ പൊടിയോ മതിയാവുന്നതല്ല. തുഹ്ഫ: 3-324, 325.

ഒരാളുടെ ഫിത്വ്‌ർ സകാത്ത്‌ ചുരുങ്ങിയതു മൂന്നാൾക്കെങ്കിലും വിതരണം ചെയ്യണമെന്നു പറഞ്ഞു കേൾക്കുന്നു. ഇതു ശരിയാണോ?

ശരിയാണ്‌. ഫിത്വ്‌ർ സകാത്തും ഇതര സകാത്ത്‌ പോലെ അവകാശികളിലെ എല്ലാ ഗണക്കാർക്കും ചുരുങ്ങിയത്‌ മൂന്നു പേർക്കു വീതമെങ്കിലും കൊടുക്കണമെന്നാണു നിയമം. എന്നാൽ ഫുഖറാഅ്, മിസ്‌കീൻ പോലുള്ള ഒരു വിഭാഗത്തിൽ നിന്നു മാത്രം മൂന്നുപേർക്കെങ്കിലും കൊടുത്താലും മതിയാകുമെന്നു നമ്മുടെ മദ്‌ഹബിൽ ഒരു വിഭാഗം പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഇതനുസരിച്ച്‌ ഒരാൾ നൽകുന്ന ഫിത്വ്‌ർ സകാത്ത്‌ മൂന്നു പേർക്കെങ്കിലും നൽകണം. അതേസമയം, ഒരാൾക്കു മാത്രം നൽകിയാലും മതിയാകുമെന്നു മറ്റൊരു കൂട്ടം പണ്ഡിതർക്ക്‌ അഭിപ്രായമുണ്ട്‌. (ഫത്‌ഹുൽ മുഈൻ തർശ്ശീഹ്‌ സഹിതം പേജ്‌:154).

പത്തോ പതിനഞ്ചോ മൈൽ ദൂരമുള്ള ഒരു മഹല്ലിൽ ജോലി ചെയ്യുന്നവർ, അവരുടെ ഫിത്വ്‌ർ സകാത്ത്‌ ജോലി ചെയ്യുന്ന സ്ഥലത്ത്‌ തന്നെ കൊടുക്കണമോ? സ്വന്തം നാട്ടിൽ കൊടുത്താൽ മതിയാകുമോ?

പെരുന്നാൾ രാവിന്റെ പ്രാരംഭമായ അസ്തമയ വേളയിൽ ഒരാൾ എവിടെയാണോ ഉള്ളത്, അന്നാട്ടിലാണ്‌ അയാളുടെ ഫിത്വ്‌ർ സകാത്തു കൊടുക്കേണ്ടത്‌. അതിനാൽ ചോദ്യത്തിൽ പറഞ്ഞവർ തത്സമയം ജോലിയുള്ള നാട്ടിലാണെങ്കിൽ അവിടെ തന്നെ കൊടുക്കണം. കുടുംബം താമസിക്കുന്ന ദേശത്തു കൊടുത്താൽ മതിയാവുകയില്ല (ഫത്‌ഹുൽ മുഈൻ).

ഒരാൾ തന്നെതൊട്ടും താൻ ചെലവ് കൊടുക്കൽ നിർബന്ധമായവരെ തൊട്ടുമുള്ള അരി മൊത്തത്തിൽ വാങ്ങിയാൽ വിതരണ സമയത്ത് നിയ്യത്ത് ചെയ്ത് ഓരോരുത്തരുടേതും വെവ്വേറെ നീക്കി വെക്കേണ്ടതുണ്ടോ ?

വേണ്ട; 'ഇത് എന്റെയും ആശ്രിതരുടെയും ഫിത്വ് ർ സകാത്ത് ആകുന്നു' എന്ന് നിയ്യത്ത് ചെയ്ത് വിതരണം ചെയ്‌താൽ മതി.

സകാത്ത് കൊടുത്തു വീട്ടുമ്പോഴോ,ഇങ്ങോട്ട് ലഭിക്കുമ്പോഴോ വല്ല ദുആയും സുന്നത്തുണ്ടോ?

അതെ സകാത്ത് കൊടുത്തുവീട്ടിയ ശേഷം

رَبَّنَا تَقَبَّلْ مِنَّا اِنَّكَ اَنْتَ السَّمِيعِ الْعَلِيمْ

എന്ന് ദുആ ചെയ്യുക(തുഹ്ഫ)
സകാത്ത് സ്വീകരിച്ചവൻ നൽകിയവന്ന് താഴെയുള്ള ദുആ ചെയ്യലും സുന്നത്താണ്

أٓجَرَكَ اللَّهُ فِيمَا أَعْطَيْتَ وَجَعَلَهُ لَكَ طَهُورًا وَبَارَكَ لَكَ فِي مَا أَبْقَيْتَ
 (قليوبي)

 പ്രത്യേക ശ്രദ്ധക്ക്..! 

അയല്‍വാസി, കുടുംബക്കാര്‍ എന്ന പരിഗണനയില്‍ മാത്രം സകാത് നല്‍കരുത്. അവര്‍ സകാത് വാങ്ങാന്‍ അര്‍ഹരായ ഫഖീര്‍, മിസ്കീന്‍ തുടങ്ങിയ എട്ടാലൊരു വിഭാഗത്തില്‍ പെട്ടവരാണെങ്കില്‍ മാത്രമേ നല്‍കാന്‍ പാടുള്ളൂ.

ആവശ്യമായ സാമ്പത്തികശേഷിയുണ്ടെന്ന് സ്വന്തമായി ബോധ്യമുള്ളവന്ന് ഫിത്വറ് സകാത് ലഭിച്ചാല്‍ നല്‍കിയവന്‍റെ ബാധ്യത വീടില്ല എന്ന് അവനെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. നല്‍കിയവന് കുടുംബക്കാരനോ അയല്‍വാസിയോ ആണ് എന്ന പരിഗണനയില്‍ വാങ്ങിവെക്കരുത്.

 വീട്ടില്‍ ലഭിച്ച അരിയുടെ ഉടമവകാശം വീട്ടുകാരനായത് കൊണ്ട് അത് മറ്റൊരാള്‍ക്ക് സകാതായി നല്‍കുന്നതില്‍ തെറ്റില്ല.

 ജോലിയുള്ളവരോ ഗള്‍ഫുകാരോ ആയ വലിയ മക്കളുടെയും അവരുടെ ഭാര്യ സന്താനങ്ങളുടേയും സകാത് അവരിലാണ് നിര്‍ബന്ധം എന്നതിനാല്‍ മറ്റൊരാള്‍ അത് ചെയ്യുമ്പോള്‍ പ്രത്യേകം വകാലത്ത് വേണം.

 മറ്റൊരാളെ ഏല്‍പിക്കുമ്പോള്‍ നിയ്യത്തിന്‍റെ കാര്യം വിട്ടുപോകരുത്. അതും വകാലത്ത് ഏല്‍പിക്കുകയോ സ്വന്തമായി കരുതുകയോ വേണം. കേവലം വകാലത്തില്‍ നിയ്യത്ത് പെടില്ലല്ലോ.

 സർക്കാർ വകയായോ മറ്റോ നമുക്ക് സൗജന്യമായി കിട്ടിയ അരിയും സകാത് വിതരണത്തിന് പറ്റും. പക്ഷേ, ഏറ്റവും മുന്തിയ ഇനം നൽകലാണ് ഉത്തമം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍