എന്താണ് ഉള്ഹിയ്യത്ത് ?
അല്ലാഹുവിലേക്ക് അടുക്കാൻ വേണ്ടി ദുൽഹിജ്ജ 10,11,12,13 എന്നീ ദിനങ്ങളിൽ നിബന്ധനകൾക്ക് വിധേയമായി അറുക്കുന്ന ബലി മൃഗത്തിനാണ് ‘ഉള്ഹിയ്യത്ത്’ എന്ന് പറയുന്നത്. ളുഹാ സമയത്താണ് നടക്കാറുള്ളത് എന്നതിനാൽ അതിന് ‘ഉള്ഹിയ്യത്ത്’ എന്ന് പേര് വന്നു. നബി ﷺ തങ്ങൾക്ക് എല്ലാ ശ്രേഷ്ഠതകളും കൊടുത്തു എന്ന് പ്രസ്താവിച്ച ശേഷം അറവ് നടത്താൻ ഖുർആൻ നബി ﷺ യോട് നിർദ്ദേശിക്കുന്നു. ആകയാൽ അറവ് വഴി എല്ലാ ശ്രേഷ്ഠതകളും കൈവരുമെന്ന് ഖുർആനിൽ നിന്ന് ഗ്രഹിക്കാനാകും.
ഉള്ഹിയ്യത്തിൻ്റെ പ്രാധാന്യം എന്ത്?
◆ “ബലിപെരുന്നാൾ ദിനത്തിൽ ഉള്ഹിയ്യത്ത് അറവിനേക്കാൾ പ്രതിഫലാർഹമായ മറ്റൊരു കർമ്മവും മനുഷ്യന് ചെയ്യാനില്ല. ബലിമൃഗം അതിന്റെ കൊമ്പുകളും കുളമ്പുകളും രോമങ്ങളും സഹിതം അന്ത്യനാളിൽ എത്തും. അതിൻ്റെ രക്തം ഭൂമിയിൽ എത്തും മുമ്പേ അല്ലാഹുവിങ്കൽ ഉന്നത സ്ഥാനത്ത് അത് ഇടംപിടിക്കും. അതിനാൽ സുമനസ്സോടെ നിങ്ങൾ ഉള്ഹിയ്യത്ത് നിർവഹിക്കുക”(തുർമുദി,ഹാകിം).
◆ “ഉള്ഹിയ്യത്ത് അറുക്കുവാൻ ആവശ്യമായ സൗകര്യങ്ങൾ തരപ്പെട്ട് കിട്ടിയിട്ടും അത് നടത്താത്തവൻ നമ്മുടെ നിസ്കാരസ്ഥലത്തോടടുക്കാതിരിക്കട്ടെ” (ഇബ്നുമാജ,ബൈഹഖി).
◆ “ഉള്ഹിയ്യത്ത് അറുത്താൽ ലഭിക്കുന്ന പുണ്യമെന്ത് എന്ന ചോദ്യത്തിന് അതിൻ്റെ ഓരോ രോമം കണക്കെ ‘ഹസനത്ത്’(പുണ്യം) ലഭിക്കുമെന്ന് നബി ﷺ മറുപടി നൽകി (അഹ്മദ്, ഇബ്നുമാജ). ഹജ്ജ് കർമ്മം ഒരു ഹസനത്താണ് എന്ന് പറയുമ്പോൾ രോമങ്ങൾ കണക്കെയുള്ള ഹസനത്ത് നമുക്ക് ഊഹിക്കാമല്ലോ.
🔘 സുന്നത്ത് ആർക്കാണ്?
പ്രായപൂർത്തിയും ബുദ്ധിയുമുള്ള സ്വതന്ത്രരായ മുഴുവൻ മുസ്‌ലിംകൾക്കും ബലിപെരുന്നാൾ രാവിലും പകലിലും തനിക്കും തൻ്റെ ആശ്രിതർക്കുമുള്ള ചെലവ് കഴിച്ച് മിച്ചം വരുന്ന തുക ഉള്ഹിയ്യത്തിന് തികയുമെങ്കിൽ ഉള്ഹിയ്യത്ത് സുന്നത്താണ്. നേർച്ചയാക്കലോട് കൂടി അത് നിർബന്ധമാകുന്നതാണ്. പ്രബലമായ സുന്നത്തായതിനാൽ ഉപേക്ഷിക്കൽ കറഹത്താണ്.
സിദ്ധീഖ് رضي الله عنه ഭരണത്തിലേറിയ ആദ്യവർഷം ഉള്ഹിയ്യത്ത് അറുക്കാതിരുന്നത് തന്നെ അത് നിർബന്ധമാണെന്ന ധാരണ തിരുത്താൻ വേണ്ടിയായിരുന്നു. ഹനഫി മദ്ഹബ് പ്രകാരം അത് നിർബന്ധ ബാധ്യതയാണ്.ഒരു വീട്ടിൽ ഒരാൾ അറുത്താൽ വീട്ടുകാരെല്ലാം കല്പന മാനിച്ചവരായി പരിഗണിക്കപ്പെടുകയും അറുത്തവന് മാത്രം പ്രതിഫലം ലഭിക്കുകയും ചെയ്യും.അടുത്ത കുടുംബക്കാരായ സ്ത്രീപുരുഷന്മാരെയാണ് വീട്ടുകാർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.എന്നാൽ നബി ﷺ ക്ക് ഉള്ഹിയ്യത്ത് കർമ്മം നിർബന്ധമായത് അവിടുത്തെ പ്രത്യേകതകളിൽ പെട്ടതാണ്.
🔘 എന്തിനെ അറുക്കണം?
അഞ്ച് വയസ്സുള്ള ഒട്ടകം,രണ്ട് വയസ്സുള്ള മാട്(പോത്ത്,പശു,മൂരി,എരുമ), രണ്ട് വയസ്സുള്ള കോലാട്,ഒരു വയസ്സ് പൂർത്തിയായതോ ആറുമാസത്തിന് ശേഷം പല്ല് പോവുകയോ ചെയ്ത നെയ്യാട് എന്നിവയാണ് അറവിന് യോഗ്യതയുള്ള ബലിമൃഗങ്ങൾ. നമ്മുടെ നാടുകളിൽ സാധാരണയിൽ ലഭ്യമാകുന്നത് കോലാടാണ്.എന്നാൽ ഊരയുടെ ഭാഗത്ത് കൂടുതൽ നെയ്യ് പ്രത്യക്ഷപ്പെടുന്ന ആടാണ് നെയ്യാട്. ഇത് വിദേശ രാജ്യങ്ങളിൽ കൂടുതലായി കാണപ്പെടുന്നു.
മൃഗങ്ങളെ കുറിച്ച് കൂടുതൽ പരിജ്ഞാനമുള്ളവരുടെ വാക്കാണ് വയസ്സിന് അടിസ്ഥാനമാക്കേണ്ടത്. ഒരു പ്രത്യേക മൃഗത്തെ സംബന്ധിച്ച് സ്വന്തം അനുഭവത്തിൽ നിന്ന് പറയുന്ന വിശ്വസ്തനേയും അവലംബിക്കാവുന്നതാണ്. എന്നാൽ പ്രായമെത്താത്തതോ മറ്റ് ന്യൂനതയാൽ ഉള്ഹിയ്യത്തിന് പറ്റാത്തതോ ആയ മൃഗത്തെ നേർച്ചയാക്കിയാൽ നേർച്ചക്ക് ശേഷം വരുന്ന ബലിപെരുന്നാളിലോ അയ്യാമുത്തശ്'രീക്കിൻ്റെ ദിനങ്ങളിലോ ആ മൃഗത്തെ അറുക്കേണ്ടതാണ്. മേൽ ദിനങ്ങളെയും വിട്ട് പിന്തിപ്പിക്കൽ അനുവദിനീയമല്ല. കോഴിയെ അറുത്താൽ മതിയാകുമെന്ന് അഭിപ്രായമുണ്ടെങ്കിലും അത് പ്രബലമല്ല. (ബിഗ് യ:257)
🔘 ഉത്തമം ഏത് ?
*1.* തടിച്ച് കൊഴുത്തതാകുക
*2.* ആൺ മൃഗമാവുക .
*3.* വെള്ള നിറമുള്ളതാകുക .
എന്നീ ക്രമത്തിലാണ് മൃഗത്തെ പരിഗണിക്കേണ്ടത്. മേൽ വിശേഷണങ്ങൾ വൈരുദ്ധ്യമായി വന്നാൽ ആദ്യം പറഞ്ഞത് ആദ്യം എന്ന നിലവാരത്തിൽ പരിഗണിക്കണം. അപ്പോൾ തടിച്ച് കൊഴുത്ത വെളുത്ത സൗന്ദര്യമുള്ള ആൺ മൃഗമാണ് ഏറ്റവും ഉത്തമം എന്ന് ഗ്രഹിക്കാം. തടിയില്ലാത്ത രണ്ടെണ്ണത്തിനേക്കാൾ നല്ലത് തടിച്ച ഒന്നാണ്. നബി ﷺ വെളുത്ത ആടുകളെ അറുത്തിരുന്നു എന്നതാണ് വെളുത്ത നിറം സുന്നത്താകാനുള്ള കാരണം (തുഹ്ഫ:9/350). വെളുത്തതിന് കൂടുതൽ നല്ല മാംസമായിരിക്കും എന്നതിനാലാണ് അതിന് പ്രാമുഖ്യം കൽപിക്കുന്നത് എന്നും അഭിപ്രായമുണ്ട്.
ആൺ, നപുംസകം, പെണ്ണ് എന്നീ ക്രമത്തിലാണ് അതിന്റെ ഇനം പരിഗണിക്കേണ്ടത്. നപുംസകം ആണാവാൻ സാധ്യതയുള്ളതിനാലാണ് അത് പെണ്ണിനേക്കാൾ ഉത്തമമായത്. പെണ്ണാവാൻ സാധ്യയുള്ളത് കൊണ്ട്, ആൺ നപുംസകത്തേക്കാളും ഉത്തമമായി. ഒട്ടകം, മാട്, നെയ്യാട്, കോലാട്, ഒട്ടകത്തിലെ ഓഹരി, മാടിലെ ഓഹരി എന്ന ക്രമത്തിലാണ് മൃഗങ്ങളെ തെരഞ്ഞെടുക്കേണ്ടത്.
കൊമ്പില്ലാത്തതിനേക്കാൾ കൊമ്പുള്ളതാണ് ഉത്തമം.
🔘 അറുക്കേണ്ടത് എപ്പോൾ ?
ദുൽഹജ്ജ് പത്തിന്റെ സൂര്യനുദിച്ച ശേഷം നിർബന്ധ ഘടകങ്ങൾ മാത്രം അടങ്ങിയ രണ്ട് റക്അത്ത് നിസ്കാരത്തിനും രണ്ട് ഖുതുബക്കും ആവശ്യമായ സമയം കഴിഞ്ഞാൽ ഉള്ഹിയ്യത്തിന്റെ സമയം തുടങ്ങി. എന്നാൽ സൂര്യോദയം കഴിഞ്ഞ് ഏകദേശം ഇരുപത് മിനുറ്റ് കഴിയുകയും മേൽ വിവരിച്ച നിസ്കാരത്തിനും ഖുതുബക്കുമുള്ള സമയവും കഴിഞ്ഞാൽ ഉള്ഹിയ്യത്തിന്റെ ഉത്തമ സമയമായി. ദുൽഹിജ്ജ പതിമൂന്നിന്റെ അസ്തമയത്തോടെ ഉള്ഹിയ്യത്തിന്റെ സമയം അവസാനിക്കുകയും ചെയ്യും. അനുവദനീയ ദിനങ്ങളിലെ രാവിലും പകലിലും അറവ് ആവാമെങ്കിലും അത്യാവശ്യ ഘട്ടത്തിലൊഴികെ രാത്രി അറവ് കറാഹത്താണ്. (തുഹ്ഫ:9/354).
സമയമെത്തും മുമ്പ് അറുക്കുന്ന അറവിന് ഉള്ഹിയ്യത്തിന്റെ സാധുതയില്ല. മറിച്ച് വെറും മാംസ വിതരണത്തിന്റെ ഫലത്തിൽ പെടുന്നതാണ്. അറവിന് വിശാലമായ സമയം ലഭിക്കാൻ ബലിപെരുന്നാൾ നിസ്കാരത്തെ അൽപം നേരത്തെയാക്കലും ഭക്ഷണം കഴിക്കുന്നതിന്റെ മുമ്പ് തന്നെ നിസ്കാരത്തിന് പുറപ്പെടലും സുന്നത്താണ്. ദുൽഹിജ്ജ 13 ന്റെ സൂര്യാസ്തമയത്തിന് ശേഷമുള്ള അറവിനും ഉളുഹിയ്യത്തിന്റെ സാധുതയില്ല. പക്ഷെ നിർബന്ധമായ ഉള്ഹിയ്യത്ത് സമയത്ത് അറുക്കാതിരുന്നാൽ അടുത്ത വർഷത്തേക്ക് കാത്തിരിക്കാതെ വേഗം അറുക്കേണ്ടതുമാണ്.
🔘 യുക്തിക്ക് പ്രധാന്യമില്ലേ ?
ബുദ്ധിപരമായി ചിന്തിക്കുമ്പോൾ പെരുന്നാൾ നിസ്കാരത്തിന്റെ മുമ്പ് അറവും വിതരണവും നടക്കുന്നതാണ് (ഫിത്ർ സകാത് പോലെ) നല്ലതെന്ന് ചിന്തിക്കാൻ ന്യായമുണ്ട്. കാരണം പെരുന്നാൾ ദിനത്തിന്റെ മാംസാവശ്യത്തിന് അത് ഉപയോഗപ്പെടുത്താമല്ലോ. എന്നാൽ മതനിയമത്തിൽ മനുഷ്യ യുക്തിയേക്കാൾ പലപ്പോഴും വിധേയപ്പെടലിനാണ് പ്രാധാന്യം. മനുഷ്യയുക്തിയെ പടച്ച اللهﷻ വിന്റെ യുക്തി നമുക്കറിയില്ലല്ലോ.
🔘 ന്യൂനതകൾ എന്ത് ?
ബലിമൃഗത്തിന്റെ മേന്മ ഇസ്ലാം പ്രാധാന്യത്തോടെ കാണുന്നു. കാരണം ബലിമൃഗം സ്വർഗത്തിലേക്കുള്ള വാഹനമാണ്. അതിനാൽ ബലിമൃഗത്തെ മഹത്തരമാക്കണമെന്ന് തിരുനബി ﷺ നിർദ്ദേശിക്കുന്നു. ആകയാൽ മാംസത്തിന് കുറവ് വരുത്തുന്ന ഒരു ന്യൂനതയും ഇല്ലാതിരിക്കണം. മാംസത്തെ വെറുക്കുന്ന മെലിച്ചിലുള്ളത്, ഭ്രാന്തുള്ളത്, ചെവി നാവ് അകിട് വാല് തുടങ്ങിയവ മുറിക്കപ്പെട്ടത്, കാഴ്ച നഷ്ടപ്പെട്ടത്, വ്യക്തമായ മുടന്തുള്ളത്, രോഗമുള്ളത്, എല്ലൊടിഞ്ഞത്,ചൊറിപിടിച്ചത്, പിറവിയിലേ ചെവിയില്ലാത്തത്,ഗർഭിണി (അടുത്ത് ഗർഭിണിയായതാണങ്കിലും ശരി) തുടിങ്ങിയവ ഉള്ഹിയ്യത്തിന് പറ്റാത്തതാണ്. അറവിന് കിടത്തുമ്പോൾ എല്ല് പൊട്ടുക പോലുള്ള ന്യൂനതകൾ പോലും ഉളുഹിയ്യത്തിന്റെ ന്യൂനതയാണ്. (തുഹ്ഫ: 9/353).
🔘 എങ്ങനെ, എപ്പോൾ നിയ്യത്ത് ചെയ്യണം ?
സുന്നത്തായ ഉള്ഹിയ്യത്തിനെ ഞാൻ കരുതുന്നു , ഉളുഹിയ്യത്ത് എന്ന സുന്നത്തിനെ ഞാൻ വീട്ടുന്നു, തുടങ്ങിയവയാണ് പരിഗണനീയമായ നിയ്യത്തുകൾ. സുന്നത്തായ ഉള്ഹിയ്യത്തിൽ “ഇത് എന്റെ ഉള്ഹിയ്യത്താണ്” എന്ന് പറഞ്ഞാൽ നേർച്ചയാവാൻ സാധ്യതയുള്ളത് കൊണ്ട് എന്റെ സുന്നത്തായ ഉള്ഹിയ്യത്താണ് എന്ന് കരുതലാണ് സൂക്ഷ്മത. നേർച്ചയുടെ വാചകം കൊണ്ട് നിർണ്ണയം വന്നിട്ടില്ലാത്ത മൃഗങ്ങളെ അറുക്കുമ്പോഴെല്ലാം നിയ്യത്ത് വേണം. മൂന്നാലൊരു സന്ദർഭത്തിൽ നിയ്യത്ത് ആവാം.
*1.* അറുക്കുന്ന സന്ദർഭത്തിൽ.
*2.* ബലി മൃഗത്തെ മാറ്റി നിർത്തുമ്പോൾ.
*3.* അറവിന് ഏൽപ്പിക്കപ്പെട്ടവന് മൃഗത്തെ നൽകുമ്പോൾ.
ഒന്നിലധികം ആളുകൾ ചേർന്ന് അറുക്കുന്നതാണെങ്കിൽ ഓരോരത്തരും നിയ്യത്ത് ചെയ്യുകയോ വകതിരിവെത്തിയ മുസ്ലിമിനെ നിയ്യത്ത് ഏൽപ്പിക്കുകയോ വേണം. നിയ്യത്ത് മനസ്സിൽ കരുതൽ കൊണ്ട് തന്നെ വേണം. എന്നാൽ നേർച്ചയാക്കാൻ മനസ്സിൽ കരുതൽകൊണ്ട് മതിയാവില്ല. നാവ് കൊണ്ട് പറയണം.
🔘 എങ്ങിനെ അറുക്കണം ?
അറവ് സ്വന്തം കൈകൊണ്ടാവലാണ് സുന്നത്ത്. സ്ത്രീകൾ മറ്റൊരാളെ വക്കാലത്താക്കുകയാണ് വേണ്ടത്. മറ്റൊരാളെ ഏൽപിക്കുന്ന പക്ഷം അയാൾ അവിടെ സന്നിഹിതനാവലും സുന്നത്താണ്, നിർബന്ധമില്ല. നിശ്ചിത വ്യക്തികളല്ലാത്ത പലരിൽ നിന്നും പൊതുപിരിവ് നടത്തി അറുക്കുന്ന അറവ് ശരിയല്ല. ആട് അല്ലാത്തവയിൽ ഏഴ് പേർക്ക് വരെ പങ്കാളികളാവാം. ഏഴ് പേരും ഏഴ് ഉദ്ദേശത്തോടെ അറുക്കുന്നവരാകുന്നതും തെറ്റല്ല. ഒരാൾ ഉള്ഹിയ്യത്ത്, മറ്റൊരാൾ അഖീഖത്ത്, വേറൊരാൾ വിൽപന എന്നിങ്ങനെ കരുതി അറുക്കാവുന്നതാണ്. പക്ഷെ അറവിന് ശേഷം നിയ്യത്ത് ചെയ്താൽ മതിയാവില്ല. അതിനാൽ നിയ്യത്തില്ലാതെ അറുക്കപ്പെട്ടതിൽ നിന്ന് വാങ്ങിയ ഇറച്ചിയും ഉള്ഹിയ്യത്തല്ല.
🔘 എവിടെ അറുക്കണം ?
അറവ് സ്വന്തം വീടിന്റെ പരിസരത്ത് (ഭരണാധികാരിയല്ലാത്തവർ) കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ നടത്തലാണ് സുന്നത്ത് (തുഹ്ഫ:9/348). അറവ് നടത്തുന്നവനുള്ള നാട്ടിൽ അറുക്കലാണ് ഉത്തമമെങ്കിലും മറ്റൊരു നാട്ടിൽ അറുക്കാൻ വക്കാലത്ത് ആവാം. ആസാം, ബംഗാൾ പോലുള്ള സ്ഥലങ്ങളിലെ ചേരി പ്രദേശങ്ങളിൽ ജീവിത വക കണ്ടെത്താൻ കഴിയാതെ കഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ട് അവിടങ്ങളിൽ പോയി അറവ് നടത്താൻ ഇന്ന് സംഘടിത രൂപത്തിൽ ശ്രമങ്ങൾ നടന്നുവരുന്നുണ്ട്. നിരാലംബരെ സഹായിക്കുക എന്ന ലക്ഷ്യത്തിൽ അതും നല്ലത് തന്നെ.
എന്നാൽ ഒരാൾ ഒരു പ്രത്യേക സ്ഥലത്ത് വെച്ച് അറുക്കാൻ നേർച്ചയാക്കിയാൽ അവിടെതന്നെ അറുക്കേണ്ടതും ആ നാട്ടിലുള്ള ഫകീർ മിസ്കീൻ (അവർ മറു നാട്ടിൽനിന്ന് അവിടെ എത്തിയവരായാലും) എന്നിവർക്ക് തന്നെ നൽകുകയും ചെയ്യേണ്ടതാണ്.
🔘 എവിടെ വിതരണം നടത്തണം ?
നേർച്ചയാക്കിയ ഉള്ഹിയ്യത്ത് ആണെങ്കിൽ അത് പൂർണ്ണമായും അറവ് നടന്ന സ്ഥലത്തെ ഫഖീർ , മിസ്കീൻ എന്നിവർക്ക് നൽകേണ്ടതും അറവ് നടത്തുന്നവനോ അവന്റെ ചെലവിൽ കഴിയുന്നവരോ അതിൽ നിന്ന് അൽപം പോലും
ഭക്ഷിക്കാതിരിക്കേണ്ടതും നിർബന്ധമാണ്. സുന്നത്തായ ഉള്ഹിയ്യത്ത് ആണെങ്കിൽ നിർബന്ധം വീടാനാവശ്യമായ അൽപം മാംസം ആ നാട്ടിൽ തന്നെ വിതരണം ചെയ്യൽ നിർബന്ധമാണ്. ബാക്കിയുള്ളവ മറുനാട്ടിലേക്ക് കൊണ്ടുപോവുന്നതിനോ സ്വന്തമായി ഉപയോഗിക്കുന്നതിനോ തെറ്റില്ല. നേർച്ചയാക്കിയതിൽ നിന്ന് അൽപം മറുനാട്ടിലേക്ക് കൊണ്ടുപോകുന്നതും സുന്നത്തായ ഉള്ഹിയ്യത്ത് മുഴുക്കെ മറ്റൊരു നാട്ടിലേക്ക് നീക്കുന്നതും നിഷിദ്ധമാണ്.
🔘 ആർക്ക് നൽകണം ?
നിർബന്ധമായ ഉള്ഹിയ്യത്ത് മുഴുവനും ഫഖീർ, മിസ്കീൻ എന്നിവർക്ക് നൽകണമെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. സുന്നത്തായ ഉള്ഹിയ്യത്തിൽ നിന്ന് നിസാരമെന്ന് പറയപ്പെടാത്ത അൽപം മാംസമെങ്കിലും ഫഖീർ , മിസ്കീൻ എന്നിവർക്ക് നൽകൽ നിർബന്ധമാണ്. നേർച്ചയാക്കിയതിൽ നിന്ന് അൽപമെങ്കിലും സ്വന്തം ഉപയോഗിക്കലും സുന്നത്തായത് മുഴുവനായും സ്വന്തം ഉപയോഗിക്കലും നിഷിദ്ധം തന്നെ. അങ്ങിനെ ചെയ്യുന്ന പക്ഷം അവനിൽ അതിന്റെ കടബാധ്യത വരുന്നതാണ്. മാംസമായി പരിഗണിക്കപ്പെടാത്ത തോല്, കൊമ്പ് എന്നിവ നൽകിയാൽ മതിയാവില്ല. വേവിക്കാത്ത ഇറച്ചി തന്നെ നൽകണം. നിർബന്ധ ഉള്ഹിയ്യത്തിൽ നിന്ന് അൽപമോ സുന്നത്തായത് മുഴുക്കെയോ മുതലാളിമാർക്ക് നൽകിയാൽ അതും സ്വീകാര്യമല്ല. ഫഖീർ, മിസ്കീൻ എന്നിവർക്ക് ലഭിച്ച മാംസത്തിൽ അവർക്ക് ഉടമാവകാശമുണ്ടാവുന്നതിനാൽ അത് മറ്റു മുസ്ലിമിന് വിൽക്കാവുന്നതാണ്. കാഫിറിന് വിൽക്കാനോ വെറുതെ നൽകാനോ പാടില്ല. ധനികന് കിട്ടിയ മാംസത്തിൽ അവന് ഉടമാവകാശമില്ലാത്തതിനാൽ അത് വിൽപന നടത്താൻ പാടില്ല. സ്വന്തമായി ഉപയോഗിക്കാം. ഉള്ഹിയ്യത്തിൽ നിന്ന് അൽപം മാത്രം ബറകത്തിന് വേണ്ടി ഭക്ഷിക്കലും അത് കരൾ ഭാഗമായിരിക്കലും സുന്നത്താണ്. കാരണം നബി ﷺ ഉള്ഹിയ്യത്തിന്റെ കരൾ ഭാഗം ഭക്ഷിക്കാറുണ്ടായിരുന്നു എന്ന് ഹദീസിൽ കാണാം. ബാക്കി മുഴുവനും ദാനം ചെയ്യുകയാണ് അത്യുത്തമം.
സുന്നികളെ വല വീശാൻ ബിദ്അത്തുകാരുടെ നേതൃത്വത്തിൽ പലയിടങ്ങളിലും ഉള്ഹിയ്യത്തെന്ന പേരിൽ മാംസവിതരണം നടക്കാറുണ്ട്. അത് സ്വീകരിക്കാതിരിക്കുകയാണ് സുന്നീബോധമുള്ള മുസ്ലിംകൾ ചെയ്യേണ്ടത്. നമ്മുടേത് അവർക്ക് കൊടുക്കാതിരിക്കാനും ശ്രദ്ധിക്കണം.
🔘 അമുസ്‌ലിമിന് നൽകാമോ ?
ഉള്ഹിയ്യത്ത് എന്നത് മതപരമായ പ്രത്യേക ചടങ്ങാണ് എന്നതിനാൽ ഒരു നിലക്കും അത് അവിശ്വാസിക്ക് നൽകാൻ പാടില്ല. അറവ് നടത്തിയവൻ തന്നെ പിന്നീട് ഇസ്ലാമിൽ നിന്ന് വ്യതിചലിച്ചാൽ അറവ് നടത്തിയ മാംസത്തിൽ അവന് അവകാശമുണ്ടായിരിക്കുന്നതോ കൊടുക്കാൻ പാടുള്ളതോ അല്ല. വേണമെങ്കിൽ അമുസ്ലിംകൾക്ക് വേറെ മാംസം വാങ്ങി നൽകാവുന്നതാണ്. അത് പ്രോത്സാഹനജനകവുമാണ്. അന്യസംസ്ഥാന തൊഴിലാളികൾ വർധിച്ച് വരുന്ന ഈ കാലത്ത് അറവ് സംബന്ധമായ ജോലികളിൽ സഹകരിക്കാനും മാംസം വാങ്ങാനുമായി അറവ് സ്ഥലങ്ങളിൽ അവരും എത്താറുണ്ട് . ജീവിതത്തിന്റെ അറ്റങ്ങൾ മുട്ടിക്കാൻ പെടാപാടുപെടുന്ന അടിസ്ഥാന വർഗത്തിന് കൊടുക്കുന്നത് നല്ലതു തന്നെ .
പക്ഷെ അവരുടെ ലോഡ്ജുകളിലേയും റൂമുകളിലേയും സഹതാമസക്കാർ അമുസ്ലിംകളുണ്ടോ എന്നന്വേഷിക്കുകയും വിഷയം ബോധ്യപ്പെടുത്തകയും വേണം. പെരുന്നാൾ സദ്യയുണ്ണാൻ വീട്ടിലെത്തുന്ന അമുസ്ലികളുണ്ടെങ്കിൽ അവർക്ക് വേറെ മാംസം കരുതിയിരിക്കണം. അതിനെ മതപരമായ വർഗീയതയായി കാണേണ്ടതില്ല. പ്രത്യുത മതപരമായ ചടങ്ങുകളിലെ മതപരമായ ചട്ടക്കൂട് മാത്രമാണത്. ഉള്ഹിയ്യത്തിന്റെ മാംസം നേർച്ചയാക്കിയതാണെങ്കിൽ മുസ്ലിം സമൂഹത്തിലെ ആദരണീയ വിഭാഗമായ തങ്ങന്മാർക്ക് പോലും നാം നൽകാറില്ലല്ലോ. അമുസ്ലിംകൾ അവരുടെ മതപരമായ ചില പ്രത്യേക ആചാരങ്ങളിൽ മുസ്ലിംകളെ പങ്കെടുപ്പിക്കാത്തത് നാം വർഗീയതയായി കാണാത്തത് പോലെ തന്നെയാണ് ഇതും.
🔘 തോൽ എന്ത് ചെയ്യണം ?
നിർബന്ധ ഉള്ഹിയ്യത്തിന്റെ തോല് ഫഖീർ, മിസ്കീൻ എന്നിവർക്ക് നൽകൽ (മാംസം പോലെ തന്നെ) നിർബന്ധമാണ് . സുന്നത്തായ ഉള്ഹിയ്യത്തിന്റെ തോല് വിതരണം ചെയ്യാവുന്നതും സ്വന്തമായി ഉപയോഗിക്കാവുന്നതുമാണ്. സുന്നത്തായ രൂപത്തിലും നിർബന്ധ രൂപത്തിലും ഉള്ഹിയ്യത്തിന്റെ തോല് വിൽക്കാനോ കശാപ്പുകാരന് കൂലിയായി നൽകാനോ പാടില്ല. വിൽപ്പന വൻ പാപമാണെന്ന് ഇബ്നുഹജറുൽ ഹൈതമി رضي الله عنه രേഖപ്പെടുത്തുന്നു . അത് വിറ്റ് പണം ഫഖീർ, മിസ്കീൻ, പള്ളി, മദ്റസ എന്നിവക്കു നൽകിയാലും പറ്റില്ല. തോല് മുതലാളിമാർക്ക് നൽകിയാൽ (സുന്നത്തായ രൂപത്തിൽ) അവർക്ക് അത് ഉപയോഗിക്കാം . വിൽപ്പന പാടില്ല. മതസ്ഥാപനങ്ങൾക്ക് നൽകിയാലും വിധി ഇതു തന്നെ. പഴയ കാലത്ത് പള്ളികളിൽ നഗാരയടിക്കുന്നതിനും മറ്റും തോല് ഉപയോഗപ്പെടുത്താറുണ്ടായിരുന്നതിനാൽ തോല് പള്ളിക്ക് നൽകുമായിരുന്നു. ഇന്ന് ആ സ്ഥിതി നിലവിലില്ല. എന്നാൽ ഫഖീർ, മിസ്കീൻ എന്നിവർക്ക് തോല് ലഭിച്ചാൽ അവർക്കതിൽ ഉടമാവകാശമുള്ളതാകയാൽ വിൽക്കാവുന്നതാണ്. തോല് ലഭിച്ച ഫഖീർ, മിസ്കീൻ എന്നിവർ തങ്ങൾക്ക് ലഭിച്ച തോല് വിറ്റ് തരാൻ അറവിന്റെ ഉടമസ്ഥനെ വക്കാലത്താക്കിയാൽ അയാൾക്ക് അത് (മറ്റേത് വസ്തുക്കളിലെന്ന പോലെ) വിറ്റു കൊടുക്കാവുന്നതുമാണ്. നൽകലും വക്കാലത്താക്കലും അറവിന് ശേഷമായിരിക്കണം. മേൽ പറഞ്ഞ വക്കാലത്ത് പ്രകാരം കശാപ്പുകാരനുമായും വിൽപ്പന നടത്താവുന്നതാണ്. തോല് കൈകാര്യം ചെയ്യുന്നതിൽ ഇന്ന് എളുപ്പത്തിൽ പറ്റിയ രണ്ട് പ്രായോഗിക മാർഗ്ഗം ഇതായിരിക്കും. കശാപ്പുകാരന് കൂലിയുടെ ഭാഗമായിട്ടല്ലാതെ വെറുതെ നൽകിയാൽ അനുവദനീയമാവുന്നതാണ്. അപ്രകാരം കശാപ്പുകാരനുമായി മുൻനിശ്ചയമില്ലാതെ മൃഗത്തിന്റെ തോല് നൽകുകയും അറവിന് കൂലി വാങ്ങുന്നതിന് പകരം അവന് ആ തോല് കൊണ്ട് സംതൃപ്തി അടയുകയും ചെയ്യുന്നതിൽ പന്തികേടൊന്നുമില്ല. പക്ഷെ ഇന്ന് പലയിടങ്ങളിലും നടക്കാറുള്ളത് അതല്ല.
ഉള്ഹിയ്യത് / അഖീഖത് വ്യത്യാസമെന്ത് ?*
നിബന്ധനകളുടെയും വിലക്കുകളുടെയും വിഷയത്തിൽ ഉള്ഹിയ്യത്തും അഖീഖത്തും ഏതാനും നിയമങ്ങളിലൊഴികെ ഒരേ പോലെയാണ് . ദുൽഹിജ്ജ 10,11,12,13 എന്നീ ദിവസങ്ങളിൽ ഉള്ഹിയ്യത്ത് അറുക്കുമ്പോൾ ഉള്ഹിയ്യത്തും അഖീഖയും ഒപ്പം കരുതാം. മറ്റു മാസങ്ങളിലാകുമ്പോൾ ഉള്ഹിയ്യത്ത് ഒപ്പം കരുതരുത്.
അവ തമ്മിലെ സുപ്രധാന വ്യത്യാസങ്ങൾ ഇപ്രകാരം ഗ്രഹിക്കാം.
*1)* അഖീഖത്ത് മാംസം വേവിച്ചത് നൽകിയാലും മതി. എന്നല്ല അതാണ് സുന്നത്തും. പക്ഷെ, ഉള്ഹിയ്യത്തിന് അൽപമെങ്കിലും പച്ചമാംസം തന്നെ ദാനം ചെയ്യണം .
*2)* അഖീഖത്തിന് ന്ശ്ചിത സമയപരിതി ഇല്ല. എന്നാൽ ഉള്ഹിയ്യത്ത് മുമ്പ് സൂചിപ്പിച്ച സമയപരിതിക്കുള്ളിൽ തന്നെ വേണം.
*3)* അഖീഖത്തിന്റെ മാംസം ലഭിച്ച ധനികന് അതിൽ ഉടമാവകാശം ഉണ്ടാകും. പക്ഷെ ഉള്ഹിയ്യത്ത് മാംസം ലഭിച്ച ധനികന് അതിൽ ഉടമാവകാശം ഉണ്ടായിരിക്കുകയില്ല. ദരിദ്രന് മാത്രമേ അവകാശമുണ്ടാകൂ.
*(4)* അഖീഖയിൽ മൃഗത്തിന്റെ എല്ല് പൊട്ടിക്കാതിരിക്കൽ സുന്നത്താണ്. എന്നാൽ ഉള്ഹിയ്യത്തിൽ അങ്ങിനെയൊരു സുന്നത്തില്ല.
*(5)* അഖീഖയിൽ ശുഭലക്ഷണത്തിന് വേണ്ടി മധുരം ചേർത്ത് വേവിക്കൽ സുന്നത്താണ്, ഉള്ഹിയ്യത്തിൽ അങ്ങിനെയില്ല (തർശീഹ്: -203).
ഉള്ഹിയ്യത്ത് അറുക്കാനുദ്ദേശിച്ചവർ ദുൽഹിജ്ജ ഒന്ന് മുതൽ അറവ് വരെ ശരീരത്തിൽ നിന്നും മുടി, നഖം, (ചിലരുടെ അഭിപ്രായത്തിൽ രക്തവും) എന്നിവ നീക്കാതിരിക്കൽ സുന്നത്താണ്. ഉള്ഹിയ്യത്ത് വഴിയുള്ള പാപമോചനം ശരീരമാസകലം എത്താൻ വേണ്ടിയാണ് ഈ വിധി. എന്നാൽ ഹാജിമാരോട് സാദൃശ്യമാവാൻ വേണ്ടിയാണ് ഈ വിധി എന്ന ധാരണ ശരിയല്ല. അങ്ങിനെയായിരുന്നുവെങ്കിൽ അവരുടെ വേഷവും സുഗന്ധം ഉപേക്ഷിക്കലും എല്ലാം വേണ്ടി വരുമായിരുന്നല്ലോ.
🔘 *പ്രത്യേക ശ്രദ്ധക്ക്*
അശ്രദ്ധ, കനപ്പെട്ട അമലുകളെ ബാത്വിലാക്കുമെന്നത് പറയേണ്ടതില്ലല്ലോ. പ്രത്യേകം ശ്രദ്ധചെലുത്തേണ്ട ഏതാനും വിഷയങ്ങൾ ഇവിടെ ചേർക്കുന്നു.
⚠️ പതിനാലുപേർ രണ്ട് പോത്തിനെ വാങ്ങി ഓരോ പോത്തിലും ഏഴ് പേരെ നിശ്ചയിക്കാതെ അറുത്ത് ദാനം ചെയ്താൽ അത് ഉളുഹിയ്യത്ത് ആവുകയില്ല. കാരണം, ഓരോ പോത്തിലും പതിനാല് പേർക്ക് പങ്കാളിത്തം വരും. ഒരു പോത്തിൽ ഏഴിലധികം പാടില്ലല്ലോ.
⚠️ ഒരു പ്രത്യേക മൃഗത്തെകുറിച്ച് “ ഇത് എന്റെ ഉളുഹിയ്യത്താണ് ” എന്നത് പോലോത്ത പദപ്രയോഗം നടത്തിയാൽ സുന്നത്തിനെ മനസ്സിൽ കരുതിയാൽ പോലും ആ പ്രയോഗം വഴി അത് നേർച്ചയാവും. സുന്നത്ത് കരുതി അപ്രകാരം പറഞ്ഞാൽ നേർച്ചയാവുകയില്ലെന്ന് സയ്യിദ് ഉമർ رضي الله عنه ഫത് വ നൽകിയിട്ടുണ്ടെങ്കിലും വിഷയം ശ്രദ്ധിക്കേണ്ടത് തന്നെ.
⚠️ ഒരു വർഷം ഉള്ഹിയ്യത്തിന്റെ ഒരു ഓഹരിയിൽ പങ്ക് ചേർന്നാൽ തുടർച്ചയായ ആറ് വർഷം കൂടി ഇതുപോലെ പങ്ക് ചേരേണ്ടി വരുമെന്ന് പറയുന്നത് തെറ്റായ ധാരണയാണ്. അതിന് പ്രമാണങ്ങളുടെ പിൻബലമില്ല.
⚠️ വീട്ടിലെ കല്യാണത്തിന്റെയോ മറ്റു സദ്യയുടേയോ ദിവസം അഖീഖ, ഉള്ഹിയ്യത്ത് എന്നീ ലക്ഷ്യങ്ങളിലുള്ള ജീവികളെ അറുത്ത് മാംസാഹാരം ഉണ്ടാക്കുന്ന പതിവ് ചിലയിടങ്ങളിലുണ്ട് . അന്യമതസ്ഥർകൂടി പങ്കെടുക്കുന്ന ചടങ്ങാണെങ്കിൽ അവർക്ക് ആ മാംസം നൽകാൻ പാടില്ല. ഉള്ഹിയ്യത്തിൽ അൽപമെങ്കിലും പച്ചമാംസം നൽകണമെന്ന നിബന്ധനയുണ്ട്താനും.
⚠️ അറവിന് വേണ്ടി മറ്റൊരാളെ വക്കാലത്ത് ഏൽപ്പിക്കുമ്പോൾ, ഏൽപ്പിക്കപ്പെടുന്ന വ്യക്തി കർമശാസ്ത്രപരമായി അറിവുള്ളവനാവാൻ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്.
⚠️ ഏഴ് പേർ ഓഹരി ചേർന്ന് അറുത്ത മൃഗത്തിന്റെ മാംസം ഏഴ് ഓഹരിയായി വേർതിരിക്കണമെന്ന ധാരണയും ശരിയല്ല . ഏഴുപേരെ നിശ്ചയിക്കണമെന്നേയുള്ളൂ . സ്വദഖ ചെയ്യുമ്പോൾ ആരും തടസ്സം നിൽകാതിരിക്കുകയും വേണം (ഇബ്നു ഖാസിം:9/349).
⚠️ ഉള്ഹിയ്യത്ത് അറുക്കാൻ നേർച്ചയാക്കുകയും അറുത്ത വീട്ടിൽ അത്കൊണ്ട് സദ്യയുണ്ടാക്കി ദുആ നടത്തുകയും ചെയ്താൽ ആ മാംസം വീട്ടുകാർക്ക് തന്നെ ഭക്ഷിക്കാം എന്നതും തിരുത്തപ്പെടേണ്ട ധാരണയാണ്.
അനുഷ്ഠാന കർമ്മങ്ങളെ മുറപോലെ നിർവഹിക്കാൻ നാഥൻ നമുക്ക് തൗഫീഖ് നൽകട്ടെ , ആമീൻ.
◦•●◉✿ ✿◉●•◦
0 അഭിപ്രായങ്ങള്‍