പാപമോചനത്തിന്റെ വഴികൾ
പാപം; കരുതിയിരിക്കേണ്ട ഭവിഷ്യത്ത്
അല്ലാഹുവിന് അനിഷ്ടകരമായ കാര്യങ്ങള്‍, അവ ചെറുതോ വലുതോ ആവട്ടെ അവ ഒരിക്കലും നിസ്സാരങ്ങളല്ല. ഒന്നിനെയും ചെറുതായി കാണാന്‍ പറ്റില്ല. നബി (സ) പറഞ്ഞു: ആഇശാ, നിസ്സാരവും സാധാരണവുമായി കരുതപ്പെടുന്ന പാപങ്ങളെ നീ പ്രത്യേകം സൂക്ഷിക്കണം. എന്തുകൊണ്ടെന്നാല്‍ അല്ലാഹുവിങ്കല്‍ അവയും വിചാരണ ചെയ്യപ്പെടുന്നതാണ്. (ഹദീസ് ഇബ്‌നുമാജ 4243)
റമളാൻ എത്തിയിട്ട് പാപമോചനം നേടാതിരുന്നാൽ...
وَعَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ ﷺ صَعِدَ الْمِنْبَرَ فَقَالَ : آمِينَ ،آمِينَ ، آمِينَ فَلَمَّا نَزَلَ قِيلَ : يَا رَسُولَ اللَّهِ ، إِنَّكَ حِينَ صَعِدْتَ الْمِنْبَرَ ، قُلْتَ: آمِينَ ، آمِينَ ، آمِينَ ، قَالَ : إِنَّ جِبْرِيلَ عَلَيْهِ السَّلَامُ أَتَانِي ، فَقَالَ : مَنْ أَدْرَكَ شَهْرَ رَمَضَانَ ، فَلَمْ يُغْفَرْ لَهُ ، فَمَاتَ ، فَدَخَلَ النَّارَ ، فَأَبْعَدَهُ اللَّهُ ، قُلْ : آمِينَ فَقُلْتُ : آمِينَ قَالَ : وَمَنْ أَدْرَكَ أَبَوَيْهِ ، أَوْ أَحَدَهُمَا ، فَلَمْ يَبَرَّهُمَا ، فَمَاتَ ، فَدَخَلَ النَّارَ ، فَأَبْعَدَهُ اللَّهُ ، قُلْ : آمِينَ . فَقُلْتُ : آمِينَ قَالَ : وَمَنْ ذُكِرْتَ عِنْدَهُ فَلَمْ يُصَلِّ عَلَيْكَ ، فَمَاتَ ، فَدَخَلَ النَّارَ ، فَأَبْعَدَهُ اللَّهُ . قُلْ : آمِينَ . فَقُلْتُ : آمِينَ(رواه الطبراني)അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം, അല്ലാഹുവിന്റെ തിരുദൂതർ ﷺ മിമ്പറിൽ കയറിയപ്പോൾ "ആമീൻ, ആമീൻ, ആമീൻ" എന്നു പറഞ്ഞു; അങ്ങിനെ മിമ്പറിൽ നിന്ന് ഇറങ്ങി വന്നപ്പോൾ തിരുനബി ﷺ യോട് ചോദിക്കപ്പെട്ടു: 'അല്ലാഹുവിൻറെ തിരു ദൂതരേ, അങ്ങ് മിമ്പറിൽ കയറിയപ്പോൾ 'ആമീൻ, ആമീൻ, ആമീൻ' എന്നു പറഞ്ഞല്ലോ (എന്താണ് അത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്)? തിരുനബി ﷺ പറഞ്ഞു: "നിശ്ചയം ജിബ്‌രീൽ (അ) എന്റെ അരികിൽ വന്നു പറഞ്ഞു: 'ആരെങ്കിലും വിശുദ്ധ റമളാൻ എത്തിക്കുകയും പാപമോചനം നേടാതെ മരണപ്പെടുകയും അവൻ നരകത്തിൽ പ്രവേശിക്കുകയും ചെയ്താൽ അല്ലാഹു അവനെ (അവന്റെ റഹ്മത്തിൽ നിന്ന്) ദൂരത്താക്കട്ടെ , നിങ്ങൾ ആമീൻ പറയണം അപ്പോൾ ഞാൻ ആമീൻ എന്നു പറഞ്ഞു ; ജിബ്‌രീൽ (അ) തുടർന്നു: ആരെങ്കിലും തന്റെ മാതാപിതാക്കളെയോ അല്ലെങ്കിൽ അവരിലൊരുത്തരയോ എത്തിക്കുകയും അവർക്ക് ഗുണം ചെയ്യാതെ മരണപ്പെട്ട് നരകത്തിൽ പ്രവേശിക്കുകയും ചെയ്താൽ അല്ലാഹു അവനെ (അവന്റെ റഹ്മത്തിൽ നിന്ന്) ദൂരത്താക്കട്ടെ , നിങ്ങൾ ആമീൻ പറയണം അപ്പോൾ ഞാൻ ആമീൻ എന്നു പറഞ്ഞു; ജിബ്‌രീൽ (അ) പറഞ്ഞു: ആരെങ്കിലും അടുത്ത് വെച്ച് അങ്ങയുടെ നാമം ഉച്ചരിക്കപ്പെടുകയും അവൻ അങ്ങയുടെ മേൽ സ്വലാത്ത് ചൊല്ലാതെ മരണപ്പെട്ട് നരകത്തിൽ പ്രവേശിക്കുകയും ചെയ്താൽ അല്ലാഹു അവനെ (അവന്റെ റഹ്മത്തിൽ നിന്ന്) ദൂരത്താക്കട്ടെ ആമീൻ പറയണം: അപ്പോൾ ഞാൻ ആമീൻ പറഞ്ഞു( ത്വബ്രാനി)
ചെയ്തു പോയ പാപങ്ങൾക്ക് എങ്ങനെ പ്രതിക്രിയ ചെയ്ത് ഉന്നത വിജയം നേടാം. ?
ഇസ്തിഗ്ഫാർ (പാപമോചനം തേടൽ)
പരിശുദ്ധ ഖുർആനിലെ സൂറത്തു നൂറിൽ കാണാം :
” സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിലേക്ക് പശ്ചാതപിച്ചു മടങ്ങുക, നിങ്ങൾ വിജയം വരിക്കാൻ വേണ്ടി. “
അബ്ദുള്ളാഹിബ്‌നു അബ്ബാസ് (റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ നബി (സ) പറയുന്നതായി കാണാം: ” നിങ്ങളിൽ നിന്ന് ആരെങ്കിലും ചെയ്തു പോയ തെറ്റുകൾക്ക് നിരന്തരമായി ഇസ്‌തിഗ്‌ഫാർ ചെയ്യുകയാണെങ്കിൽ ; അല്ലാഹു തആലാ നിങ്ങൾക്ക് പ്രയാസങ്ങളിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും പുറത്തു കടക്കാനുള്ള ഒരു വഴി കാണിച്ചു തരികയും,എല്ലാ ദുഃഖങ്ങളും ആവലാതികളും മായിച്ചു ആ സ്ഥാനത്ത് അല്ലാഹു ഐശ്വര്യവും അനുഗ്രഹവും പകരമായി നൽകുകയും ചെയ്യും,അവന്, അവൻ കരുതാത്ത നിലയിൽ രിസ്‌ഖ് ലഭിക്കുകയും ചെയ്യും. “
പശ്ചാതാപം ചെയ്യേണ്ടുന്നതിനെ ഇമാം നവവി (റ) രിയാളു സ്വാലിഹീനിൽ പറയുന്നത് നോക്കൂ.
സകല ദോശങ്ങളിൽ നിന്നും പശ്ചാതപിക്കൽ നിർബന്ധമാണ്. മനുഷ്യനുമായി യാതൊരു ബന്ധമില്ലാത്തതും അല്ലാഹുവിനും വ്യക്തിക്കുമിടയിൽ മാത്രമുള്ളതാണെങ്കിൽ അതിനു മൂന്ന് നിബന്ധനകളുണ്ട്.
1. പാപത്തിൽ നിന്ന് നിശ്ശേഷം വിട്ടു നിൽക്കുക.
2. അതു അനുവർത്തിച്ചു പോയതിന്റെ പേരിൽ ഖേദമുണ്ടാവുക.
3. ഇനിയൊരിക്കലും ആ ദോഷം പ്രവർത്തിക്കുകയില്ലെന്ന് ദൃഢനിശ്ചയം ചെയ്യുക.
ഈ മൂന്നിൽ ഏതെങ്കിലും ഒരു കാര്യം ഇല്ലാതെ പോയാൽ പശ്ചാതാപം ശരിയാവുകയില്ല. ഇനി ചെയ്തു പോയ ദോഷം മറ്റൊരു മനുഷ്യനുമായി ബന്ധപ്പെട്ടതാണെങ്കിൽ നാലാമത് ഒരു നിബന്ധന കൂടിയുണ്ട്.
4. ആ വ്യക്തിയുമായുള്ള കടപ്പാടിൽ നിന്ന് മുക്തനാവുക.
സാമ്പത്തികമോ മറ്റോ ആണെങ്കിൽ കൊടുത്തു വീട്ടണം, ദൂഷണം പറഞ്ഞതാണെങ്കിൽ അയാളെ സംതൃപ്തനാക്കണം.ചുരുക്കത്തിൽ സകലദോഷങ്ങളിൽ നിന്നും പശ്ചാതപിക്കൽ നിർബന്ധമാണ്.
തെറ്റിനു പ്രേരകരായ കൂട്ടുകെട്ടിൽ നിന്ന് ഒഴിഞ്ഞു നിൽക്കൽ നിർബന്ധമാണെന്ന് മനസിലാക്കാം. അവർ നമുക്ക് തെറ്റ് ചെയ്യുന്നത് നല്ലതാക്കി കാണിച്ചു തരികയും ആരാധനാ കർമ്മങ്ങളെ തൊട്ട് വെറുപ്പ് ജനിപ്പിക്കുകയും ചെയ്യും.
എല്ലാ തെറ്റുകളിൽ നിന്നും മുക്തനായ നബി തങ്ങൾ പോലും നിത്യവും 100 തവണ ഇസ്‌തിഗ്‌ഫാർ ചെയ്തു മാതൃകയായിട്ടുണ്ട്.
റമളാനിലെ നോമ്പ്
നബി ﷺ പറഞ്ഞു: “ആരെങ്കിലും വിശ്വാസത്തോടെ, അല്ലാഹുﷻവിന്‍റെ പ്രതിഫലം കാംക്ഷിച്ച് റമളാന്‍ മാസം നോമ്പു നോറ്റാല്‍ അവനു കഴിഞ്ഞു പോയ അവന്‍റെ ദോഷങ്ങള്‍ പൊറുക്കപ്പെടുന്നതാണ്.”
(ബുഖാരി, മുസ്‍ലിം)
തറാവീഹ്
നബി ﷺ പറഞ്ഞു: “ആരെങ്കിലും വിശ്വാസത്തോടെയും അല്ലാഹുﷻവിന്‍റെ പ്രതിഫലം കാംക്ഷിച്ചും റമളാനില്‍ (തറാവീഹ്) നിസ്കരിച്ചാല്‍ അവന്‍റെ മുന്‍കഴിഞ്ഞ ദോഷങ്ങള്‍ പൊറുത്തു കൊടുക്കപ്പെടുന്നതാണ്.”
(ബുഖാരി, മുസ്‍ലിം)
ലൈലത്തുല്‍ ഖദ്‍റിലെ തറാവീഹ്
നബി ﷺ പറഞ്ഞു: “ആരെങ്കിലും ഈമാനോടെ അല്ലാഹുﷻവില്‍ നിന്നുള്ള പ്രതിഫലം കാംക്ഷിച്ചു് ഖദ്റിന്‍റെ രാവില്‍ (തറാവീഹ്) നിസ്കരിച്ചാല്‍ അവന്‍റെ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടും.”
(ബുഖാരി)
അല്ലാഹുﷻവിനെ ഭയന്നു കരയുക
നബി ﷺ പറഞ്ഞു: “രണ്ടു കണ്ണുകളെ നരകം ഒരിക്കലും സ്പര്‍ശിക്കുകയില്ല തന്നെ. അല്ലാഹുﷻവിനെ ഭയന്ന് കരഞ്ഞ ഒരു കണ്ണ്. മറ്റൊന്ന് അല്ലാഹുﷻവിന്‍റെ മാര്‍ഗത്തില്‍ ഉറക്കമൊഴിച്ച കണ്ണും.”
(അല്‍ജാമിഅ്)
ഈ കരച്ചില്‍ റമളാനിലെ നിസ്കാരങ്ങളില്‍ വര്‍ദ്ധിപ്പിക്കണം. പ്രത്യേകിച്ച് ലൈലതുൽ ഖദ്റില്‍.
നാല്‍പതു ദിവസം ജമാഅത്തായി നിസ്കാരം
നബി ﷺ പറഞ്ഞു: “ആരെങ്കിലും അല്ലാഹുﷻവിനു വേണ്ടി നാല്‍പതു ദിവസം ആദ്യത്തെ തക്ബീറ് ലഭിച്ച് ജമാഅത്തായി നിസ്കരിച്ചാല്‍ അവനു രണ്ടു മോചനങ്ങള്‍ എഴുതപ്പെടും. ഒന്നു നരകത്തില്‍ നിന്നുള്ള മോചനവും മറ്റൊന്ന് കാപട്യത്തില്‍ നിന്നുള്ള മോചനവും.”
(അല്‍ജാമിഅ്)
ഈ മഹത്തായ പ്രതിഫലം കരസ്ഥമാക്കാന്‍ പ്രിയപ്പെട്ട സഹോദരാ, നീ പരിശ്രമിക്കണം. റസൂല്‍ ﷺ പറഞ്ഞു: “അഞ്ചു നിസ്കാരങ്ങള്‍ ജുമുഅ മുതല്‍ ജുമുഅ വരെയും റമളാന്‍ മുതല്‍ റമളാന്‍ വരെയും അവയിക്കിടയിലുള്ളതിനുള്ള പ്രായിശ്ചിത്തമാണ്. വന്‍ ദോഷങ്ങള്‍ ഒഴിവാക്കിയാല്‍”
(മുസ്‍ലിം)
ളുഹ്റിനു മുമ്പും ശേഷവും നാലു റക്അത് പതിവാക്കുക
റസൂല്‍ ﷺ പറഞ്ഞു: “ആരെങ്കിലും നാലു റക്അത് ളുഹ്റ് നിസ്കാരത്തിനു മുമ്പും നാലു റക്അത് ളുഹ്റിനു ശേഷവും പതിവാക്കിയാല്‍ അവന്‍ നരകത്തിനു നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.”
(അല്‍ജാമിഅ്)
ജമാഅത്തായി സുബ്ഹി നിസ്കാരവും അതിനു ശേഷം സൂര്യനുദിക്കുന്നതുവരെ ദിക്റും പിന്നെ രണ്ടു റക്അതുകളും
റസൂല്‍ ﷺ പറഞ്ഞു: “ആരെങ്കിലും സുബ്ഹി ജമാഅത്തായി നിസ്കരിക്കുകയും സൂര്യനുദിക്കുന്നതുവരെ അല്ലാഹുﷻവിനു ദിക്റ് ചൊല്ലിയിരിക്കുകയും പിന്നീട് രണ്ട് റക്അത് നിസ്കരിക്കുകയും ചെയ്താല്‍ അവന് പൂര്‍ണ്ണമായ, പൂര്‍ണ്ണമായ, പൂര്‍ണ്ണമായ ഹജ്ജിന്‍റെയും ഉംറയുടെയും പ്രതിഫലമുണ്ട്.”
(അല്‍ജാമിഅ്)
ഭക്ഷണം നല്‍കല്‍
നബി ﷺ പറഞ്ഞു: “ജനങ്ങളേ, നിങ്ങള്‍ സലാം പ്രചരിപ്പിക്കുക. ഭക്ഷണം നല്‍കുക, കുടുംബ ബന്ധം പുലര്‍ത്തുക. ജനങ്ങള്‍ ഉറങ്ങുമ്പോള്‍ രാത്രിയില്‍ നിസ്കരിക്കുക. സമാധാനത്തോടെ സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കു പ്രവേശിക്കാം.”
(തിര്‍മദി)
ഉംറ നിർവഹിക്കുക
നബി ﷺ പറഞ്ഞു: “ഉംറ മുതല്‍ ഉംറ വരെ അവയ്ക്കിടയിലുള്ളതിനുള്ള പ്രായാശ്ചിത്തമാണ്.”
(ബുഖാരി, മുസ്‍ലിം)
നബി ﷺ പറഞ്ഞു: “റമളാനിലെ ഒരു ഉംറ എന്‍റെ കൂടെയുള്ള ഹജ്ജ് പോലെയാണ്.”
(അല്‍ജാമിഅ്)
കഅ്ബ ത്വവാഫ് ചെയ്യാന്‍
നബി ﷺ പറഞ്ഞു: “ആരെങ്കിലും ഈ ബൈതിനെ (കഅ്ബയെ) ഏഴു പ്രാവശ്യം ത്വവാഫ് ചെയ്യുകയും അത് ക്ലിപ്തമാക്കുകയും ചെയ്താല്‍ അത് ഒരു അടിമയെ സ്വതന്ത്രനാക്കിയതു പോലെയാണ്. ഒരു പാദം പൊക്കുകയും മറ്റൊന്ന് ഉയര്‍ത്തുകയുമില്ല, അവക്കു പകരമായി അവന്‍റെ ഒരു തിന്മ അല്ലാഹു ﷻ മായിച്ചു കളയുകയും ഒരു നന്മ അവനായി എഴുതി വെക്കുകയും ചെയ്തിട്ടല്ലാതെ.”
(അല്‍ജാമിഅ്)
ദോഷങ്ങള്‍ പൊറുത്തു കിട്ടാനെന്ന കരുത്തോടെ സംസംവെള്ളം കുടിക്കുക
നബി ﷺ പറഞ്ഞു: “സംസം വെള്ളം അത് എന്തിനു വേണ്ടി കുടിച്ചുവോ അതിനുള്ളതാണ്.”
(അല്‍ജാമിഅ്)
ദിക്റ് ചൊല്ലുന്നവരുമായി സഹവസിക്കല്‍
അബൂ ഹുറൈറ (റ) വില്‍ നിന്നു നിവേദനം. റസൂല്‍ ﷺ പറഞ്ഞു: “തീര്‍ച്ചയായും അല്ലാഹുﷻവിനു ദിക്റിന്‍റെ ആളുകളെ തിരഞ്ഞു വഴികളിലൂടെ ചുറ്റി സഞ്ചരിക്കുന്ന മലക്കുകളുണ്ട്. ഏതെങ്കിലും കൂട്ടം അല്ലാഹുﷻവിനു ദിക്ര്‍ ചൊല്ലുന്നതായി കണ്ടാല്‍ അവര്‍ വിളിച്ചു പറയും. നിങ്ങളുടെ ആവശ്യം നിറവേറ്റാന്‍ വരൂ. അപ്പോള്‍ മലക്കുകള്‍ അവരെ താഴെ ആകാശം വരേക്കും തങ്ങളുടെ ചിറകുകള്‍ കൊണ്ട് പൊതിയുന്നതാണ്. അന്നേരം മലക്കുകളോട് അവരുടെ റബ്ബ് ചോദിക്കും: - അല്ലാഹു ﷻ സര്‍വ്വതും അറിയുന്നവനാണ് - ʻഎന്‍റെ അടിമകള്‍ എന്താണ് പറയുന്നത്?ʼ മലക്കുകള്‍ പറയും: ʻനിനക്ക് തസ്ബീഹ് ചൊല്ലുന്നു. തക്ബീര്‍ ചൊല്ലുന്നു. നിന്നെ സ്തുതിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു.ʼ അല്ലാഹുﷻ: "അവര്‍ എന്നെ കണ്ടുവോ?" മലക്കുകള്‍: "ഇല്ല, അല്ലാഹുﷻവാണേ അവര്‍ നിന്നെ കണ്ടിട്ടില്ല. അല്ലാഹുﷻ: "അവരെന്നെ കണ്ടാലെങ്ങനെയായിരിക്കും?"
മലക്കുകള്‍: "അവര്‍ നിന്നെക്കണ്ടാല്‍, അവര്‍ നിനക്കു ഏറ്റവും ശക്തമായി ഇബാദത്ത് ചെയ്യും. ഏറ്റവും ശക്തമായി പ്രകീര്‍ത്തനങ്ങള്‍ അര്‍പ്പിക്കും. ഏറ്റവും കൂടുതല്‍ നിനക്കു തസ്ബീഹ് ചൊല്ലും."
അല്ലാഹുﷻ: "അവരെന്താണ് ചോദിക്കുന്നത്?"
മലക്കുകള്‍: "സ്വര്‍ഗം ചോദിക്കുന്നു."
അല്ലാഹുﷻ: "അവര്‍ അത് കണ്ടിട്ടുണ്ടോ?"
മലക്കുകള്‍: "ഇല്ല. അല്ലാഹുﷻവാണ് സത്യം. റബ്ബേ, അവര്‍ അത് കണ്ടിട്ടില്ല."
അല്ലാഹുﷻ: "അവര്‍ അത് കണ്ടാല്‍ എങ്ങനെയായിരിക്കും?"
മലക്കുകള്‍: "അവരെങ്ങാനും അത് കണ്ടിരുന്നുവെങ്കില്‍ അതിനോട് അതിശക്തമായ ആര്‍ത്തിപൂണ്ടവരും അത് ഏറ്റവും ശക്തമായി ആവശ്യപ്പെടുന്നവരും അതില്‍ വളരെ വലിയ താല്‍പര്യവുമുള്ളവരാകുമായിരിക്കും."
അല്ലാഹുﷻ: "എന്തില്‍ നിന്നാണവര്‍ കാവല്‍ ചോദിക്കുന്നത്?"
മലക്കുകള്‍: "അവര്‍ നരകത്തില്‍ കാവല്‍ തേടുന്നു."
അല്ലാഹുﷻ: "അവര്‍ അത് കണ്ടിട്ടുണ്ടോ?"
മലക്കുകള്‍: "ഇല്ല. അല്ലാഹുﷻവാണേ, അവര്‍ അത് കണ്ടിട്ടില്ല."
അല്ലാഹുﷻ: "അവര്‍ അത് കണ്ടിരുന്നുവെങ്കില്‍ എങ്ങനെയിരിക്കും?"
മലക്കുകള്‍: അ"വര്‍ അത് കണ്ടിരുന്നുവെങ്കില്‍ അതില്‍ നിന്ന് ഏറ്റവും ശക്തമായി ഓടിപ്പോകുന്നവരും. അതിനെ ഏറ്റവും ശക്തമായി ഭയപ്പെടുന്നവരുമായിരിക്കും."
അല്ലാഹുﷻ: "നിങ്ങളെ ഞാന്‍ സാക്ഷി നിര്‍ത്തുന്നു. ഞാന്‍ അവര്‍ക്കു പൊറുത്തു കൊടുത്തിരിക്കുന്നു."
ഒരു മലക്ക് പറയുന്നു: "അവരില്‍ പെടാത്ത ഒരു വ്യക്തി അവര്‍ക്കിടയിലുണ്ട്. അവന്‍ മറ്റൊരു ആവശ്യത്തിനു മാത്രം വന്നതാണ്."
അല്ലാഹു ﷻ പ്രതിവചിക്കും: "കൂടെയിരിക്കുന്നവരും പരാജയപ്പെടാത്ത ഒരു സമൂഹമാണ് അവര്‍.”
(ബുഖാരി)
അനാഥകളുടെ സംരക്ഷണം
നബി ﷺ പറഞ്ഞു: “ഞാനും സ്വന്തത്തില്‍പ്പെട്ടതോ അല്ലാത്തതോ ആയ അനാഥകളെ സംരക്ഷിക്കുന്നവനും സ്വര്‍ഗത്തിലാണ്. വിധവകള്‍ക്കും അഗതികള്‍ക്കും വേണ്ടി യത്നിക്കുന്നവന്‍ അല്ലാഹുﷻവിന്‍റെ മാര്‍ഗത്തില്‍ ധര്‍മ്മ സമരം ചെയ്യുന്നവനെപ്പോലെയാണ്.”
(മുസ്‍ലിം)
രാത്രിയിലെ നിസ്കാരം
നബി ﷺ പറഞ്ഞു: “നിങ്ങള്‍ രാത്രിയില്‍ നിന്ന് നിസ്കരിക്കണം. അത് നിങ്ങള്‍ക്കു മുമ്പുള്ള സജ്ജനങ്ങളുടെ പതിവായിരുന്നു. അല്ലാഹുﷻവിലേക്കടുക്കാനുള്ള ഒരു ഇബാദത്തും തിന്മയെ വിരോധിക്കുന്നതും ചീത്ത പ്രവൃത്തികള്‍ക്ക് പ്രായാശ്ചിത്തവും ശരീരത്തിലെ രോഗങ്ങള്‍ അകറ്റുന്നതുമാണ് അത്.
(അല്‍ജാമിഅ്)
റമളാനിലെ നോമ്പും തറാവീഹും പതിവാക്കിയതിനു ശേഷമുള്ള മരണം
നബിﷺയുടെ അടുത്ത് ഒരാള്‍ വന്നു പറഞ്ഞു: “അല്ലാഹുﷻവിന്‍റെ റസൂലേ, ഞാന്‍ അല്ലാഹു ﷻ അല്ലാതെ ഒരാരാധ്യനില്ലെന്നും അങ്ങ് അവന്‍റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുന്നു. അഞ്ചു നേരം നിസ്കരിക്കുകയും സകാതു കൊടുത്തു വീട്ടുകയും റമളാനില്‍ നോമ്പു നോല്‍ക്കുകയും നിന്ന് നിസ്കരിക്കുകയും ചെയ്താല്‍ ഞാന്‍ ആരില്‍ പെട്ടവനെന്ന് അങ്ങു പറയുമോ. റസൂല്‍ ﷺ പറഞ്ഞു: “സ്വിദ്ദീഖുകളിലും ശുഹദാക്കളിലും”
(അത്തര്‍ഗീബ്)
ഇബ്നു ഖുസൈമ പറഞ്ഞു: “സ്വിദ്ദീഖുകളുടെയും ശുഹദാക്കളുടെയും കൂട്ടത്തില്‍ പേരു വരണമെങ്കില്‍ റമളാനില്‍ നോമ്പനുഷ്ഠിക്കുകയും അതിലെ പ്രത്യേക നിസ്കാരം നിര്‍വ്വഹിക്കുന്നതോടൊപ്പം അഞ്ചു നേരത്തെ നിസ്കാരം നിലനിര്‍ത്തുന്നവനും സകാത് കൊടുത്തു വീട്ടുന്നവനും അല്ലാഹുവിന്‍റെ ഏകത്വത്തെ സാക്ഷ്യപ്പെടുത്തുന്നവനും നബിﷺയുടെ രിസാലത്തിനെ അംഗീകരിക്കുന്നവനുമായിരിക്കണം.”
0 അഭിപ്രായങ്ങള്‍