എല്ലാവർഷവും സെപ്റ്റംബർ 16 ഓസോൺ ദിനമായി ആചരിക്കുന്നു. ഭൂമിയുടെ അന്തരീക്ഷത്തിൽ ഓസോണിന്റെ (O3) അളവ് കൂടുതലുള്ള പാളിയാണ് ഓസോൺപാളി. |
ലോക ഓസോൺദിന ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ ഈ ലേഖനത്തിന് താഴെ ലിങ്ക് കാണാം.
ഓസോൺപാളി:
അന്തരീക്ഷത്തിലെ രക്ഷാകവചം
സൂര്യനിൽ നിന്ന് വരുന്ന അൾട്രാവയലറ്റ് രശ്മികളെ തടഞ്ഞുനിർത്തി മനുഷ്യനെയും മറ്റു ജീവജാലങ്ങളെയും സംരക്ഷിക്കുന്ന അന്തരീക്ഷത്തിലെ രക്ഷാകവചമാണ് ഓസോൺപാളി. സൂര്യനിൽനിന്ന് ദൃശ്യപ്രകാശത്തോടൊപ്പം പ്രസരിക്കുന്ന അദൃശ്യവികിരണങ്ങളാണ് അൾട്രാവയലറ്റ് രശ്മികൾ . ഇവയിലുള്ള ഊർജം വളരെ ഉയർന്ന അളവിൽ ആയതിനാൽ അവ നേരിട്ട് ഭൂമിയിൽ പതിച്ചാൽ ജീവജാലങ്ങളുടെ നിലനിൽപ്പിനെ സാരമായി ബാധിക്കും. 280 മുതൽ 315 നാനോമീറ്റർ വരെ തരംഗദൈർഘ്യമുള്ള അൾട്രാവയലറ്റ് രശ്മികളാണ് കൂടുതൽ അപകടകാരികൾ. ഈ വികിരണങ്ങളെ തടഞ്ഞുനിർത്തുന്ന ധർമമാണ് ഓസോൺപാളി നിർവഹിക്കുന്നത്. സൂര്യനിൽനിന്ന് വരുന്ന അൾട്രാവയലറ്റ് രശ്മികളിൽ 93-99% ഭാഗവും ഈ പാളി ആഗിരണം ചെയ്യുന്നു.
ഓസോൺ പാളി എവിടെ സ്ഥിതി ചെയ്യുന്നു..?
ഭൂമിയുടെ ഉപരിതലത്തിൽനിന്ന് 15-60 കി. മീ. ഉയരത്തിൽ സ്ഥിതിചെയ്യുന്ന അന്തരീക്ഷത്തിന്റെ ഉയർന്ന മേഖലയായ സ്ട്രാറ്റോസ്ഫിയറിലാണ് ഓസോൺ കാണപ്പെടുന്നത്. അന്തരീക്ഷത്തിലെ ഓസോണിന്റെ 90 ശതമാനവും കാണപ്പെടുന്ന ഈ മേഖലയിലാണ് ഓസോൺപാളി. താഴ്ന്ന അന്തരീക്ഷ മേഖലയായ ട്രോപ്പോസ്ഫിയറിലും ചെറിയതോതിൽ ഓസോൺ കാണപ്പെടുന്നു. ഇതിന്റെ കനവും സ്ഥാനവും ഒരോ മേഖലയിലും വ്യത്യസ്തമാകാം. മറ്റുവാതകങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഓസോണിന്റെ അളവ് വളരെ കുറവാണ്. 10 ലക്ഷം വായുതന്മാത്രകളിൽ 10 ഓസോൺ തന്മാത്രകളേ കാണൂ. എങ്കിൽപ്പോലും അൾട്രാവയലറ്റ് രശ്മികളെ തടഞ്ഞുനിർത്തുന്നതിൽ അത് വലിയ പങ്കുവഹിക്കുന്നു. ഓസോൺപാളിക്ക് തടയാനാവാത്ത അൾട്രാവയലറ്റ് രശ്മികൾ (315400) ഭൂമിയിലെത്തുന്നുണ്ടെങ്കിലും അവ അപകടകാരികളല്ല.
എന്താണ് ഓസോൺ?
ഭൂമിയുടെ അന്തരീക്ഷത്തിൽ സ്വാഭാവികമായി കാണപ്പെടുന്ന ഒരു വാതകമായ ഓസോൺ, ഓക്സിജന്റെ ഒരു രൂപാന്തരമാണ് . ഓക്സിജൻ തന്മാത്രയിൽ രണ്ട് ആറ്റങ്ങൾ ഉള്ളപ്പോൾ ഓസോൺ തന്മാത്രയിൽ മൂന്ന് ആറ്റങ്ങളാണുള്ളത്. ഉന്നത ഊർജമുള്ള സൂര്യരശ്മികൾ ഓക്സിജൻ തന്മാത്രയിൽ പതിച്ച് അതിനെ ഓക്സിജൻ ആറ്റങ്ങളാക്കി മാറ്റുന്നു. ഈ പ്രക്രിയയെ പ്രകാശവിശ്ലേഷണം എന്നു വിളിക്കുന്നു. വേർപ്പെട്ട ഓക്സിജൻ ആറ്റങ്ങൾ ഓരോന്നും ഓക്സിജൻ തന്മാത്രയുമായി സംയോജിച്ച് ഓസോൺ തന്മാത്ര ഉണ്ടാകുന്നു. അതേസമയം അന്തരീക്ഷത്തിലെ നൈട്രജൻ, ഹൈഡ്രജൻ, ക്ലോറിൻ എന്നീ വാതകങ്ങൾ ഓസോണുമായി പ്രതിപ്രവർത്തിച്ച് അതിനെ ഓക്സിജനാക്കി മാറ്റുകയും ചെയ്യുന്നു. ഓസോണിന്റെ സൃഷ്ടിയും സംഹാരവും ഒരു നിശ്ചിതഅളവ് ഓസോണിനെ അന്തരീക്ഷത്തിൽ നിലനിർത്തിക്കൊണ്ട് നടക്കുന്ന ഒരു ചാക്രിക പ്രക്രിയയാണ്.
ഓസോണിന്റെ കണ്ടുപിടിത്തം
സ്വിറ്റ്സർലൻഡിലെ ബേസൽ (Basel) സർവ്വകലാശാലയിലെ പ്രൊഫസറായിരുന്ന ക്രിസ്റ്റ്യൻ ഫ്രീഡ്രിച്ച് ഷോൺബെയ്ൻ (Christian Freidrich Schonbein, 1799-1868) എന്ന ജർമ്മൻകാരനാണ് 1839ൽ ഓസോൺ എന്ന വാതകം കണ്ടുപിടിച്ചത്. അദ്ദേഹം തന്നെയാണ് ഓസോണിന് ആ പേരിട്ടതും.
1913 ൽ ഫ്രഞ്ച് ഭൗതികശാസ്ത്രഞ്ജന്മാരായ ചാൾസ് ഫാബ്രി, ഹെൻറി ബിഷൺ എന്നിവർ അന്തരീക്ഷത്തിൽ ഓസോൺപാളിയുടെ സാന്നിദ്ധ്യം കണ്ടുപിടിച്ചു. ബ്രിട്ടീഷുകാരനായ ജി.എം.ബി. ഡൊബ്സൺ ഇതിന്റെ ഘടനയെയും ഗുണങ്ങളെയും പറ്റി മനസ്സിലാക്കി, അദ്ദേഹം സ്പെക്ട്രോഫോമീറ്റർ വികസിപ്പിച്ചെടുത്തു. ഇതുപയോഗിച്ച് സ്ട്രാറ്റോസ്ഫിയറിലുള്ള ഓസോണിനെ അളക്കുവാൻ സാധിക്കും. 1928 നും 1958 നും ഇടയിൽ അദ്ദേഹം ലോകവ്യാപകമായി ഓസോൺ നിരീക്ഷണ കേന്ദ്രങ്ങളുടെ ശൃംഖല സ്ഥാപിക്കുകയുണ്ടായി. അത് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സ്മരണാർത്ഥം തലയ്ക്ക് മീതെയുള്ള അന്തരീക്ഷത്തിലെ ഓസോണിന്റെ ആകെ അളവിനെ ഡോബ്സൺ യൂണിറ്റ് എന്നു വിളിക്കുന്നു.
ഓസോൺ പാളിയുടെ നാശനം ഇപ്പോൾ മനുഷ്യൻ നേരിടുന്ന ഒരു പ്രധാന വിപത്തായി മാറിയിരിക്കുകയാണ്. ഓസോൺ പാളിയുടെ ശോഷണം അപകടകാരികളായ അൾട്രാവയലറ്റ് രശ്മികൾ ധാരാളമായി ഭൂമിയിലെത്താൻ കാരണമാകും. മനുഷ്യരിൽ ചർമാർബുദത്തിന്റെ തോത് വർധിപ്പിക്കും. ചർമം ചുക്കിച്ചുളിഞ്ഞ് വാർധക്യലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും . നേത്രരോഗങ്ങൾ വർധിക്കുകയും രോഗപ്രതിരോധശേഷി കുറയുകയും ചെയ്യും. സസ്യങ്ങളുടെ ഇലകൾ ചെറുതാകും. അതുവഴി വിത്തുണ്ടാകാൻ സമയമെടുക്കുകയും വിളവുകുറയുകയും ചെയ്യും. ജലാശയങ്ങളിലെ ഭക്ഷ്യശൃംഖലയുടെ അടിത്തറയായ സസ്യപ്ലവകങ്ങൾ നാശമടയും. അതുവഴി അവിടത്തെ ഭക്ഷ്യശൃംഖല മൊത്തത്തിൽ അപകടത്തിലാകും. അൾട്രാവയലറ്റ് രശ്മികൾ വലിയതോതിൽ പതിച്ച് പെയിന്റുകളുടെയും വസ്ത്രങ്ങളുടെയും നിറം മങ്ങും. പ്ലാസ്റ്റിക് ഉപകരണങ്ങളും പൈപ്പുകളും വളരെ വേഗത്തിൽ കേടുവരും.
നൈട്രസ് ഓക്സൈഡ്(NO), നൈട്രിക് ഓക്സൈഡ്(N2O), ഹൈഡ്രോക്സിൽ(OH), അറ്റോമിക ക്ലോറിൻ(Cl), ബ്രോമിൻ(Br) എന്നിവ ഓസോൺ പാളിയുടെ നാശനത്തിനു കാരണമാകുന്നു. മനുഷ്യ നിർമ്മിതങ്ങളായ ക്ലോറോഫ്ലൂറോ കാർബൺ(CFC), ബ്രോമോഫ്ലൂറോ കാർബൺ എന്നിവയാണ് ഇന്ന് ഓസോണിന് ഏറ്റവും വലിയ ഭീഷണിയായിരിക്കുന്നത്. ഹൈഡ്രോ ക്ലോറോഫ്ലൂറോ കാർബൺ ഇനത്തിൽ വരുന്ന വസ്തുക്കളും ഓസോൺ പാളിയുടെ നശീകരണത്തിനു കാരണമാണെന്ന് അടുത്തായി കണ്ടെത്തിയിട്ടുണ്ട്.
ഓസോൺപാളിയുടെ ശോഷണത്തിന്റെ മുഖ്യകാരണം സി.എഫ്.സി.കളും ഹാലോണുകളുമാണ്. കാർബൺ, ഫ്ളൂറിൻ, ക്ലോറിൻ എന്നീ മൂലകങ്ങളടങ്ങിയ ദ്രാവക രൂപത്തിലോ വാതകരൂപത്തിലോ ഉള്ള മനുഷ്യ നിർമിതമായ രാസസംയുക്തങ്ങളാണ് സി.എഫ്.സി.കൾ അഥവാ ക്ളോറോഫ്ളൂറോ കാർബണുകൾ. ഫ്രിയോണുകൾ എന്ന പേരിലാണ് ഇവ വിൽക്കപ്പെടുന്നത്. ഹാലോണുകളിൽ ക്ളോറിനുപകരം ബ്രോമിനാണുള്ളത്. നിറമോ മണമോ വിഷപ്രഭാവമോ സ്ഫോടനസാധ്യതയോ ഇല്ലാത്ത രാസപദാർഥങ്ങളാണ് സി.എഫ്.സി.കൾ. അതുകൊണ്ട് ഇവ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. റഫ്രിജറേറ്ററുകളിലും എയർകണ്ടീഷനറുകളിലും എയറോസോൾ സ്പ്രേകളിലും ഇവ ധാരാളമായി ഉപയോഗിക്കുന്നു. കംപ്യൂട്ടറുകളിലേയും ഫോണുകളിലേയും ഇലക്ട്രോണിക് സർക്യൂട്ട്ബോർഡുകൾ ക്ലീൻ ചെയ്യുന്നതിനും സി.എഫ്.സി.കൾ ഉപയോഗിക്കുന്നുണ്ട്. ഉപകരണങ്ങളിൽനിന്നും മറ്റും പുറത്തുവരുന്ന സി. എഫ്. സി.കളും ഹാലോണുകളും സാവധാനം സ്ട്രാറ്റോസ്ഫിയറിൽ എത്തുന്നു. അൾട്രാവയലറ്റ് രശ്മികൾ ഏറ്റ് ഇവയിൽനിന്ന് ക്ലോറിൻ ആറ്റങ്ങൾ സ്വതന്ത്രമാകുന്നു. ക്ലോറിൻ ആറ്റങ്ങൾ ഓസോണിനെ വിഘടിപ്പിച്ച് ഓക്സിജനാക്കിമാറ്റുന്നു. ഒരു ക്ലോറിൻ ആറ്റത്തിനുതന്നെ ഒരു ലക്ഷത്തോളം ഓസോൺ തന്മാത്രകളെ വിഘടിപ്പിക്കാനാകും. സ്ട്രാറ്റോസ്ഫിയറിലെ ഓസോണിന്റെ അളവിൽ ഒരുശതമാനം കുറവു വന്നാൽ ഭൂമിയിലെത്തുന്ന അൾട്രാവയലറ്റ് രശ്മികളുടെ അളവിൽ രണ്ടുശതമാനം വർധനയുണ്ടാകും.
ഓസോൺ പാളിയുടെ സംരക്ഷണത്തിനായി 1987 സെപ്റ്റംബർ 16-ന് കാനഡയിലെ മോൺട്രിയലിൽ വെച്ച് ഉടമ്പടി ഒപ്പുവച്ചു. ഈ ഉടമ്പടിയെ മോൺട്രിയോൾ പ്രോട്ടോകോൾ എന്ന് വിളിക്കുന്നു. |
ഓസോൺ ദിനം
മനുഷ്യനിർമിതമായ രാസവസ്തുക്കളും മറ്റ് പ്രകൃതിക്ക് ദോഷകരമായ അവസ്ഥകളുമെല്ലാം ഓസോൺപാളിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം രാസവസ്തുക്കളുടെ ഉത്പാദനവും ഉപയോഗവും നിയന്ത്രിച്ച് ഭൂമിയെയും ജീവജാലങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനാണ് ഓസോൺ ദിനം ആചരിക്കുന്നത്. ഓസോൺ ശോഷണം ബോധ്യപ്പെടുകയും അതിന്റെ അപകടം തിരിച്ചറിയുകയും ചെയ്തതോടെ 1987 സെപ്റ്റംബർ 16- ന് കാനഡയിലെ മോൺട്രിയലിൽവെച്ച് 24 ലോകരാഷ്ട്രങ്ങുടെ പ്രതിനിധികൾ ചേർന്ന് ഒരു ഉടമ്പടിയിൽ ഒപ്പുവെച്ചു. ഓസോൺ പാളിക്ക് ദോഷംചെയ്യുന്ന രാസവസ്തുക്കളുടെ ഉത്പാദനം പടിപടിയായി കുറച്ചുകൊണ്ടുവരുന്നതിനുള്ള ഉടമ്പടിയായിരുന്നു അത്. മോൺട്രിയൽ ഉടമ്പടി (മോൺട്രിയോൾ പ്രോട്ടോകോൾ) എന്നാണത് അറിയപ്പെടുന്നത്. ഇതിന്റെ ഓർമയ്ക്കാണ് സെപ്റ്റംബർ 16 ഓസോൺ ദിനാചരണത്തിനായി തിരഞ്ഞെടുത്തത്. ഉടമ്പടി 1987- ൽ നിലവിൽവന്നെങ്കിലും 1994-ൽ ഐക്യരാഷ്ട്രസഭയുടെ അംഗീകാരത്തിനുശേഷം 1995- മുതൽക്കാണ് ലോകവ്യാപകമായി ഓസോൺദിനം ആചരിച്ചുവരുന്നത്.
കാനഡയിലെ മോൺട്രിയലിൽവെച്ച് നടന്ന ഉടമ്പടിയെ ഓർമിപ്പിച്ചു കൊണ്ടാണ് ഇത്തവണത്തെ ഓസോൺദിന സന്ദേശം "Montreal Protocol - keeping us, our food and vaccines cool." |
ചോദ്യോത്തരങ്ങൾ ❓
- ലോക ഓസോൺ ദിനം എന്നാണ്?സെപ്റ്റംബർ 16
- 2021 ലെ ഓസോൺ ദിന സന്ദേശം?
- Montreal Protocol – Keeping us, our food and vaccines cool”
- ഓസോൺ പാളി കാണപ്പെടുന്ന അന്തരീക്ഷ മണ്ഡലം ഏത്?
- സ്ട്രാറ്റോസ്ഫിയർ
- 1839 -ൽ ഓസോൺ വാതകം കണ്ടെത്തുകയും ഓസോൺ എന്ന പേര് നൽകുകയും ചെയ്ത ജർമ്മൻ ശാസ്ത്രജ്ഞൻ ?
- ക്രിസ്റ്റിൻ ഫെഡറിക് ഷോൺ ബേയ്‌ൻ
- ഓസോൺ വാതകം കണ്ടുപിടിച്ച
- ക്രിസ്റ്റിൻ ഫെഡറിക് ഷോൺ ബേയ്ൻ ഏത് സർവകലാശാലയിലെ പ്രൊഫസർ ആയിരുന്നു ?
- സ്വിറ്റ്സർലാൻഡിലെ ബേസൽ സർവ്വകലാശാല
- 1913 -ൽ ഓസോൺപാളി കണ്ടെത്തിയ ഫ്രഞ്ച് ഭൗതികശാസ്ത്രഞ്ജന്മാർ ആരെല്ലാം?
- ചാൾസ് ഫാബ്രി, ഹെൻറി ബിഷൺ
- ഭൂമിയുടെ ഏത് ഭാഗത്താണ് ഓസോൺ സുഷിരം ആദ്യമായി കണ്ടെത്തിയത്?
- അന്റാർട്ടിക് മേഖലയിൽ
- ഓസോൺപാളിയിലെ വിള്ളൽ ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞർ ആരെല്ലാം?
- ജോയ് ഫാർമാൻ, ബിയാൻ ഗാർഡിനർ , ജോനാതൻ ഷാങ്ക്ലിൻ
- ഓസോൺ എന്തിനാലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് ?
- 3 ഓക്സിജൻ ആറ്റങ്ങൾ
- ഓസോണിന്റെ അളവ് രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?
- സ്പെക്ട്രോഫോമീറ്റർ
- സ്പെക്ട്രോഫോമീറ്റർ കണ്ടുപിടിച്ചതാര്?
- ജി എം ബി ഡോബ്സൺ
- അന്തരീക്ഷത്തിലെ ഓസോണിന്റെ അളവ് രേഖപ്പെടുത്തുന്നത് ഏത് യൂണിറ്റിലാണ്?
- ഡോബ്സൺ യൂണിറ്റ്
- 1928 നും 1958 നും ഇടയിൽ ലോകവ്യാപകമായ ഓസോൺ നിരീക്ഷണ കേന്ദ്രങ്ങളുടെ ശൃംഗല സ്ഥാപിക്കാൻ മുൻകൈ എടുത്ത ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ആരാണ്?
- ജി എം ബി ഡോബ്സൺ
- അന്തരീക്ഷത്തിലെ ഓസോണിന്റെ അളവിനെ എന്താണ് പറയുന്നത് ?
- ഡോബ്സൺ യൂണിറ്റ്
- ഓസോൺപാളിയുടെ സംരക്ഷണത്തിനായി ലോക രാജ്യങ്ങൾ ഒപ്പുവെച്ച കരാർ ഏത്?
- മോൺട്രിയൽ പ്രോട്ടോകോൾ
- മോൺട്രിയൽ പ്രോട്ടോകോൾ ഒപ്പുവച്ച വർഷം ഏത്?
- 1987 സെപ്റ്റംബർ 16
- മോൺട്രിയൽ പ്രോട്ടോകോൾ നിലവിൽ വന്നത് എന്ന്?
- 1989 ജനുവരി 1
- ഇതുവരെ മോൺട്രിയൽ പ്രോട്ടോകോളിൽ എത്ര രാജ്യങ്ങൾ ഒപ്പു വച്ചു?
- 197
- മോൺട്രിയൽ പ്രോട്ടോകോളിൽ ആദ്യം ഒപ്പുവച്ച രാജ്യങ്ങൾ എത്രയായിരുന്നു?
- 24
- മോൺട്രിയൽ എന്ന പ്രദേശം ഏതു രാജ്യത്താണ്?
- കാനഡ
- മോൺട്രിയൽ പ്രോട്ടോകോളിൽ ഇന്ത്യ ഒപ്പുവച്ചത് എന്ന്?
- 1992 ജൂൺ 19
- 1987 സെപ്റ്റംബർ 16 -ലെ മോൺട്രിയൽ പ്രോട്ടോകോൾ എന്ന കരാർ രൂപം കൊണ്ടത് ഏത് രാജ്യത്ത് വെച്ചാണ്?
- കാനഡ
- CFC യുടെ പൂർണ്ണരൂപം എന്ത്?
- ക്ലോറോ ഫ്ലൂറോ കാർബൺ
■■■■■■■■■■■■■■■■■■■■■■■■■■■■
QUIZWORLD.ONLINE നെ കുറിച്ചും മത്സര നിയമങ്ങളുമറിയാൻ ഇവിടെ Click ചെയ്യൂ. |
◆◆◆◆◆◆◆◆◆◆◆◆◆■◆◆◆◆◆◆◆◆◆◆◆◆◆◆
കൂടുതൽ ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കാൻ ഇവിടെ അമർത്തുക. |
●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●
ഇതുവരെയുള്ള മത്സര ഫലങ്ങൾ അറിയാൻ ഇവിടെ അമർത്തുക |
◈ ◈ ◈ ◈ ◈ ◈ ◈ ◈ ◈ ◈ ◈ ◈ ◈ ◈ ◈ ◈ ◈ ◈ ◈ ◈ ◈ ✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾✾
....
0 അഭിപ്രായങ്ങള്‍