പുണ്യം നിറഞ്ഞ ബറാഅത്ത് രാവ്

 



ഹിജ്റ കലണ്ടറിലെ എട്ടാമത്തെ മാസമാണ് വിശുദ്ധ ശഅബാൻ. അനുഗ്രഹങ്ങളുടെയും  പുണ്യങ്ങളുടെയും നന്മകളുടെയും പുണ്യ വസന്തങ്ങൾ പെയ്തിറങ്ങുന്ന രാപ്പകലുകൾ നമുക്ക് നൽകുന്ന വിശുദ്ധ മാസമാണത്. ബറാഅത്ത് രാവിന്റെ പുണ്യംപൂക്കുന്ന രാത്രി ശഅബാൻ മാസത്തിന്റെ പ്രത്യേകതയാണ്. പരിശുദ്ധമായ റമളാന്റെയും വിശുദ്ധമായ റജബിന്റെയും ഇടയിൽ പുണ്യങ്ങളുടെ വസന്തം തീർക്കുകയാണ് വിശുദ്ധ ശഅബാൻ. നന്മകളുടെ ലോകത്തേക്ക് മനുഷ്യമനസ്സിനെ കൂട്ടിക്കൊണ്ടുപോകാൻ പടച്ച റബ്ബ് കനിഞ്ഞേകിയ വിശുദ്ധ റമളാനുമുന്നോടിയായി, ഹൃദയം ശുദ്ധീകരിക്കാനും ആത്മാവിനെ പരിപോഷിപ്പിക്കാനും വിശുദ്ധ ശഅബാനിലൂടെ നാഥൻ നമുക്ക് അവസരമൊരുക്കി തന്നിരിക്കുകയാണ്. അതുകൊണ്ട് തന്നെയായിരിക്കാം ”റജബ് പാപമോചനത്തിന്റെയും ശഅ്ബാൻ ന്യൂനതകളിൽനിന്ന്ഹൃദയം ശുദ്ധീകരിക്കുന്നതിന്റെയും റമളാൻ ഹൃദയം പ്രകാശിപ്പിക്കുന്നതിന്റെയും മാസങ്ങളാണെന്നും ലൈലത്തുൽ ഖദ്ർ അല്ലാഹുﷻവിലേക്ക് അടുക്കാൻ ഉള്ളതാണെന്നും” മഹാൻമാരായ പണ്ഡിതൻമാർ രേഖപ്പെടുത്തിത്.


ശഅബാനിലെ പദങ്ങളിലെ അത്ഭുതം


     ശഅബാൻ എന്ന അറബി പദത്തിലെ ഓരോ അക്ഷരങ്ങളും ആ മാസത്തിന്റെ പവിത്രതയിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. മുആദ് ബ്നു യഹ്‌യാ (റ) എന്നവർ പറയുന്നു: "ശഅബാൻ എന്നതിൽ അഞ്ച് അക്ഷരങ്ങളുണ്ട്.

ശീൻ(ش) ശറഫും (ബഹുമാനം, മഹത്വം)

ഗൈൻ (ع) ഇസ്സത്തും (പ്രതാപം) 

ബാഅ് (ب ബിർറും (ഗുണം) 

അലിഫ് (ا) ഉൽഫത്തും(ഇണക്കം, ഒരുമ) 

നൂൻ (ن) നൂറും (പ്രകാശം)മാണ്. 

വിശുദ്ധമായ ശഅബാനിൽ അല്ലാഹു ﷻ അടിമകൾക്ക് ഇതെല്ലാം നൽകുന്നതാണ്.” 


ശഅബാനിന് ആ പേര് വരാൻ നിരവധി കാരണങ്ങളുണ്ട്. തശഉബ് (تشعب) എന്ന പദത്തിൽ നിന്നാണ് ശഅബാൻ എന്ന പദത്തിന്റെ ഉത്ഭവം. “തശഅബ” വിട്ടു പിരിഞ്ഞുവെന്നാണർത്ഥം. വെള്ളത്തെ അന്വേഷിച്ചു കൊണ്ട് അറബികൾ പരസ്പരം വിട്ട് പിരിയുന്നത് ഈ മാസത്തിലാണെന്നും അതല്ല, യുദ്ധം ഹറാമായ മാസമായ റജബ് കഴിഞ്ഞ് യുദ്ധത്തിനായി അറബികൾ വിട്ട് പിരിയുന്നതിനാലാണെന്നും അഭിപ്രായങ്ങളുണ്ട്. ശഅബാൻ മാസം പരിശുദ്ധമായ റമളാന്റെയും വിശുദ്ധമായ റജബിന്റെയും ഇടയിൽ വരികയും ആ രണ്ട് മാസങ്ങളെ പരസ്പരം വിട്ട് പിരിക്കുകയും ചെയ്തതിനാലാണ് ആ പേര് വന്നതെന്നും അഭിപ്രായമുണ്ട്.

എന്നാൽ, മഹാനായ ഇബ്നു ഹജർ (റ) തങ്ങൾشعب ( ശഅബ) എന്നപദത്തിന്  ഒരുമിച്ച് കൂടുക എന്നാണ് അർത്ഥം നൽകിയിരിക്കുന്നത്. അതിനു കാരണം നന്മകൾ ആ മാസത്തിൽ ഒരുമിച്ച് കൂടിയിരിക്കുന്നു എന്നതാണ്. ഈ അർത്ഥത്തിലേക്ക് വിരൽ ചൂണ്ടുന്ന ഒരു ഹദീസും നമുക്ക് കാണം. നബിﷺതങ്ങൾ ഒരിക്കൽ സ്വഹാബാക്കളോട് ചോദിച്ചു: ശഅബാൻ മാസത്തിന് ആ പേര് വരാനുള്ള കാരണമെന്താണെന്ന് നിങ്ങൾക്കറിയാമോ? അവർ പറഞ്ഞു: അല്ലാഹുﷻവും റസൂലുമാണ് (ﷺ) ഏറ്റവും അറിയുന്നവർ. നബിﷺതങ്ങൾ പറഞ്ഞു: "ആ മാസത്തിൽ ധാരാളം ഖൈറുകൾ ഒരുമിച്ച് കൂടും എന്നതിനാലാണത്

ശഅബാനിന്റെ മഹത്വങ്ങൾ: ഹദീസുകളിലൂടെ

ശഅബാൻ മാസത്തിന് നിരവധി മഹത്വങ്ങളുണ്ട്. ശഅബാന്റെ മഹത്വത്തിലേക്ക് വിരൽചൂണ്ടുന്ന ഒരു ഹദീസ് ഇങ്ങനെ വായിക്കാം: നബിﷺതങ്ങൾ പറയുന്നു: "മറ്റു മാസങ്ങളെക്കാൾ ശഅബാനിനുള്ള ശ്രേഷ്ഠത; എനിക്ക്, മറ്റു അമ്പിയാക്കളെക്കാൾ ഉള്ള ശ്രേഷ്ഠതപോലെയാണ്."

വിശുദ്ധമായ ശഅബാൻ ആകാശ ലോകത്തേക്ക് നന്മകൾ ഉയർത്തപ്പെടുന്ന മാസമാണ്. 

നബിﷺതങ്ങൾ പറയുന്നു: "റജബിന്റെയും റമളാനിന്റെയും ഇടയിലുള്ള മാസമാണ് ശഅ്ബാൻ. ജനങ്ങൾ അതിൽ അശ്രദ്ധരാകുന്നു. ശഅബാനിലാണ് അടിമകളുടെ അമലുകൾ അല്ലാഹുﷻവിലേക്ക് ഉയർത്തപ്പെടുന്നത്. എന്റെ അമലുകൾ നോമ്പുകാരനായിരിക്കെ ഉയർത്തപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത്."

അനസ് ബിന് മാലിക് (റ) നിവേദനം: നബിﷺതങ്ങൾ പറഞ്ഞു : "അല്ലാഹു ﷻ അർശിനു ചുവട്ടിൽ ഒരു കടൽ സൃഷ്ടിച്ചു. പിന്നെ ഒരു മലക്കിനെയും സൃഷ്ടിച്ചു. ആ മലക്കിന്റെ ചിറകുകളിൽ ഒന്ന് കിഴക്കും മറ്റൊരു ചിറക് പടിഞ്ഞാറുമാണ്. (മലക്കിന്റെ തല, കാൽ എന്നിവയെക്കുറിച്ചും ഈ ഹദീസിൽ പരാമർശിക്കുന്നുണ്ട്) ശഅ്ബാൻ മാസത്തിൽ ആരെങ്കിലും എന്റെമേൽ  സ്വലാത്ത് ചൊല്ലിയാൽ അല്ലാഹു ﷻ ആ മലക്കിനോട് മാഉൽഹയാത്തി (ജീവന്റെവെള്ളം) ൽ മുങ്ങാൻ കൽപിക്കും. അപ്പോൾ ആ മലക്ക് അതിൽ മുങ്ങുകയും പിന്നെ അതിൽനിന്നു പുറത്തു വരികയും ചെയ്യും. പിന്നെ ആ മലക്ക് തന്റെ ചിറകു കുടയുകയും അപ്പോൾ ഓരോ തൂവലിൽ നിന്നും വെള്ളത്തുള്ളികൾ ഉറ്റി വീഴും. അപ്പോൾ ഓരോ തുള്ളിയിൽ  നിന്നും അല്ലാഹു ﷻ ഓരോ മലക്കിനെ സൃഷ്ടിക്കും. ആ മലക്ക് അവന് വേണ്ടി അന്ത്യനാൾ വരെ പൊറുക്കലിനെ ചോദിക്കും." (ദുർറത്തു സ്വാലിഹീൻ)


യമനിലെ ആരിഫീങ്ങളിൽ പെട്ട ഒരു മഹാൻ പറയുന്നു : "ശഅബാൻ ആദ്യരാത്രിയിൽ ഒരാൾ സൂറത്ത്ദ്ദുഖാനിലെ ആദ്യത്തെ എട്ട് ആയത്തുകൾ പതിനഞ്ച്തവണ പാരായണം ചെയ്യുകയും ശേഷം അല്ലാഹുﷻവിന് ദിക്റും സനാഉം (പുകഴ്ത്തൽ) നിരവധി തവണ സ്വലാത്തുകളും ചൊല്ലി ഇഷ്ടമുള്ളത് പ്രാർത്ഥിച്ചാൽ അവന് പെട്ടെന്ന് ഉത്തരം ലഭിക്കുന്നതാണ്." (നിഹായത്തുൽഅമൽ)

നബിﷺതങ്ങൾ പറയുന്നു: "ആരെങ്കിലും ശഅബാൻ മാസത്തെ ആദരിക്കുകയും അല്ലാഹുﷻവിനെ സൂക്ഷിക്കുകയും അല്ലാഹുﷻവിനു വഴിപ്പെടുകയും തെറ്റുകളെ തൊട്ട് പിടിച്ചു നിൽക്കുകയും ചെയ്താൽ അല്ലാഹു ﷻ അവന്റെ പാപങ്ങൾ പൊറുത്തുകൊടുക്കുകയും ആ വർഷം ഉണ്ടാകുന്ന രോഗങ്ങളും പരീക്ഷണങ്ങളിൽനിന്നും അവനെ നിർഭയനാക്കുകയും ചെയ്യും."

തൗറാത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്: 'ശഅബാനിൽ ഒരാൾ

لاإله إلا الله ولانعبده إلا إياه مخلصين له الدين ولو كره الكافرون

എന്ന് ചൊല്ലിയാൽ അവന് ആയിരം വർഷത്തെ ഇബാദത്തിന്റെ പ്രതിഫലം രേഖപ്പെടുത്തപ്പെടും. ആയിരം കൊല്ലത്തെ പാപങ്ങൾ അവന് പൊറുത്തുകൊടുക്കും. ഖബറിൽനിന്ന് എഴുന്നേൽക്കുമ്പോൾ പതിനാലാം രാവിലെ ചന്ദ്രനെപോലെ ആയിരിക്കും അയാളുടെ മുഖം. അല്ലാഹുﷻവിന്റെ അടുക്കൽ സിദ്ദീഖീങ്ങളുടെ കൂട്ടത്തിൽ അവനെ രേഖപ്പെടുത്തപ്പെടും."(നുസ്ഹത്തുൽ മജാലിസ് )

മഹാന്മാരായ നമ്മുടെ മുൻഗാമികൾ വിശുദ്ധമായ ശഅബാൻ കടന്നുവന്നാൽ ഇബാദത്തുകളും മറ്റു നന്മകൾക്കും വേണ്ടി ഒഴിഞ്ഞിരിക്കാറുണ്ടായിരുന്നു. മഹാനായ അംറ് ബ്നു ഖൈസ് (റ) ശഅബാനായാൽ തന്റെ പീടിക അടക്കുകയും ശഅബാനിലും റമളാനിലും ഖുർആൻ ഓതാൻ വേണ്ടി ഒഴിഞ്ഞിരിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് ചരിത്രം പരിശോധിച്ചാൽ നമുക്ക് കാണാം.

അനസ് ബ്നു മാലിക് (റ) പറയുന്നു: ശഅ്ബാൻ മാസം കണ്ടാൽ സ്വഹാബികൾ മുസ്ഹഫ് പാരായണത്തിൽ വ്യാപൃതരാവുകയും റമളാനിനുആവശ്യമുള്ള വസ്തുക്കൾ ശേഖരിക്കാൻ വേണ്ടി മുസ്ലിങ്ങൾ അവരുടെ സക്കാത്ത് പാവങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്യുമായിരുന്നു. ഭരണാധികാരികൾ തടവിലാക്കപ്പെട്ടവരെ വിളിക്കുകയും പ്രതിക്രിയ ചെയ്യാനുള്ളവരെ അങ്ങനെ ചെയ്യുകയും അല്ലാത്തവരെ വിട്ടയക്കുകയും കച്ചവടക്കാർ അവരുടെ കടങ്ങൾ വീട്ടുകയും കിട്ടാനുള്ളവ വാങ്ങുകയും ചെയ്യുമായിരുന്നു. അങ്ങനെ റമളാൻ മാസം കണ്ടാൽ അവർ കുളിച്ച് വൃത്തിയായി ഇഅ്‌തികാഫ് ഇരിക്കുകയും ചെയ്യുമായിരുന്നു. (ഗുൻയത്ത്)


ശഅബാനിലെ നോമ്പിന്റെ പവിത്രത

ശഅ്ബാൻ മാസം നോമ്പ് നോൽക്കുന്നതിന് നിരവധി മഹത്വങ്ങളുണ്ട്. ഒരുപാട് പവിത്രതകളും ശഅബാനിലെ നോമ്പിനുണ്ട്. ഹദീസുകൾ പരിശോധിച്ചാൽ ഇക്കാര്യം നമുക്ക് വ്യക്തമാകും. നബിﷺതങ്ങൾ പറയുന്നു: ശഅബാന്റെ ആദ്യത്തിൽ നിന്ന് മൂന്ന് ദിവസവും മദ്ധ്യത്തിൽ നിന്ന് മൂന്ന് ദിവസവും അവസാനത്തിൽ നിന്ന് മൂന്നു ദിവസവും ഒരാൾ നോമ്പനുഷ്ഠിച്ചാൽ അവന് എഴുപത് പ്രവാചകന്മാരുടെ പ്രതിഫലം എഴുതപ്പെടും. എഴുപത് വർഷം അല്ലാഹുﷻവിന് ആരാധിച്ച പോലെയായി അവൻ മാറുകയും ചെയ്യും. 

മറ്റൊരു ഹദീസിൽ ഇങ്ങനെ കാണാം. ആഇഷാബീവി (റ) പറയുന്നു: നബിﷺക്ക് ഏറ്റവും ഇഷ്ടപ്പെട്ട മാസമായിരുന്നു ശഅബാൻ. ശഅബാൻ നരകത്തിൽ നിന്നുള്ള പരിചയാണ്. ആരെങ്കിലും എന്നെ കണ്ടുമുട്ടാൻ ഉദ്ദേശിച്ചാൽ ശഅബാനിൽ നോമ്പനുഷ്ഠിക്കട്ടെ. അത് മൂന്ന് ദിവസം ആണെങ്കിലും ശരി എന്ന് നബിﷺതങ്ങൾ പറയുകയും ചെയ്യുമായിരുന്നു. 

നബിﷺതങ്ങൾ പറയുന്നു: "റമളാനിലെ നോമ്പിന് വേണ്ടി ശഅബാനിലെ നോമ്പ് കൊണ്ട് നിങ്ങൾ നിങ്ങളുടെ ശരീരങ്ങളെ ശുദ്ധീകരിക്കുക. ശഅബാനിൽ നിന്നും മൂന്ന് ദിവസം നോമ്പ് നോൽക്കുകയും നോമ്പ് തുറക്കുന്നതിനു മുമ്പ് എന്റെ മേൽ പലപ്രാവശ്യങ്ങളിലായി സ്വലാത്ത് ചൊല്ലുകയും ചെയ്താൽ അല്ലാഹു ﷻ അവന്റെ പാപങ്ങൾ പൊറുത്തു കൊടുത്തിട്ടല്ലാതെയില്ല."

വിശുദ്ധമായ ശഅ്ബാനിലെ നോമ്പുകളുടെ മഹത്വമാണ് ഈ ഹദീസുകളിൽ നിന്നെല്ലാം നമുക്ക് മനസ്സിലാകുന്നത്. അപ്രകാരം തന്നെ, ഖബർ ശിക്ഷയിൽ നിന്നും നരകശിക്ഷയിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു മാർഗം കൂടിയാണ് ശഅബാനിലെ നോമ്പ്.

മുഹമ്മദ് ബിനു അസ്സാഹിദ് (റ) എന്നവർ പറയുന്നു : എന്റെ കൂട്ടുകാരനായ അബൂ ഹഫ്സ് (റ) എന്നവർ മരണപ്പെട്ടു. ഞാൻ അദ്ദേഹത്തിന് മേൽ മയ്യിത്ത് നമസ്കരിച്ചു. പക്ഷേ എട്ടുമാസത്തോളം ഞാൻ അദ്ദേഹത്തിന്റെ ഖബർ സിയാറത്ത് ചെയ്തില്ല. പിന്നെ ഞാൻ സിയാറത്ത് ചെയ്യാനുദ്ദേശിച്ചു. അന്ന് രാത്രിയിൽ ഞാൻ കിടന്നുറങ്ങവേ നിറം മാറിയ  നിലയിലായിഎന്റെ സുഹൃത്തിനെ ഞാൻ സ്വപ്നം കണ്ടു. ഞാൻ അദ്ദേഹത്തോട് സലാം പറഞ്ഞു. അദ്ദേഹം സലാം മടക്കിയില്ല. അപ്പോൾ ഞാൻ ചോദിച്ചു: നീ എന്താ സലാം മടക്കാത്തത്..? അദ്ദേഹം പറഞ്ഞു:  സലാം മടക്കൽ ഇബാദത്താണ്. ഞങ്ങൾ (മരിച്ചവർ) ഇബാദത്തിനെ തൊട്ട് മുറിഞ്ഞവരാണ്. "നിന്നെ നിറം മാറിയതായി ഞാൻ കാണുന്നുവല്ലോ..? നീ ഭൂമുഖത്ത് നല്ല ഭംഗിയുള്ളവനായിരുന്നുവല്ലോ..? എന്താണ് കാരണം..?" ഞാൻ ചോദിച്ചു. അദ്ദേഹം പറഞ്ഞു: "എന്നെ ഖബറിലേക്ക് വെച്ചപ്പോൾ എന്റെ അരികിലേക്ക് മലക്ക് വന്നു. എന്നിട്ട് ഇങ്ങനെ വിളിച്ചു. 'ഓ…. തെറ്റുകാരാ...' പിന്നീട് ആ മലക്ക് എന്റെ തെറ്റുകൾ ഓരോന്നായി എണ്ണാൻ തുടങ്ങി. ആ മലക്ക് കയ്യിലുള്ള ദണ്ഡ് കൊണ്ട് എന്നെ അടിച്ചു. ഉടനെ എന്റെ  ശരീരം തീ കൊണ്ട് തിളക്കാൻ തുടങ്ങി. പിന്നെ എന്റെ ഖബർ എന്നോട് സംസാരിച്ചു : നിനക്ക് നിന്റെ രക്ഷിതാവിനോട് ലജ്ജയില്ലേ..? പിന്നെ ഖബർ എന്നെ കൂട്ടിപ്പിടിച്ചു. എന്റെവാരിയെല്ലുകൾ കൂട്ടിയിണങ്ങി. എന്റെ കെണിപ്പുകൾ പൊട്ടി. ശഅ്ബാൻ മാസം ഉദിക്കുന്നത് വരെ ഞാൻ ഈ അവസ്ഥയിൽ തന്നെ തുടർന്നു. ശഅബാൻ മാസം ആയപ്പോൾ എന്റെ മുകളിൽ നിന്ന് ഒരാൾ ഇങ്ങനെ വിളിച്ചു പറഞ്ഞു: ഓ.. മലക്കേ.. അദ്ദേഹത്തെ തൊട്ടു മാറിനിൽക്കൂ. നിശ്ചയമായും അവൻ അവന്റെ ജീവിതത്തിൽ ശഅബാനിലെ ഒരു രാത്രി ഹയാത്താക്കുക (ഇബാദത്തുകൾ കൊണ്ട് സജീവമാക്കുക) യും ശഅബാനിലെ ഒരു പകൽ നോമ്പനുഷ്ഠിക്കുകയും ചെയ്തിരുന്നു. അങ്ങനെ അല്ലാഹു ﷻ ശഅബാനിലെ ഒരു രാത്രിയിലെ ഹയാത്താക്കൽ കൊണ്ടും ഒരു പകലിലെ നോമ്പ് കൊണ്ടും അല്ലാഹു ﷻ എന്നെ തൊട്ട് ശിക്ഷ ഉയർത്തുകയും സ്വർഗ്ഗം കൊണ്ട് എന്നെ സന്തോഷവാർത്ത അറിയിക്കുകയും ചെയ്തു. (ദുർറത്തുസ്വാലിഹീൻ )

വിശുദ്ധമായ ശഅബാനിലെ ഒരു ദിവസത്തെ നോമ്പിന്റെയും ഹയാത്തക്കലിന്റെയും പ്രതിഫലം ഇത്ര വലുതാണെങ്കിൽ ആ മാസം മുഴുവനുള്ള നോമ്പിന്റെയും മറ്റും പ്രതിഫലം എത്രയായിരിക്കും.

ലൈലത്തുൽ ബറാഅ: അനുഗ്രഹങ്ങളുടെ പുണ്യരാവ്

വിശുദ്ധമായ ശഅബാന്റെ പതിനഞ്ചാം രാവാണ് ലൈലത്തുൽ ബറാഅത്ത് എന്നപേരിലറിയപ്പെടുന്നത്. നിരവധി മഹത്വങ്ങളും ശ്രേഷ്ഠതകളും ഉള്ള ഈ രാത്രിക്ക് നിരവധി പേരുകൾ ഉണ്ട്. ലൈലത്തുൽ ബറാഅത്ത്, ലൈലത്തുൽ മുബാറകത്ത്, ലൈലത്തുൽ ഖിസ്മത്തി വതഖ്ദീർ, ലൈലത്തുൽ ഇജാബ, ലൈലത്തുൽ ഹയാത്ത് എന്നിങ്ങനെ നിരവധി പേരുകൾ വിശുദ്ധമായ ശഅബാൻ പതിനഞ്ചിനുണ്ട്.

അബൂഹുറൈറ(റ)ൽ നിന്ന് നിവേദനം, നബിﷺതങ്ങൾ പറയുന്നു: പകുതിയുടെ രാത്രിയിൽ എന്റെയടുത്തേക്ക് ജിബിരീൽ (അ) വരികയും "നബിയേ, ഈ രാത്രി  ആകാശ വാതിലുകളും റഹ്മത്തിന്റെ കവാടങ്ങളും തുറക്കപ്പെടും. അതിനാൽ അങ്ങ് എഴുന്നേൽക്കുക, നിസ്കരിക്കുക, ആകാശത്തേക്ക് മുഖവും കൈകളും ഉയർത്തുക" എന്നു പറയുകയും ചെയ്തു. ഞാൻ ചോദിച്ചു ജിബിരീലേ ഇത് ഏത് രാത്രിയാണ്. ജിബിരീൽ (അ) പറഞ്ഞു: "ഈ രാത്രി മുന്നൂറ് കാരുണ്യത്തിന്റെ വാതിൽ തുറക്കപ്പെടും. ശിർക്ക് ചെയ്തവൻ, പക വെക്കുന്നവൻ, സിഹ്ർ ചെയ്യുന്നവൻ, ജ്യോത്സ്യൻ, കള്ളിന് കീഴ്പ്പെട്ടവൻ, വ്യഭിചാരി, പലിശ തിന്നുന്നവൻ, മാതാപിതാക്കളെ ആക്ഷേപിക്കുന്നവൻ, കുടുംബ ബന്ധം വിച്ഛേദിക്കുന്നവൻ, നമീമത്തുകാരൻ എന്നിവർ അല്ലാത്ത എല്ലാവർക്കും അല്ലാഹു ﷻ പൊറുത്തുകൊടുക്കും." ഉടനെ നബിﷺതങ്ങൾ പുറത്തേക്ക് വരികയും നിസ്കരിക്കുകയും കരയുകയും ചെയ്തു. 

അത്വാഉ ബ്നു യാസിർ (റ) തൊട്ടു നിവേദനം: നബിﷺതങ്ങൾ പറഞ്ഞു: "ലൈലത്തുൽ ഖദ്റിനുശേഷം ഏറ്റവും ശ്രേഷ്ഠമായ രാത്രി ശഅബാൻ പകുതിയുടെ രാവാണ് .

വിശുദ്ധമായ ഈ രാവിനെ മലക്കുകൾ പെരുന്നാൾ ദിവസമായിട്ടാണ് കാണുന്നത്." മഹാന്മാർ പറയുന്നു: മുസ്ലിങ്ങൾക്ക് ഭൂമിയിൽ രണ്ടു പെരുന്നാൾ ദിവസങ്ങൾ ഉള്ളതുപോലെ ആകാശത്ത് മലക്കുകൾക്കും രണ്ടു പെരുന്നാൾ രാവുകൾ ഉണ്ട്. ഒന്ന്, ലൈലതുൽ ബറാഅ രണ്ട്, ലൈലത്തുൽ ഖദ്ർ. നിരവധി നന്മകളും സുകൃതങ്ങളും ചെയ്യാനുള്ള രാത്രിയാണ് ബറാഅത്ത് രാവ്. 


ശഅ്ബാൻ: ആരാധനയും
ആധികാരികതയും 


ഹിജ്‌റ വർഷത്തിലെ പവിത്രമായ മാസങ്ങളിലൊന്നാണ് ശഅ്ബാൻ. ഈ മാസത്തിന്റെ ശ്രേഷ്ഠതകൾ പ്രസിദ്ധവും ഇതിലെ മഹത്ത്വങ്ങൾ അനിർവചനീയവുമാണ്. ലാഭകരമായ സീസണിലെ കച്ചവടം പോലെയാണ് ശഅ്ബാനിലെ ആരാധനകളെന്ന് മഹാന്മാർ വിശേഷിപ്പിച്ചിട്ടുണ്ട്. ശഅ്ബാനിൽ കഠിനാധ്വാനം ചെയ്തു ശരീരത്തെ വഴക്കിയെടുത്താൽ റമളാനിൽ സുന്ദരമായ വിജയം പുൽകാനാകുന്നതാണ് (കൻസുന്നജാഹി വസ്സുറൂർ പേ. 149).

റമളാനാണല്ലോ വിശ്വാസികൾക്ക് പ്രതിഫലങ്ങൾ സമ്പാദിക്കാനുള്ള പ്രധാന മാസം. അതിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പ് നടത്താനുള്ളതാണ് റജബ്, ശഅ്ബാൻ മാസങ്ങൾ. റജബെത്തിയാൽ തന്നെ നബി(സ്വ) റമളാനിനെ എത്തിച്ചുതരാൻ അല്ലാഹുവിനോട് തേടിയിരുന്നതായി ഹദീസിൽ കാണാം. 


ഇന്നും നമ്മുടെ പള്ളി മിഹ്‌റാബുകളിൽ മുടക്കമില്ലാതെ തുടർന്നുവരുന്ന ഒരു ചര്യ കൂടിയാണിത്. ശഅ്ബാൻ മാസപ്പിറവി കണ്ടാലും നബി(സ്വ) പ്രസ്തുത ദുആ ചെയ്തിരുന്നതായി ഗ്വാലിയത്തുൽ മവാഇളി(148/2)ൽ നിവേദനം ചെയ്യപ്പെട്ടതായി കാണാം. അതിൽ റജബ് എന്ന പദം ഒഴിവാക്കാതെയാണ് ദുആ ചെയ്തതെന്നും ശ്രദ്ധേയമാണ്.

മഹാന്മാർ പറഞ്ഞു: വർഷത്തെ ഒരു വൃക്ഷമായി സങ്കൽപിച്ചാൽ റജബ് അതിന്റെ ഇലവിരിയും കാലവും ശഅ്ബാൻ ഫലങ്ങൾ കായ്ക്കുന്ന കാലവും റമളാൻ ഫലങ്ങൾ പറിച്ചെടുക്കുന്ന കാലവുമായിരിക്കും (ലത്വാഇഫുൽ മആരിഫ് 121). അല്ലാമാ ഫശ്‌നി(റ) ഉദ്ധരിക്കുന്നു: റജബ് ശാരീരിക ശുദ്ധിക്കും ശഅ്ബാൻ ഹൃദയ ശുദ്ധിക്കും റമളാൻ ആത്മശുദ്ധിക്കുമുള്ളതാണ് (തുഹ്ഫതുൽ ഇഖ്‌വാൻ 52). റജബ്, ശഅ്ബാൻ, റമളാൻ എന്നീ മൂന്ന് മാസങ്ങളും അല്ലാഹുവിന്റെ പ്രീതിക്കായി ആരാധനകളിലും ശ്രേഷ്ഠ കർമങ്ങളിലുമായി കഴിച്ചുകൂട്ടേണ്ട സന്ദർഭങ്ങളാണെന്ന് സാരം. അതുകൊണ്ടു തന്നെയാണ് നമ്മുടെ പൂർവികരെല്ലാം 96 നോമ്പ് എന്ന പേരിൽ പ്രസ്തുത മാസങ്ങൾ മുഴുവനായും വ്രതമനുഷ്ഠിച്ചിരുന്നത്. കൂടെ മറ്റു ആരാധനാകർമങ്ങളും.


ശഅ്ബാൻ മാസത്തിൽ നോമ്പെടുക്കുന്നതിന് ധാരാളമായി പ്രതിഫലം ലഭിക്കുമെന്നും അതുവഴി സ്വർഗത്തിൽ പ്രവേശിക്കാൻ സാധിക്കുമെന്നും അനസ്(റ)വിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ‘അനുഗ്രഹങ്ങൾ വാരിക്കൂട്ടാനാകുന്നത്’ എന്നർഥമുള്ള ശഅ്ബാൻ എന്ന പേര് ഈ മാസത്തിന് നൽകാനുള്ള കാരണവും ഇതുതന്നെ.


നബി തങ്ങളുടെ മാസം

ഖിബ്‌ല മാറ്റം

ശഅ്ബാൻ എന്റെ മാസമാണെന്ന് തിരുനബി(സ്വ) പറഞ്ഞതായി ജാമിഉസ്സ്വഗീറിൽ കാണാം. ഈ ഹദീസിന്റെ പരമ്പര ബലഹീനമാണെന്ന് അല്ലാമാ മുനാവി സൂചിപ്പിക്കുന്നുണ്ട്. ഈ മാസത്തിൽ നബി(സ്വ)യുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങൾ നടന്നതായി ചില മഹാന്മാർ ഉദ്ധരിക്കുന്നു. ഇസ്‌ലാമിക ചരിത്രത്തിലെ നിർണായക സംഭവമാണല്ലോ മുസ്‌ലിംകളുടെ ഖിബ്‌ലയിലുണ്ടായ മാറ്റം. നുബുവ്വത്തിന്റെ പതിനൊന്നാം വർഷം നിസ്‌കാരം നിർബന്ധമാക്കപ്പെട്ടപ്പോൾ ഖിബ്‌ലയായി നിശ്ചയിച്ചിരുന്നത് ബൈത്തുൽ മുഖദ്ദസായിരുന്നു. പിന്നീട് നബി(സ്വ) മക്കയിൽ നിന്നും വിശ്വാസികളുമായി മദീനയിലേക്ക് ഹിജ്‌റ വന്നപ്പോൾ അവിടെയുണ്ടായിരുന്ന യഹൂദികൾ ആരാധനകൾ നടത്തിയിരുന്നത് ബൈത്തുൽ മുഖദ്ദസിലേക്ക് മുന്നിട്ടായിരുന്നു.


റസൂൽ(സ്വ)യുടെ മനസ്സിലുണ്ടായിരുന്ന ആഗ്രഹം കഅ്ബയിലേക്ക് തിരിയണമെന്നായിരുന്നു. അല്ലാഹു പറഞ്ഞു: നബിയേ, അങ്ങയുടെ മുഖം പലപ്പോഴും ആകാശത്തേക്കുയരുന്നതായി നാം കാണുന്നുണ്ട്. അതുകൊണ്ട് താങ്കൾ തൃപ്തിപ്പെടുന്ന ഖിബ്‌ലയിലേക്ക് നാം അങ്ങയെ അഭിമുഖീകരിപ്പിക്കുകയാണ്, മസ്ജിദുൽ ഹറാമിന്റെ ഭാഗത്തേക്ക് മുഖം തിരിക്കുക. നിങ്ങൾ എവിടെയാണെങ്കിലും ഇനി ആ ദിശയിലേക്ക് അഭിമുഖീകരിക്കുക. ഇതു തങ്ങളുടെ നാഥന്റെ പക്കൽനിന്നുള്ള സത്യം തന്നെയാണെന്നു വേദം നൽകപ്പെട്ടവർക്കറിയാം. അവരുടെ ചെയ്തികളെപ്പറ്റി അല്ലാഹു ഒട്ടുമേ അശ്രദ്ധനല്ല (2: 144). സൂറത്തുൽ ബഖറയിലെ 142-149 അടങ്ങുന്ന സൂക്തങ്ങൾ ഈ സംഭവമാണ് പ്രതിപാദിക്കുന്നത്.

ഈ ആയത്തുകളുടെ വിശദീകരണത്തിൽ ഇമാം ഖുർതുബി(റ) എഴുതി: അബൂഹാതിം(റ) പറഞ്ഞു: (മദീനയിൽ വെച്ച്) മുസ്‌ലിംകൾ പതിനേഴ് മാസവും മൂന്നു ദിവസവും ബൈത്തുൽ മുഖദ്ദസിലേക്ക് തിരിഞ്ഞു നിസ്‌കരിച്ചു. റബീഉൽ അവ്വൽ പന്ത്രണ്ട് തിങ്കളാഴ്ചയായിരുന്നല്ലോ നബി(സ്വ) മദീനയിലെത്തിയത്. അടുത്ത വർഷം ശഅ്ബാൻ പകുതിയിലെ ഒരു ചൊവ്വാഴ്ചയാണ് കഅ്ബയിലേക്ക് മുന്നിട്ടു നിസ്‌കരിക്കാൻ അല്ലാഹു കൽപിക്കുന്നത് (തഫ്‌സീർ ഖുർതുബി 2/150).


ഇങ്ങനെയാണ് 17 മാസവും മൂന്നു ദിവസവും എന്ന് പറയുന്നത്. അതേസമയം ഖിബ്‌ല മാറ്റപ്പെട്ടത് മദീനയിലെത്തി 16 മാസം കഴിഞ്ഞാണെന്ന് സ്വഹീഹ് മുസ്‌ലിമിന്റെ ഒരു റിപ്പോർട്ടിലുണ്ട്. അതനുസരിച്ച് ജമാദുൽ ആഖറിലാണ് കഅ്ബയിലേക്ക് തിരിഞ്ഞു നിസ്‌കരിക്കാൻ തുടങ്ങിയതെന്ന് അഭിപ്രായമുള്ള പണ്ഡിതരുമുണ്ട്. ഇമാം നവവി(റ) അടക്കമുള്ളവർ സ്ഥിരപ്പെടുത്തിയത് ശഅ്ബാൻ പകുതിയിലാണെന്നാണ് (സുബുലുൽ ഹുദാ വർറശാദ് 3/373).

നബി(സ്വ)യുടെ മുഅ്ജിസത്തുകളിൽ പ്രധാനമായതും പരക്കെ അറിയപ്പെട്ടതുമായ ചന്ദ്രൻ രണ്ടായി പിളർന്ന സംഭവം നടന്നതും ശഅ്ബാൻ മാസത്തിലാണ് (കൻസുന്നജാഹി വസ്സുറൂർ 150). 


വിശുദ്ധ ഇസ്‌ലാമിന്റെ പ്രചാരണവുമായി രംഗത്തിറങ്ങിയ നബി(സ്വ)യോട് മക്കാ മുശ്‌രിക്കുകൾ ദൃഷ്ടാന്തമായി വല്ലതും കാണിച്ചുതരാൻ ആവശ്യപ്പെട്ടതനുസരിച്ച് പ്രവാചകർ(സ്വ) ചന്ദ്രനെ പിളർത്തി കാണിച്ചു കൊടുക്കുകയായിരുന്നു. എന്നിട്ടും മത്സരബുദ്ധി കാണിച്ച് പലരും വിശ്വസിക്കാൻ തയ്യാറായില്ല.


സ്വലാത്ത് ചൊല്ലാൻ കൽപന


നബി(സ്വ)യുടെ മാസമാണെന്നതു കൊണ്ടുതന്നെ ഉമ്മത്തുകളായ നാം ഈ മാസത്തിൽ കൂടുതലായി സ്വലാത്ത് അധികരിപ്പിക്കേണ്ടതുണ്ട്. മഹാന്മാർ പറയുന്നതു കാണാം: ‘റജബ് പാപമോചനത്തിന്റെ മാസവും ശഅ്ബാൻ മുത്ത് നബിയുടെ മേലിലുള്ള സ്വലാത്തിന്റെ മാസവും റമളാൻ ഖുർആൻ പാരായണത്തിന്റെ മാസവുമാണ്’ (കൻസുന്നജാഹി വസ്സുറൂർ 138). വിശുദ്ധ ഖുർആനിൽ അല്ലാഹു തന്നെ സ്വലാത്ത് ചൊല്ലാൻ കൽപിക്കുന്നുണ്ട്: തീർച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബി തങ്ങളുടെ മേൽ സ്വലാത്ത് നിർവഹിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങളും നബി(സ്വ)യുടെ മേൽ സ്വലാത്തുകൾ നേരുക (അഹ്‌സാബ് 56). ഈ ആയത്തിറങ്ങിയത് ശഅ്ബാൻ മാസത്തിലാണെന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. അതിനാലാണ് ഈ മാസം സ്വലാത്തിന്റെ മാസമാണെന്ന് പറയുന്നത്.

തിരുനബി(സ്വ)ക്ക് വേണ്ടി അല്ലാഹുവും മലക്കുകളും സ്വലാത്ത് നിർവഹിക്കുന്നതോടൊപ്പം മുഅ്മിനുകളായ ഉമ്മത്തിനോടും സ്വലാത്ത് ചൊല്ലാൻ കൽപിക്കുന്നത് അവിടത്തെ മഹത്ത്വം വെളിപ്പെടുത്താനാണ്. 


മനുഷ്യ പിതാവായ ആദം നബി(അ)നെ മലക്കുകളുടെ സുജൂദുകൊണ്ട് അല്ലാഹു ആദരിച്ചപ്പോൾ അന്ത്യപ്രവാചകരായ തിരുനബി(സ്വ)ക്ക് സ്വലാത്ത് ചെയ്യുന്നതിൽ മലക്കുകളോടൊപ്പം മുഅ്മിനീങ്ങളും കൂടെ അല്ലാഹുവും പങ്കുചേർന്നിരിക്കുകയാണ് (അൽമവാഹിബുല്ലദുന്നിയ്യ 2/302).

ശഅ്ബാനിലെ നോമ്പ്


നബി(സ്വ) ഏറ്റവുമധികം സുന്നത്ത് നോമ്പെടുത്തത് ശഅ്ബാൻ മാസത്തിലായിരുന്നു. ഉസാമത് ബ്‌നു സൈദ്(റ) ഒരിക്കൽ നബിയോട് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ശഅ്ബാൻ മാസത്തിൽ നോമ്പനുഷ്ഠിക്കുന്നത് പോലെ മറ്റു മാസങ്ങളിലൊന്നും നോമ്പനുഷ്ഠിക്കുന്നതായി അങ്ങയെ കാണുന്നില്ലല്ലോ? മറുപടിയായി അവിടന്നു പറഞ്ഞു: റജബിനെയും റമളാനിനെയും മഹത്ത്വമുള്ളതായി കാണുമ്പോൾ ശഅ്ബാൻ മാസത്തെ ജനങ്ങൾ അശ്രദ്ധ കാരണം അവഗണിച്ചു പോകുന്നു. അമലുകൾ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുന്ന മാസമാണത്. നോമ്പുകാരനായിരിക്കുമ്പോൾ എന്റെ അമലുകൾ ഉയർത്തപ്പെടുന്നതാണ് ഞാൻ ഇഷ്ടപ്പെടുന്നത് (നസാഈ 2357).

ഇവിടെ നബി(സ്വ) മറ്റുള്ളവരെല്ലാം അശ്രദ്ധരായിരിക്കുന്ന മാസത്തെയാണ് നോമ്പെടുത്ത് പ്രത്യേകം ഗൗനിച്ചത്. ഇങ്ങനെ ചെയ്യുന്നതിന് മഹത്ത്വമേറെയാണ്.


പാതിരാത്രിയിലുള്ള ആരാധനകൾക്ക് മഹത്ത്വമേറുന്നത് മറ്റുള്ളവരെല്ലാം സുഖനിദ്രയിലായിരിക്കുമ്പോഴും ഉറക്കൊഴിച്ച് ആരാധനകളിലേർപെടുന്നത് കൊണ്ടാണല്ലോ. ആരും ശ്രദ്ധിക്കാത്ത സമയങ്ങളിൽ ഇബാദത്തിലായി കഴിഞ്ഞുകൂടുന്നതിന്റെ നിരവധി നേട്ടങ്ങൾ ഇമാം ഇബ്‌നു റജബിൽ ഹമ്പലി(റ) എണ്ണിയിട്ടുണ്ട്: ഒന്നാമതായി ലോകമാന്യം(രിയാഅ്) ഉണ്ടാവുകയില്ല എന്നതു തന്നെ. ഏത് സൽകർമത്തെയും നിഷ്ഫലമാക്കി കളയുന്ന ദു:സ്വഭാവമാണല്ലോ അത്. സുന്നത്തായ കർമങ്ങളെല്ലാം അല്ലാഹുവിന്റെയും അടിമയുടെയുമിടയിലായി മാത്രം സ്വകാര്യമായി ചെയ്യപ്പെടേണ്ടവയാണ്. മറ്റൊന്ന്, തെമ്മാടികൾക്കിടയിൽ ഏകനായി ആരാധന നടത്തുന്ന ഒരാളുണ്ടാകുന്നത് കാരണമായി അവർക്കൊട്ടാകെ ശിക്ഷകളിൽ നിന്നും ദുരന്തങ്ങളിൽ നിന്നും കാവൽ ലഭിച്ചേക്കാമെന്നതാണ് (ലത്വാഇഫ് 131, 132).

റമളാൻ കഴിഞ്ഞാൽ നോമ്പനുഷ്ഠിക്കാൻ ഏറ്റവും ശ്രേഷ്ഠമായ മാസം ശഅ്ബാനാണെന്ന് ഹദീസിൽ വന്നിട്ടുണ്ട്. കാരണം ഒരു വർഷത്തിലെ മുഴുവൻ സുകൃതങ്ങളും ഉയർത്തപ്പെടുന്നത് ഈ മാസത്തിലാണ്. റമളാനിലെ നോമ്പിന് വേണ്ടിയുള്ള മുന്നൊരുക്കമെന്ന നിലക്കാണെന്നും പറയാം (ഫൈളുൽ ഖദീർ 2/42). റമളാനിനു ശേഷം നോമ്പനുഷ്ഠിക്കാൻ ഏറ്റവും ശ്രേഷ്ഠമായ മാസം മുഹർറമാണെന്ന് സ്വഹീഹ് മുസ്‌ലിമിൽ കാണാം. എന്നാൽ മുഹർറത്തെക്കാളേറെ ശഅ്ബാൻ മാസത്തിൽ നബി(സ്വ) നോമ്പ് അധികരിപ്പിച്ചത് മുഹർറം മാസത്തിന്റെ ശ്രേഷ്ഠത റസൂൽ(സ്വ) തന്റെ അവസാന കാലഘട്ടത്തിൽ അറിഞ്ഞതു കൊണ്ടായിരിക്കാം. അല്ലെങ്കിൽ മുഹർറത്തിൽ യാത്ര, രോഗം പോലുള്ള തടസ്സങ്ങൾ വന്നതു കൊണ്ടായേക്കാമെന്ന് ഇമാം നവവി(റ) അഭിപ്രായപ്പെടുന്നു (ശർഹു മുസ്‌ലിം 8/55).


ശഅ്ബാൻ മാസത്തിന്റെ രണ്ടാം പകുതിയിൽ നിരുപാധികമായി നോമ്പനുഷ്ഠിക്കൽ നിഷിദ്ധമാക്കപ്പെട്ടതാണ്. നബി(സ്വ) പറഞ്ഞു: ശഅ്ബാൻ പകുതിയായാൽ റമളാൻ വരെ വ്രതമനുഷ്ഠിക്കരുത്. (അബൂദാവൂദ്). എന്നാൽ നിശ്ചിത ദിവസങ്ങളിൽ മാത്രം തുടർച്ചയായി നോമ്പനുഷ്ഠിച്ചു വരുന്നവനോ ഖളാഅ് വീട്ടാനുള്ളവനോ നോമ്പ് നേർച്ചയുള്ളവനോ ആണെങ്കിൽ അനുഷ്ഠിക്കാം. ഈ വിലക്ക് അവർക്ക് ബാധകമല്ല.


സൂറതുദ്ദുഖാൻ


ഇമാം ശർജി(റ) പറയുന്നു: ശഅ്ബാനിലെ പതിനഞ്ച് വരെയുള്ള രാത്രികളിൽ സൂറതുദ്ദുഖാനിലെ ആദ്യത്തെ എട്ട് ആയത്തുകൾ പതിനഞ്ച് തവണയും, പതിനഞ്ചാം രാവിൽ സൂറത്തുദ്ദുഖാൻ മുഴുവനായും മുപ്പത് തവണ വീതവും പാരായണം ചെയ്ത്, ശേഷം ദിക്‌റുകളും സ്വലാത്തുകളും ചൊല്ലി ദുആ ചെയ്താൽ ഉടനെ തന്നെ ഉത്തരം ലഭിക്കുന്നതായി നേരിൽ കണ്ടനുഭവിക്കാം, ഇൻശാ അല്ലാഹ് (കൻസുന്നജാഹി വസ്സുറൂർ 174). എല്ലാ ദിവസവും പതിവാക്കേണ്ട സൂറത്തുകളുടെ കൂട്ടത്തിൽ ഫത്ഹുൽ മുഈനിൽ സൂറത്തുദ്ദുഖാൻ എണ്ണിയിട്ടുണ്ടല്ലോ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍