ഫിത്വ്‌റ് സകാത്ത്; അറിയേണ്ട നിയമങ്ങൾ

സകാതുല്‍ ഫിത്വ്‌റ്

സകാതുല്‍  ബദന്‍,  സകാതു  റമളാന്‍,  സകാതുസ്സൗമ്, സകാതു  റുഊസ്,  സകാതുല്‍ അബ്ദാന്‍ എന്നിവയെല്ലാം  സകാതുല്‍  ഫിത്വറിന്‍റെ  മറ്റു  പേരുകളാണ്. റമളാനിലെ  അവസാനത്തെ നോമ്പ്  മുറിയലോട്കൂടെയാണ്  നിര്‍ബന്ധമാവുന്നത് എന്നതിനാലാണ്  സകാതുല്‍ ഫിത്വറ് എന്ന് പേര് വന്നത്.  റമളാന്‍ നോമ്പ് പോലെതന്നെ ഹിജ്റ  രണ്ടാം വര്‍ഷത്തിലാണ് പ്രസ്തുത സകാത്ത് നിയമമാക്കപ്പെട്ടത്.

ആർക്കാണ് നിർബന്ധം.?

 ചെറിയപെരുന്നാള്‍  പകലിലും  രാത്രിയിലും  തനിക്കും, താന്‍  ചെലവ്  കൊടുക്കല്‍  നിര്‍ബന്ധമായ  ആശ്രിതര്‍ക്കുമുള്ള ഭക്ഷണം, വസ്ത്രം,  പാര്‍പിടം, ആവശ്യമായ  സേവകർ, കടം എന്നിവ  കഴിച്ച്  ബാക്കി വല്ലതും  ശേഷിച്ചാല്‍ ഫിത്വ്‌റ് സകാത് നല്‍കല്‍  നിര്‍ബന്ധമാണ്. 'ചെലവ് കഴിച്ച്  ബാക്കിയുള്ളത്' എന്നതിനര്‍ത്ഥം, പണം  മാത്രമല്ല,  മറ്റു സമ്പത്തുകൂടി  ഉള്‍പ്പെടുന്നതാണ്. അതിനാൽ, ഇന്ന്  സമൂഹത്തിലെ മിക്ക ജനങ്ങളും  ഫിത്വ്‌റ്  സകാത് നല്‍കാന്‍ ബാധ്യതയുള്ളവര്‍ തന്നെയായിരിക്കും. ഒരാളുടെ ഉടമയിലുള്ള മൊത്തം സമ്പത്തില്‍ നിന്ന് മേല്‍ ആവശ്യങ്ങള്‍ക്ക് വേണ്ടി വരുന്നത് മാറ്റിവെച്ചാല്‍ മിച്ചമുണ്ടോ എന്നതാണ് മാനദണ്ഡം. വലിയ പണക്കാര്‍ക്ക് മാത്രമേ ഫിത്വര്‍ സക്കാത്ത് ബാധകമാവൂ എന്ന ധാരണ ശരിയല്ല. സകാത്തിനവകാശിയായവര്‍ക്കും ചിലപ്പോള്‍ ഫിത്വർ സകാത്ത് നിര്‍ബന്ധമായേക്കും.

പെട്ടെന്ന്  കഴിവുണ്ടായാല്‍?

ശവ്വാല്‍  പിറവി  സമയത്ത്  മതിയായ  സാമ്പത്തികശേഷിയില്ലാത്തവന്ന്  പെരുന്നാള്‍ ദിവസം  പെട്ടെന്ന്  കഴിവുണ്ടായാല്‍, സകാത്  നല്‍കല്‍  സുന്നത്താണ്. നിര്‍ബന്ധമില്ല.(തുഹ്ഫ  3/312). 

ഫിത്വ്‌റ്  സകാത് കൊടുക്കാൻ വേണ്ടി മാത്രം ജോലി ചെയ്യണോ?

ഫിത്വ്‌റ്  സകാതിന്  മതിയായ  ധനമില്ലാത്തവന്‍, അതിന് വേണ്ടി  ജോലി  ചെയ്ത് ധനം സമ്പാദിക്കല്‍  നിര്‍ബന്ധമില്ല. എന്നാല്‍, അവന്‍റെ വീഴ്ചമൂലം  മുമ്പ്  വീട്ടാതെ  പോയ  സകാതിന് വേണ്ടി ജോലി  ചെയ്യല്‍  നിര്‍ബന്ധവുമാണ്. 

നിർബന്ധമാകുന്നത് ഏത് സമയത്താണ് ?

വിശുദ്ധ റമളാനിലെ അവസാന പകലില്‍ സൂര്യാസ്തമയത്തോടെയാണ് ഇത് നിര്‍ബന്ധമാകുന്നത്. മേല്‍ പറഞ്ഞ സാമ്പത്തിക ശേഷി നിലവിലുള്ളവര്‍ക്കേ നിര്‍ബന്ധമുള്ളൂ. റമസാനിന്റെ അവസാന സമയവും ശവ്വാലിന്റെ ആദ്യ സമയവും ജീവിക്കുന്നവര്‍ക്ക് മാത്രമേ സക്കാത്ത് നല്‍കേണ്ടതുള്ളൂ. അഥവാ, റമസാനിന്റെ അവസാനത്തില്‍ മരിച്ചവര്‍ക്കുവേണ്ടിയും, ശവ്വാല്‍ തുടങ്ങിയതിന് ശേഷം ജനിച്ചവര്‍ക്ക് വേണ്ടിയും നല്‍കേണ്ടതില്ല. എന്നാൽ, ശവ്വാല്‍ തുടങ്ങിയതിന് ശേഷം മരിച്ചവരുടെ സകാത്ത് നല്‍കേണ്ടതുണ്ട്.

നൽകുന്നതിന്റെ 4 വിധികൾ

 ഫിത്വറ്  സകാത് നിര്‍ബന്ധമാവുന്നത്  ശവ്വാല്‍  മാസപ്പിറവിയോട് കൂടെയാണെങ്കിലും, അത്  നല്‍കുന്ന സമയത്തിന്‍റെ വ്യത്യാസമനുസരിച്ച്  വിധിയും  മാറികൊണ്ടിരിക്കും.ഫിത്വറ് സകാത് വിതരണത്തിന് പൊതുവെ അഞ്ച് സമയങ്ങളുണ്ടെന്ന് ഇആനത്തു ത്വാലിബീൻ (2/174) രേഖപ്പെടുത്തുന്നു.

 1) അനുവദനീയമായ  സമയം :  റമളാന്‍  ഒന്ന് മുതല്‍ പെരുന്നാള്‍ മാസപ്പിറവി  വരെയുള്ള ഏതു സമയത്തും കൊടുക്കല്‍  അനുവദനീയമാണ്. പക്ഷെ, പെരുന്നാള്‍  മാസപ്പിറവിയുടെ  സമയത്ത് സകാത്  സ്വീകരിച്ചവന്‍  അതിന്  യോഗ്യനായി തന്നെ സ്ഥലത്തുണ്ടാവണമെന്ന നിബന്ധനയുണ്ട്. 

2) നിർബന്ധമാകുന്ന സമയം: റമളാനിൻ്റെ സൂര്യാസ്തമയത്തോട് കൂടി ഫിത്വ്‌റ് സകാത് കൊടുക്കൽ നിർബന്ധമാകുന്ന സമയമായി.

3) സുന്നത്തായ  സമയം: റമളാനിലെ  സൂര്യന്‍ അസ്തമിച്ച് സകാത് നിര്‍ബന്ധമായത്‌ മുതല്‍ പെരുന്നാള്‍  നിസ്കാരം ആരംഭിക്കുന്നത്  വരെയാണ് സകാത് നല്‍കല്‍ സുന്നത്തായ സമയം. ഫിത്വറ് സകാത് വിതരണ സൗകര്യാര്‍ത്ഥം  ചെറിയപെരുന്നാള്‍ നിസ്കാരം അല്‍പം വൈകി ആരംഭിക്കലാണ് സുന്നത്ത്.

 4) കറാഹത്തായ  സമയം: പെരുന്നാള്‍  നിസ്കാരത്തിന്  ശേഷം അസ്തമയം  വരെയുള്ള  സമയമാണ്  കറാഹത്തായി  പരിഗണിക്കുന്നത്. എന്നാല്‍,  അടുത്ത  കുടുംബക്കാരന്‍,  അയല്‍വാസി തുടങ്ങിയവര്‍ക്ക് നല്‍കാന്‍  വേണ്ടി  നിസ്കാര  ശേഷത്തേക്ക് പിന്തിക്കൽ  സുന്നത്താണ്. അതേസമയം, മേൽപറയപ്പെട്ടവർക്ക് വേണ്ടിയാണെങ്കിലും, പെരുന്നാൾ ദിവസത്തെ അസ്തമയത്തിലേക്ക് പിന്തിക്കൽ കുറ്റകരമാണ്. (ഫത്ഹുൽ മുഈൻ)

5) ഹറാമായ  സമയം: പെരുന്നാള്‍  പകലിലെ  അസ്തമയത്തിന് ശേഷത്തേക്ക് പിന്തിക്കല്‍ ഹറാമാണ്.  പെരുന്നാള്‍ പകലില്‍ സകാതിന്‍റെ  വസ്തു അടുത്ത വീട്ടില്‍  കൊണ്ട്പോയി വെക്കുന്നത് കൊണ്ട് ഹറാമില്‍  നിന്ന്  രക്ഷപ്പെടുകയോ ബാധ്യത വീടുകയോ  ഇല്ല. പ്രത്യുത, അവകാശികളിലേക്കെത്തി എന്ന് ഉറപ്പ് വരുത്തണം. 

എന്താണ് നല്‍കേണ്ടത്?

നാട്ടിലെ മുഖ്യ ആഹാരമായി  ഉപയോഗിക്കുന്ന ധാന്യത്തില്‍ നിന്നാണ്  നല്‍കേണ്ടത്.  ഒരു നാട്ടില്‍ ഒന്നിലധികം  മുഖ്യാഹരങ്ങളുണ്ടാവുകയും  രണ്ടും  തുല്യമാവുകയും  ചെയ്താല്‍ ഇഷ്ടമുള്ളത്  നല്‍കാം.  എന്നാല്‍, ഒരാളുടെ  സകാത്  വിഹിതം രണ്ട് തരം  ധാന്യങ്ങളില്‍  നിന്നായാല്‍  സ്വീകാര്യമാവുകയില്ല.
ധാന്യങ്ങളില്‍  നിന്ന്  മുന്തിയ ഇനം  നല്‍കലാണ്  ഉത്തമം. ഇമാം ഇബ്‌നു ഹജര്‍(റ) എഴുതുന്നു: "ന്യൂനതയില്ലാത്ത ധാന്യമാണ് നല്‍കേണ്ടത്. ഉണക്കമില്ലാത്തത്, പുഴുക്കുത്തുള്ളത് തുടങ്ങിയ ന്യൂനതകളുള്ളത് മതിയാകുന്നതല്ല."
ധാന്യം പൊടിയാക്കിമാറ്റിയത്  സകാതായി  നല്‍കിയാല്‍ സകാത് വീടുകയില്ല.  അപ്രകാരം  തന്നെ  ധാന്യം  കൊണ്ട് പത്തിരി,  പായസം എന്നിവയുണ്ടാക്കി  നല്‍കിയാലും  മതിയാവില്ല.  അത്  അവകാശികള്‍ക്ക്  സൗകര്യം  ചെയ്യലല്ലേ  എന്ന ന്യായം ഇവിടെ  പരിഗണിക്കുകയില്ല.  കാരണം,  ഇഷ്ടാനുസരണമുള്ള  ഉപയോഗത്തിന് ധാന്യം തന്നെ  നല്‍കലാണ്  ഫലപ്രദം. (തുഹ്ഫ,  ശര്‍വാനി  3/325)

വില മതിയാവുമോ?

 ശാഫിഈ മദ്ഹബ് പ്രകാരം ധാന്യത്തിന്  പകരം വില നല്‍കല്‍ മതിയാവില്ല. (തുഹ്ഫ  3/324) കാരണം, ഫിത്വ്‌റ്  സകാത് ശരീരവുമായി ബന്ധപ്പെട്ട സകാത്  ആയതിനാല്‍ ശരീരവുമായി കൂടുതല്‍  ബന്ധപ്പെട്ട, നാട്ടിലെ മുഖ്യാഹാരം തന്നെ  നല്‍കണം. ഫിത്വറ് സകാതിന് സകാതുല്‍  ബദന്‍ എന്നും പേരുണ്ടെന്ന് മുമ്പ് സൂചിപ്പിച്ചതോര്‍ക്കുമല്ലോ. വില നല്‍കിയാല്‍ മതിയാകില്ല എന്നതിൽ ശാഫിഈ മദ്ഹബില്‍ തര്‍ക്കമില്ലെന്ന് ഇമാം റംലി (റ) നിയാഹ 3-123 ലും, ഇമാം ഖത്വീബുശ്ശിര്‍ബീനി (റ) മുഗ്‌നി 1-407 ലും പറഞ്ഞിട്ടുണ്ട്. ഫിത്വറ്  സകാതിന്‍റെ  ധാന്യം വാങ്ങാന്‍ ആവശ്യമായിവരുന്ന പണം ഒരാള്‍ക്ക്  നല്‍കുകയും 'ഇത് കൊണ്ട് നീ അരി  വാങ്ങി എന്‍റെ ഫിത്വര്‍ സകാതായി എടുക്കുകയും ചെയ്തോ'  എന്ന് പറഞ്ഞാല്‍ അത് മതിയാവില്ല.  വിദേശനാടുകളില്‍  നടക്കുന്നെതെല്ലാം  ശാഫിഈ മദ്ഹബ് പ്രകാരം അല്ലാത്തിനാല്‍ ഗള്‍ഫ് സുഹൃത്തുക്കള്‍  തല്‍വിഷയത്തില്‍ ജാഗ്രത പാലിക്കണം. എന്നാൽ, ഫിത്വ്‌ർ സകാത്  കിട്ടിയവന്ന് ആ ധാന്യം വില്‍പന നടത്തി വിലയാക്കാവുന്നതാണ്.

എത്രയാണ് നൽകേണ്ടത്?

ഒരു  വ്യക്തിക്ക് ഒരു സ്വാഅ് (3.200 ലിറ്റര്‍)  എന്ന തോതിലാണ് നല്‍കേണ്ടത്.  'ഒരു  സ്വാഅ്' എന്ന് പറഞ്ഞാല്‍ നാല് മുദ്ദ്‌ ആണ്. അളവാണ് അടിസ്ഥാനപരമായി സ്ഥിരപ്പെട്ടത് എന്നതിനാല്‍ തൂക്കം പലപ്പോഴും കൃത്യമാവണമെന്നില്ല. ധാന്യത്തിന്‍റെ  കനവും  കട്ടിയുമനുസരിച്ച് വ്യത്യാസപ്പെടും. 'മുദ്ദുന്നബവിയ്യ്' എന്ന പേരില്‍ ഇന്ന് മുദ്ദു പാത്രങ്ങൾ വിപണിയില്‍ ലഭ്യമാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍