1
ആശൂറാഇനെ ആദരിച്ച അമുസ്‌ലിം
ഒരു നാട്ടില്‍ ഒരു ഫഖീറും കുടുംബവും താമസിച്ചിരുന്നു.ഒരു മുഹറം പത്തില്‍ അവരെല്ലാവരും വ്രതമനുഷ്ടിച്ചു. നോമ്പ് തുറക്കാനുള്ള ഒരു വസ്തുവും ആ കുടിലില്ലായിരുന്നു. വല്ലതും കിട്ടുമോ എന്നന്വേഷിച്ചു പുറത്തിറങ്ങി. പക്ഷേ, ഒന്നും കിട്ടിയില്ല.
അങ്ങിനെ അടുത്തുള്ള അങ്ങാടിയിലേക്ക് ചെന്നു. അവിടെ സ്വര്‍ണ്ണ-വെള്ളി പാത്രങ്ങള്‍ വില്‍ക്കുന്ന ഒരു മുസ്‌ലിമായ സഹോദരനെ കണ്ടു. അദ്ദേഹത്തോടായി പറഞ്ഞു: ''സഹോദരാ, ഈ ദിവസത്തിന്റെ മഹത്വം മാനിച്ച് എനിക്ക് ഒരു ദിര്‍ഹം കടം തരാമോ? നോമ്പ് തുറക്കാനുള്ള ഒരു വകയും വീട്ടിലില്ലാത്തത് കൊണ്ടാണ്. ഞങ്ങളെല്ലാവരും നിങ്ങള്‍ക്ക് വേണ്ടി പ്രാത്ഥിക്കാം''
പക്ഷെ, ആ മുതലാളി അദ്ദേഹത്തിന്റെ ആവശ്യം നിരാകരിച്ചു. അങ്ങനെ സങ്കടം നിറഞ്ഞ മനസ്സുമായി അയാള്‍ അവിടെ നിന്നിറങ്ങി. വഴിയില്‍ വെച്ച് ഒരു യഹൂദിയായ മനുഷ്യന്‍ അദ്ദേഹത്തെ കാണാനിടയായി. അയാള്‍ ഫഖീറിനോട് കാര്യമന്വേഷിച്ചു. നടന്ന സംഭവങ്ങള്‍ ഫഖീര്‍ അദ്ദേഹത്തോട് വിശദീകരിച്ചു.
''ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണ്?'' യഹൂദി ചോദിച്ചു. ഒരുപാട് പ്രത്യേകതകള്‍ ഉള്ള മുഹർറം പത്തിന്റെ ചില മഹത്വങ്ങള്‍ ഫഖീര്‍ അയാള്‍ക്ക് വിവരിച്ച് കൊടുത്തു. അങ്ങനെ ആ അമുസ്ലിമായ വ്യക്തി ആ ദിവസത്തെ മാനിച്ച് അയാള്‍ക്ക് പത്ത് ദിര്‍ഹം നല്‍കി. ഫഖീര്‍ സന്തോഷത്തോടെ തന്‍റെ വീട്ടിലേക്ക് തിരിച്ചു.
അന്നേ ദിവസം രാത്രി ആ മുസ്‌ലിമായ മുതലാളി ഒരു സ്വപ്നം കണ്ടു. ഖിയാമത്ത് നാളില്‍ അയാള്‍ ദാഹിച്ചവശനായി ഓടുന്നതിനിടയില്‍ വെളുത്ത രത്നങ്ങൾ കൊണ്ടു അലങ്കരിച്ച ഒരു മാളിക കാണാനിടയായി. അയാൾ തല ഉയർത്തിക്കൊണ്ട് ഇങ്ങനെ പറഞ്ഞു:"ഓ കൊട്ടാരത്തിൽ താമസിക്കുന്നവരേ, എനിക്ക് കുടിക്കാൻ അല്പം വെള്ളം തരൂ" അപ്പോൾ ആ കൊട്ടാരത്തിൽ നിന്നും വിളിച്ചു പറയുന്നത് അയാൾ കേട്ടു. "ഈ മാളിക ഇന്നലെ വരെ നിങ്ങളുടേതായിരുന്നു. പക്ഷെ, നിങ്ങള്‍ക്കരികില്‍ ആ ഫഖീറായ മനുഷ്യന്‍ വന്നപ്പോള്‍ നിങ്ങളദ്ദേഹത്തെ മനസ്സിന്നു വിഷമമുണ്ടാക്കി മടക്കി അയച്ചില്ലേ?, അതോടെ ഈ കൊട്ടാരത്തിന്റെ മുകളിലുണ്ടായിരുന്ന നിങ്ങളുടെ നാമം മായ്ക്കപ്പെടുകയും ഫഖീറിനു പത്തു ദിർഹം ധർമ്മം ചെയ്ത യഹൂദിയുടെ നാമം എഴുതപ്പെടുകയും ചെയ്തു."
പെട്ടെന്ന് അയാള്‍ ഉറക്കത്തില്‍ നിന്നുണര്‍ന്നു. ആകെ വെപ്രാളപ്പെട്ട് ഓടി ആ യഹൂദിക്കരികിലെത്തി.
അദ്ദേഹം അയാളോടായി പറഞ്ഞു; 'അല്ലയോ സഹോദരാ! നമ്മള്‍ അയല്‍വാസികളല്ലേ, എനിക്ക് നിങ്ങളോടും നിങ്ങൾക്ക് എന്നോടു കടപ്പാടുണ്ടല്ലോ ! നിങ്ങളെനിക്കൊരു ഉപകാരം ചെയ്യാമോ?''
യഹൂദി കാര്യമന്വേഷിച്ചു;
''ഞാന്‍ നിങ്ങള്‍ക്ക് നൂറ് ദിര്‍ഹം തരാം, പകരം നിങ്ങള്‍ ഇന്നലെ ആ ഫഖീറിന് നല്‍കിയ പത്ത് ദിര്‍ഹമിന്റെ പ്രതിഫലം എനിക്ക് വിട്ട് തരാമോ?"
അപ്പോള്‍ ആ യഹൂദി അയാളോടായി പറഞ്ഞു; ''നിങ്ങളെനിക്ക് ഒരു ലക്ഷം ദിര്‍ഹം തരാമെന്ന് പറഞ്ഞാലും ഞാന്‍ നിങ്ങള്‍ക്കത് വിട്ട് തരില്ല, മാത്രവുമല്ല ആ മണിമാളികയില്‍ നിങ്ങളെ കയറ്റുക പോലുമില്ല"!
''നിങ്ങള്‍ക്ക് ഈ വിവരമെങ്ങനെ ലഭിച്ചു?!!'' മുതലാളിയായ മനുഷ്യന്‍ അത്ഭുതത്തോടെ ചോദിച്ചു. അപ്പോള്‍ ആ മനുഷ്യന്‍ പറഞ്ഞു;
''നിങ്ങള്‍ക്ക് അറിയിച്ചു തന്നവന്‍ തന്നെ എനിക്കും അറിയിച്ച് തന്നു''
"اشهد ان لا اله الا الله واشهد ان محمد رسول الله "
അദ്ദേഹം ശഹാദത്ത് കലിമ ചൊല്ലി അവിടുന്ന് മുസ്‌ലിമായി ! (ഇആനത്ത്)
2
ആത്മാർത്ഥതക്ക് കിട്ടിയ സമ്മാനം!
ആശൂറാ ദിനത്തിലെ പ്രത്യേക മജ്‌ലിസും കഴിഞ്ഞു പള്ളിയിൽ നിന്നും അത്വിയ്യത് ബിനു ഖലഫ്(റ) പുറത്തേക്കിറങ്ങി. പെട്ടെന്നൊരു സ്ത്രീ മുന്നിലേക്ക് നടന്നു വന്നു.
"അല്ലാഹുവിനെ മുൻനിർത്തി ചോദിക്കുകയാണ്, നിങ്ങളെന്നെ മടക്കി അയക്കരുത്. ഈ മക്കൾക്ക് വാപ്പയില്ല. ഇവർക്ക് ഭക്ഷണം നൽകാൻ എന്റെയടുക്കൽ ഒന്നുമില്ല. നിവൃത്തികേട് കൊണ്ട് മാത്രമാണ് നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്. ഇങ്ങനെ യാചിക്കുന്നത് എന്റെ പതിവല്ല. ഞാനൊരു സയ്യിദത്താണ്"
നിറഞ്ഞ കണ്ണുകളോടെ ഇത്രയും ആ ബീവി പറഞ്ഞൊപ്പിച്ചു.
പണക്കാരനായിരുന്നെങ്കിലും പിന്നീട് ദരിദ്രനായി തീർന്ന വ്യക്തിയാണ് കഥാപുരുഷൻ. 'ഞാനെന്തു ചെയ്യും റബ്ബേ?, ഇവർക്ക് കൊടുക്കാൻ എന്റെ കയ്യിൽ ഒന്നുമില്ലല്ലോ. ആകെ ഉടുത്തിരിക്കുന്ന വസ്ത്രം മാത്രമാണല്ലോ ഉള്ളത്.' അദ്ദേഹം ആത്മഗതം ചെയ്യാൻ തുടങ്ങി. ആകെയുള്ള ഈ വസ്ത്രം ഊരി നൽകിയാൽ ഞാൻ നഗ്നനനാകും. ഇവർക്ക് ഇത് നൽകിയില്ലെങ്കിൽ 'എന്റെ പേരമക്കൾ വന്നു ചോദിച്ചിട്ട് നീ എന്താണ് നൽകാത്തത്' എന്ന് മുത്തുനബി(സ) എന്നോട് ചോദിച്ചാൽ ഞാനെന്ത് മറുപടി പറയും? ആകെ വിഷണ്ണനായി. അദ്ദേഹത്തിന്റെ കണ്ണും ഖൽബും വേദന കൊണ്ട് നിറഞ്ഞു.
അവസാനം അവരെ നോക്കി പറഞ്ഞു: നിങ്ങൾ എന്നോടൊപ്പം വീട്ടിലേക്ക് വരിക. കയ്യിലുള്ളതെന്തെങ്കിലും തരാം.അങ്ങനെ ബീവിയും മക്കളും അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെന്നു. വാതിൽക്കൽ എത്തിയപ്പോൾ പറഞ്ഞു നിങ്ങൾ ഇവിടെ നിൽക്കുക അകത്തേക്ക് കയറണ്ട.
അത്വിയ്യത് ബിനു ഖലഫ്(റ) അകത്തേക്ക് കയറി, ഇട്ടിരിക്കുന്ന വസ്ത്രമൂരി വാതിലിന്റെ വിടവിലൂടെ അവർക്ക് നൽകി. ആ സമയം നിറഞ്ഞ മനസ്സോടെ അവർ ദുആ ചെയ്തു: "അല്ലാഹു നിങ്ങളെ സ്വർഗ്ഗീയ വസ്ത്രം ധരിപ്പിക്കട്ടെ." അവരെ സന്തോഷത്തോടെ മടക്കി അയച്ച ശേഷം പതിവുപോലെ മഹാനവർകൾ ആരാധനകളിൽ മുഴുകി.
അൽപ സമയം കഴിഞ്ഞു. ഉറക്കിലേക്ക് വഴുതി വീണു. ഉറക്കിൽ മനോഹരമായൊരു സ്വപ്നം കണ്ടു. സുന്ദരിയായൊരു സ്വർഗസ്ഥ സ്ത്രീ തന്റെ മുമ്പിൽ ഒരു ആപ്പിളുമായി വരുന്നതും അതിന്റെ സുഗന്ധം ഭൂലോകമാകെ അടിച്ചു വീശുന്നതും. ഇതെല്ലാം കണ്ട് അതിശയിച്ച അത്വിയ്യത് (റ) ചോദിച്ചു:
"നിങ്ങൾ ആരാണ് മനസ്സിലായില്ല?"
ഞാൻ 'ആശൂറാ'ആണ്. സ്വർഗ്ഗത്തിലെ നിങ്ങളുടെ ഇണയാണെന്ന് മറുപടി വന്നു. "ഇങ്ങനെയൊക്കെ സംഭവിക്കാനുള്ള കാരണം എന്താണ്?" അദ്ദേഹം തിടുക്കത്തോടെ ചോദിച്ചു. "നിങ്ങൾ ഒരു പാവപ്പെട്ട, സയ്യിദത്തായ സ്ത്രീയെ സന്തോഷിപ്പിച്ചില്ലേ?, അവരുടെ പ്രാർത്ഥനയുടെ ഫലമാണിത്."
മറുപടി കേട്ടതും മഹാനവർകൾ ഉറക്കിൽ നിന്നുണർന്നു. ശരീരമാകെ പ്രത്യേകമായൊരവസ്ഥ, വല്ലാത്ത സന്തോഷം, ചുറ്റും സുഗന്ധം. "അൽഹംദുലില്ലാ" റബ്ബിൽ സ്തുതികളർപ്പിച്ചു. "നാഥാ ഞാനീ കണ്ട സ്വപ്നം സത്യമാണെങ്കിൽ എന്നെ നിന്നിലേക്ക് മടക്കി വിളിക്കേണമേ.." പ്രാർത്ഥന കഴിഞ്ഞതും സ്വർഗ്ഗലോകത്തേക്ക് മഹാനവർകൾ യാത്രയായി.
(ഇർഷാദുൽ ഇബാദ് 77)
0 അഭിപ്രായങ്ങള്‍