ഒമാനിലെ ആദ്യ മുസ്‌ലിമും മതപ്രബോധനത്തിന് നേതൃത്വം നൽകിയ സ്വഹാബിയുമാണ് മാസിൻ (റ). നബി (സ)യിൽ നിന്ന് നേരിട്ട് ദിനീ ചൈതന്യം പുൽകാൻ മഹാനവർകൾക്ക് ഭാഗ്യം ലഭിച്ചു. മാസിൻ (റ) മദീനയിൽ നബി (സ) യുടെ ചാരെയെത്തി ഇസ്‌ലാം സ്വീകരിച്ച് തിരിച്ചുവന്നതോടെയാണ് ഒമാനിൽ ഇസ്‌ലാമെത്തുന്നത്.
മാസിൻ ബിൻ ഗലൂബ ബിൻ സുബൈഅ ബിൻ ഷിമാസ് അൽ സഅദി അത്വാഇ (റ) എന്നാണ് മുഴുവൻ പേര്. ഒമാനിലെ ദാഖിലിയ്യ ഗവർണറേറ്റിലെ സമാഇലിൽ ആയിരുന്നു കഴിഞ്ഞിരുന്നത്.
ഇസ്‌ലാമിക വെളിച്ചം മാസിൻ തങ്ങളിലേക്ക്
മാസിൻ (റ) മുസ്‌ലിമാകുന്നതിന് മുമ്പ് വിഗ്രഹം സേവിക്കുന്ന ആളായിരുന്നു. ഒരിക്കൽ വിഗ്രഹം ബലിയർപ്പിക്കുമ്പോൾ വിഗ്രഹം വെച്ച ഭാഗത്ത് നിന്നും ഇങ്ങനെ വിളിച്ചുപറയുന്നതായി കേൾക്കാനിടയായി.
“മാസിൻ നീ ശ്രദ്ധിച്ച് കേൾക്കുക, നന്മ വെളിവായിട്ടുണ്ട്. തിന്മ മൂടിപ്പോയിട്ടുണ്ട്. മുളർ ഗോത്രത്തിൽ നിന്ന് ഒരു നബി അല്ലാഹുവിന്റെ ദീനുമായി വന്നിട്ടുണ്ട്."
ഇത് കേട്ട് മാസിൻ (റ) പരിഭ്രാന്തനായി. ആയിടെ ഹിജാസിൽ നിന്ന് ഒരു വ്യാപാരി ഒമാനിലേക്ക് വന്നു. സമാഇലിൽ എത്തിയ അദ്ദേഹത്തെ മാസിൻ തങ്ങൾ കണ്ടുമുട്ടി. സംസാരത്തിനിടെ തങ്ങൾ അദ്ദേഹത്തോട് ചോദിച്ചു. "എന്താണ് നിങ്ങളുടെ നാട്ടിലെ വിവരങ്ങൾ.' അദ്ദേഹം പറഞ്ഞു. “ഞങ്ങളുടെ കൂട്ടത്തിൽ മുഹമ്മദ് ബിൻ അബ്ദില്ലാഹ് എന്നൊരാൾ വന്നിട്ടുണ്ട്. അവർ പറയുന്നത് ഇങ്ങനെയാണ്: "അല്ലാഹുവിലേക്ക് നിങ്ങളെ ഞാൻ ക്ഷണിക്കുന്നു. വിഗ്രഹങ്ങളെ ആരാധിക്കുന്നത് ഒഴിവാക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ആകാശ ഭൂമിയേക്കാൾ വിശാലമായ സ്വർഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുന്നു"
ഈ വാക്കുകൾ മാസിൻ (റ) വിന്റെ മനസ്സിൽ ഇടം പിടിച്ചു. മാസിൻ തങ്ങൾ പറഞ്ഞു. "ഇത് തന്നെയാണ് ഞാനും കേട്ടത്." ഉടൻതന്നെ താൻ ആരാധിച്ചിരുന്ന വിഗ്രഹത്തെ തകർക്കുകയും മദീനയിലേക്ക് യാത്ര പുറപ്പെടുകയും ചെയ്തു.
മദീനയിലെത്തി നബി(സ)യെ കണ്ട് ഇസ്‌ലാമിനെകുറിച്ച് ചോദിച്ചു. നബി (സ) വിവരിച്ചു, ശഹാദത്ത് കലിമ ചൊല്ലിക്കൊടുത്തു. അത്രയും കാലം ബഹുദൈവനാമങ്ങൾ ഉരുവിട്ടിരുന്ന ആ അധരങ്ങൾ ശഹാദത്ത് കലിമ ഏറ്റുചൊല്ലി. മാസിൻ തങ്ങൾ മുസ്‌ലിമായി. നബി (സ) യുടെ കൂടെ ഒരുമിച്ച് കൂടാൻ പറ്റിയ ആ സുവർണ്ണാവസരം അദ്ദേഹം നന്നായി ഉപയോഗിച്ചു. ഒമാനിലെ ആളുകൾക്ക് വേണ്ടി ദുആ ചെയ്യാൻ നബി (സ) തങ്ങളോട് ആവശ്യപ്പെട്ടു. നബി (സ) ഇങ്ങനെ ദുആ ചെയ്തു. “അല്ലാഹുവേ ഒമാനുകാർക്ക് നീ സത്യമാർഗം കാണിച്ചു കൊടുക്കുകയും പ്രതിഫലം നൽകുകയും ചെയ്യണമേ'. വീണ്ടും ദുആ ചെയ്യാൻ ആവശ്യപ്പെട്ടു. കൂട്ടത്തിൽ ഇങ്ങനെയും പറഞ്ഞു: “ഞങ്ങളുടെ ചുറ്റുഭാഗവും കടലാണ്. ഞങ്ങളുടെ യാത്രയുടെ കാര്യത്തിലും ഭക്ഷണത്തിന്റെ കാര്യത്തിലും ദുആ ചെയ്യണം. നബി (സ) ദുആ ചെയ്തു: “അല്ലാഹുവേ, ഒമാനുകാർക്ക് നീ ഭക്ഷണ വിശാലതയും കടലിൽ നിന്ന് ധാരാളം അനുഗ്രങ്ങളും നൽകണമേ. പുറത്ത് നിന്നുള്ള ഒരു ശത്രുവിനെ അവർക്ക് മേൽ നീ അധികാരപ്പെടുത്തല്ലേ."
മനഃപ്രയാസം നീങ്ങിക്കിട്ടാനും ജാഹിലിയ്യാ കാലത്ത് പതിവാക്കിയിരുന്ന കാര്യങ്ങളിൽ നിന്ന് മോചനം ലഭിക്കാനും ദുആ ചെയ്യാൻ മാസിൻ തങ്ങൾ ആവശ്യപ്പെട്ടു. “ചെണ്ടമുട്ടലും സ്ത്രീകളും മദ്യപാനവുമെല്ലാമായി അഭിരമിച്ചിരുന്നവനായിരുന്നു ഞാൻ. എന്റെ കൂടുതൽ സമ്പത്തും നഷ്ടപ്പെട്ടത് ഈ വിനോദങ്ങൾക്ക് വേണ്ടിയായിരുന്നു. എനിക്ക് സന്താനങ്ങളില്ല. കൺകുളിർമയുള്ള സന്താനത്തെ ലഭിക്കാനും ദുആ ചെയ്യണം. നബി (സ) ഇങ്ങനെ ദുആ ചെയ്തു. "അല്ലാഹുവേ, ചെണ്ടമുട്ടിന് പകരം ഖുർആൻ പാരായണവും ഹറാമിന് പകരം ഹലാലിനെയും അന്യ സ്ത്രീകളോട് അടുക്കാത്തവിധം ലൈംഗിക ശുദ്ധിയും കള്ളിന് പകരം സുഗന്ധത്തെയും കുളിർമയുള്ള സന്താനങ്ങളെയും നൽകണമേ."
തുടർന്ന് മാസിൻ തങ്ങൾ ഒമാനിലേക്ക് മടങ്ങി. നബി (സ)യുടെ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചു. ഒമാനിൽ തിരിച്ചെത്തിയ മാസിൻ (റ) ഇസ്‌ലാമിക പ്രബോധനത്തിന് നേതൃത്വം നൽകി. നിരവധിയാളുകൾ ഇസ്‌ലാമിലേക്ക് ഒഴുകിക്കൊണ്ടിരുന്നു. ഒമാനെന്ന രാജ്യത്ത് ഇസ്ലാം പടർന്ന് പന്തലിച്ചു. അനുഗ്രഹങ്ങൾ പെയ്തിറങ്ങി. സാമ്പത്തികമായും സാമൂഹികമായുള്ള അഭിവൃദ്ധി ആ രാജ്യത്തുണ്ടായി. മാസിൻ (റ) പരിശുദ്ധ ഖുർആൻ മനപ്പാഠമാക്കുകയും ഹജ്ജ് നിർവഹിക്കുകയും ചെയ്തു. മാസിൻ (റ) തങ്ങൾ നാല് വിവാഹം കഴിച്ചു. ഹയ്യാനുബ്നു മാസിൻ എന്ന ഒരു കുട്ടി ജനിക്കുകയും ചെയ്തു.
മദീനയിൽ തിരിച്ചെത്തിയ മാസിൻ (റ) സീബിൽ നിന്ന് നിസ്വയിലേക്ക് പോകുന്ന വഴി തന്റെ നാടായ സമാഇലിൽ പള്ളിയിൽ നിർമ്മിച്ചു. "മസ്ജിദ് മാസിൻ' എന്നും "മസ്ജിദുൽ മിള്‌മാർ' എന്നും ഈ പള്ളി അറിയപ്പെടുന്നു. മാസിൻ (റ) ആദ്യമായി നിർമ്മിച്ച പള്ളിയാണിത്. ഒമാനിലെ ആദ്യ പള്ളിയും. ഹിജ്‌റ ആറാം വർഷം നിർമ്മിച്ച ഈ പള്ളി പിന്നീട് സുൽത്താൻ ഖാബൂസ് ബിൻ സഈദ് പുതുക്കിപ്പണിയുകയും 2017 മെയ് 27 ന് ഉദ്ഘാടനം ചെയ്തു.
സ്വദേശികളും വിദേശികളും ധാരാളമായി സിയാറത്ത് ചെയ്യുന്ന മസ്‌കത്തിലെ വളരെ പ്രധാനപ്പെട്ട മഖ്ബറയാണ് മാസിൻ (റ) വിന്റെ മഖ്ബറ. മലയാളികളടക്കം നിരവധിയാളുകൾ ആവശ്യസഫലീകരണത്തിനും ആത്മീയ നിർവൃതിക്കും വേണ്ടി ഇവിടെയെത്തുന്നു. മാസിൻ തങ്ങളുടെ ഖബീലയായ സഅദി ഖബീലയിൽ പെട്ടവർ സമാഇലിൽ ഇന്നും താമസിക്കുന്നുണ്ട്.
0 അഭിപ്രായങ്ങള്‍