തിരുനബി ﷺ: അത്ഭുതബാല്യം

www.quizworld.online
എല്ലാ ദുഃസ്വഭാവത്തിൽ നിന്നും അശ്ലീലതകളിൽ നിന്നും മുക്തനായിരുന്ന തിരുനബിﷺ യുടെ ജനനം മുതൽ കണ്ടുതുടങ്ങിയ സ്വഭാവ വൈശിഷ്ട്യങ്ങൾ ഒരു  ലോകനേതാവിനെ വിളിച്ചറിയിക്കുന്നതായിരുന്നു.

 


ജാഹിലിയത നടമാടിയ ഒരു കാലത്താണ് തിരുനബിയുടെ ജനനം. എന്നാൽ എല്ലാവിധ ജീർണതകളിൽ നിന്നും മുക്തനായാണ് നബി[സ.അ] വളർന്നു വന്നത്. തങ്ങളുടെ ജീവിതമത്രയും പവിത്രമായിരുന്നു. കുലീനമായ പെരുമാറ്റം, സഹനശക്തി, സത്യസന്ധത, വിശ്വസ്തത ഈ വക സൽസ്വഭാവങ്ങളെല്ലാം നബിയിൽ മികച്ചു നിന്നു. അതുകൊണ്ടാണ് നാട്ടുകാർ അൽ അമീൻ (സത്യസന്ധൻ),സ്വാദിഖ് (വിശ്വസ്തൻ) എന്നിങ്ങനെ വിളിപ്പേരിട്ടിരുന്നത്. എല്ലാ ദുഃസ്വഭാവത്തിൽ നിന്നും അശ്ലീലതകളിൽ നിന്നും മുക്തനായിരുന്നു. നന്മയുടെ നറുനിലാവായിരുന്നു തിരുനബി.



സാധാരണ കുട്ടികളിൽ നിന്ന് തികച്ചും വ്യത്യസ്തവും വിസ്മയകരവുമായിരുന്നു  മുഹമ്മദ് നബി  യുടെ ബാല്യം.നബിയുടെ ജനനത്തിനു രണ്ടു മാസം മുൻപ് പിതാവ് അബ്‌ദുല്ല മരണപ്പെട്ടു .സിറിയയിൽ കച്ചവടത്തിന് പോയി തിരിച്ചു വരുമ്പോഴായിരുന്നു, ഉമ്മ ആമിന ബീവിയെ തീരാ ദുഃഖത്തിലാക്കിയ ആ വിയോഗമുണ്ടായത്. ഖുറൈശി കുടുംബത്തിൽ ജനിച്ച നബിയുടെ പിതാ മഹന്മാർ പലരും അന്തസ്സാർന്ന പദവികൾ അലങ്കരിച്ചവരായിരുന്നു. റസൂലിന്റെ ജനനം മുതൽ കണ്ടുതുടങ്ങിയ സ്വഭാവ വൈശിഷ്ട്യങ്ങൾ ഒരു  ലോക നേതാവിനെ വിളിച്ചറിയിക്കുന്നതായിരുന്നു. ഈ  പ്രത്യേകതകൾ മനസ്സിലാക്കി പല പ്രമുഖന്മാരും ഇസ്‌ലാമിലേക്ക് കടന്നു വന്നിട്ടുണ്ട്.

ആമിന ബീവിയാണ് ആദ്യം നബിക്ക് മുലകൊടുത്തത്.പിന്നീട് 'സുവൈബതുൽ അസ്‌ലമിയ’ എന്നവരും ഏതാനും ദിവസം നബിക്കു മുലകൊടുത്തു. നബി  ജനിച്ച വിവരം സുവൈബത് അബൂലഹബിനെ അറിയിച്ചതുമൂലം സന്തോഷത്താൽ സ്വതന്ത്രയാക്കിയ അടിമസ്ത്രീ ആയിരുന്നു അവർ .കാലഘട്ടങ്ങളായി അറേബിയയിൽ നിലനിന്നിരുന്ന ഒരു സമ്പ്രദായമായിരുന്നു മുലയൂട്ടാൻ ഗ്രാമങ്ങളിലെ സ്ത്രീകളെ ഏൽപ്പിക്കുന്ന പതിവ്.ആരോഗ്യപരമായ വളർച്ചക്കും,ഭാഷാശുദ്ധിയും കണക്കിലെടുത്താണ് ഇങ്ങിനെ ചെയ്തിരുന്നത്.


ഹലീമ ബീവിയുടെ വീട്ടിൽ 


 

 ബനുസഅദ്ഗോത്രക്കാരിയായ ഹലീമ ബീവി മക്കത്ത് മുലയൂട്ടാൻ കുഞ്ഞുങ്ങളെ തിരഞ്ഞു വന്നതായിരുന്നു . അവർ  വളരെ ഒട്ടിയുണങ്ങിയ പ്രകൃതമായിരുന്നു.അനാഥനായ മുഹമ്മദിനെ ഏറ്റെടുക്കാൻ ഹലീമ ബീവിയേ ഉണ്ടായിരുന്നുള്ളൂ .കുഞ്ഞു തന്നിലേക്ക് വന്നതുമുതൽ ഹലീമ ബീവിക്ക് നല്ല കാലമായിരുന്നു.ക്ഷീണിച്ചു അവശയായിരുന്ന ബീവി കുഞ്ഞിനെ വാത്സല്യത്തോടെ  മടിയിൽ വെച്ചപ്പോൾ തന്നെ അവരുടെ സ്തനങ്ങൾ നിറഞ്ഞു തുളുമ്പുകയും മതിയാവോളം പാൽ കുടിക്കുകയും ചെയ്തു .അവരുടെ വയസ്സായ  ഒട്ടകത്തിനടുത്തെത്തിയപ്പോൾ അത് പാൽ ചുരത്തുന്നത് കണ്ട് കറന്നെടുക്കുകയും കുടുംബം മുഴുവൻ യഥേഷ്ടം കുടിക്കുകയും ചെയ്തു. മക്കയിലേക്ക് വരുമ്പോൾ വാഹനമായി ഉപയോഗിച്ച കഴുത വളരെ ആരോഗ്യം കുറഞ്ഞതായിരുന്നു.തിരിച്ചു പോവു മ്പോൾ  കൂട്ടുകാരികളുടെ മൃഗങ്ങളെക്കാൾ വേഗത്തിലായിരുന്നു അവർ സഞ്ചരിച്ചിരുന്നത്.അവർ നബിയെയും കൂട്ടി വീട്ടിലെത്തിയപ്പോൾ അയൽവാസികളുടെ വീടുകളിലെല്ലാം കസ്തൂരിയുടെ ഗന്ധം പരന്നു .ഹലീമ ബീവിയുടെ  തോട്ടങ്ങൾ പച്ചപിടിച്ചു.മെലിഞ്ഞൊട്ടിയ  ആട് മാടുകൾ തടിച്ചു കൊഴുത്തു.ആർക്കെങ്കിലും അസുഖം വന്നാൽ നബിയുടെ അടുത്തുകൊണ്ടുവന്നു തടവുന്നതോടെ അവരുടെ അസുഖം ഭേദമാകും.ഇതെല്ലം നബിയുടെ രണ്ടു വയസ്സ് വരെയുള്ള അനുഭവങ്ങൾ ഹലീമ ബീവി പറഞ്ഞത്. രണ്ടു വയസ്സ് വരെയാണ് നബി മുലകുടിച്ചത്. മുലകുടി നിർത്തിയ നേരം നബി ചൊല്ലിയതിങ്ങനെ ”അല്ലാഹു അക്ബർ കബീറൻവൽഹംദുലില്ലാഹി കസീറൻ വസുബ്ഹാനല്ലാഹി ബുക്റതൻ വ അസീല”.ഇബ്നു അബ്ബാസ്[റ.അ] പറയുന്നു.  കുഞ്ഞു വഴി അല്ലാഹു നൽകിയിരുന്ന ഐശ്വര്യം കാരണം കുഞ്ഞിനെ തിരിച്ചു നൽകാൻ അവരുടെ മനസ്സ് അനുവദിച്ചിരുന്നില്ല.എന്നിരുന്നാലും കുഞ്ഞിനെ കൊടുക്കേണ്ടത് നിർബന്ധമായിരുന്നതിനാൽ നബിയെയും കൂട്ടി ആമിന ബീവിയുടെ അടുത്തേക്ക് പുറപ്പെട്ടു.യാത്രാ മദ്ധ്യേ  കണ്ട പല പുരോഹിതന്മാരും നബിയുടെ കണ്ണിലെ ചുവപ്പും ചുമലിലെ   നുബുവ്വത്തിന്റെ മുദ്രയും കണ്ട് ഈ ബാലൻ ഒരു പ്രവാചകനാണെന്ന് പറഞ്ഞു. ആമിന ബീവിക്ക് കുട്ടിയെ തിരികെ കിട്ടിയപ്പോൾ ഉണ്ടായ സന്തോഷത്തിനു അതിരില്ലായിരുന്നു .ഹലീമാബീവി മക്കത്ത്‌ പടർന്നുപിടിച്ചിരുന്ന പ്ളേഗ് രോഗം കുട്ടിക്ക് പിടിപെടുമോ എന്ന് ഭയന്ന് കുട്ടിയെ തിരികെ കൊണ്ടുപോകാൻ  അനുവാദം ചോദിക്കുകയും മനമില്ലാമനസ്സോടെ സമ്മതിക്കുകയും ചെയ്തു . അങ്ങിനെ ഹലീമ ബീവിയുടെ വീട്ടിൽ അഞ്ച്  വയസ്സുവരെ നബി [സ.അ] താമസിച്ചു. ഈ കാലയളവിൽ നബി [സ.അ] ആടിനെ മേയ്ക്കാൻ പോകുക പതിവായിരുന്നു.എല്ലാ പ്രവാചകന്മാരും ഈ ജോലി ചെയ്തതായി ചരിത്രം പറയുന്നു. ഒരിക്കൽ നബി [സ.അ] ഹലീമ ബീവിയുടെ മകൻ ളമ്രത്തിനോടും കൂട്ടുകാരോടുമൊപ്പം ആടിനെ മേയ്ക്കാൻ പോയപ്പോൾ ഒരു അത്ഭുത സംഭവമുണ്ടായി.  ജിബ്‌രീൽ [അ.സ] വന്ന് കുട്ടിയെ പിടിച്ചു മലർത്തിക്കിടത്തുകയും നബിയുടെ നെഞ്ചു കീറുകയും ഹൃദയത്തിൽ നിന്ന് ഒരു കറുത്ത കഷ്ണം എടുത്ത് മാറ്റുകയും നെഞ്ചു പഴയ പോലെ ആക്കുകയും ഹാതമുന്നുബുവ്വത്ത് കൊണ്ട് മുദ്ര വെക്കുകയും ചെയ്തു. ഇത് കണ്ട കൂട്ടുകാർ പരിഭ്രമ ചിത്തരായി .വിവരം ഹലീമാ ബീവിയെ അറിയിച്ചു.  അവർ ഓടിക്കിതച്ചു വന്നു നോക്കുമ്പോൾ കുട്ടിയുടെ മുഖം വിളറിയിരിക്കുന്നതല്ലാതെ മറ്റൊന്നും ദർശിക്കാൻ കഴിഞ്ഞില്ല.

 ഉമ്മ ആമിന ബീവിയുടെ വഫാത്ത് 

 നബി [സ.അ] യെയും ഭൃത്യ ഉമ്മു ഐമനെയും കൂട്ടി ആമിന ബീവി വാപ്പ അബ്‌ദുല്ല [റ.അ] യുടെ അമ്മാവന്മാരെ  സന്ദർശിക്കാൻ മദീനയിലേക്ക് പോയി .തിരിച്ചു വരുന്ന വഴിയിൽ അബവാ എന്ന സ്ഥലത്തു വെച്ച് രോഗം ബാധിക്കുകയും ഉടനെ തന്നെ മരണമടയുകയും ചെയ്തു. വഫാത്തിന് മുൻപ് ആമിന ബീവി തന്നോമലിന്നോടു പറഞ്ഞത് ഇങ്ങനെ  ”സർവശക്തനായ നാഥന്റെ തിരുദൂതരാണ് മോൻ. ഏതു ജീവനും ഒരിക്കൽ മൃതിയടയും.ഞാനുമിതാ മരി ക്കാൻപോകുന്നു.പക്ഷെ എന്റെ സ്വപ്നങ്ങൾ മരിക്കാനുള്ളതല്ല. ഞാൻ ഇവിടെ ഉപേക്ഷിച്ചു പോകുന്നത് നന്മ മാത്രം ഞാൻ പ്രസവിച്ചത് പവിത്രം”. ഉമ്മു ഐമനാണ് നബി [സ.അ] യെ തിരിച്ചു മക്കത്തുകൊണ്ട് ചെന്ന് പിതാമഹൻ അബ്‌ദുൽ മുത്ത്വലിബിനെ ഏൽപ്പിച്ചത്.


ഉപ്പാപ്പ അബ്‌ദുൽ മുത്വലിബിനോടൊപ്പം 

സ്വന്തം മക്കൾക്കു നൽകാത്ത സ്നേഹവും സ്വതന്ത്ര്യവും ഉപ്പാപ്പ തൻറെ പേരക്കുട്ടിക്ക് നൽകിയിരുന്നു.ഇബ്നു അബ്ബാസ്[റ.അ] തൻറെ പിതാവ് പറഞ്ഞ ഒരു സംഭവം ഓർക്കുന്നു ”അബ്‌ദുൽ മുത്ത്വലിബിന്  കഅബയുടെ അരികെ ഒരു ഇരിപ്പിടമുണ്ടായിരുന്നു മറ്റാരും അതിൽ ഇരിക്കാറുണ്ടായിരുന്നില്ല .ഒരു ദിവസം നെബി [സ.അ] ആ വിരിപ്പിൽ ഇരുന്നു.ഇതു കണ്ട ഒരാൾ കുട്ടിയെ അവിടെ നിന്ന് മാറ്റി.നെബിക്കു സങ്കടം സഹിക്കാൻ പറ്റിയില്ല . അബ്‌ദുൽ മുത്വലിബ്  കരച്ചിലിന്റെ കാരണം തിരക്കി .അങ്ങയുടെ വിരിപ്പിൽ ഇരുന്നിരുന്നു എന്നും അവനെ ഞാൻ  അവിടെ നിന്ന് മാറ്റിയതാണെന്നും അയാൾ പറഞ്ഞു .ഇതിനു കുറച്ചു കനത്ത ഭാഷയിൽ തന്നെ അബ്‌ദുൽ മുത്വലിബ് അപരന് മറുപടി കൊടുത്തു.”അവനെ ആരും തടയരുത് ,ഒരു അറബിക്കും ഇല്ലാത്തത്ര മഹത്വം ഈ കുട്ടിക്കുണ്ട്, ഒരു മഹനീയ പദവി ഇവന് വന്നു ചേരുമെന്നെനിക്കുറപ്പാണ് ” കാരണം പല ജൂത,ക്രിസ്തീയ പുരോഹിതന്മാരും നെബിയുടെ  സ്വഭാവ വൈശിഷ്ട്യവും ശരീര പ്രകൃതിയും കണ്ടു ഈ ബാലനിൽ പ്രവാചകത്വത്തിന്റെ ലക്ഷണങ്ങൾ ദർശിച്ചിട്ടുണ്ട്..പക്ഷെ ആ സുരക്ഷിതത്ത്വവും പരിലാളനയും അധിക കാലം നീണ്ടു നിന്നില്ല.തൻറെ മരണം ആസന്നമായി എന്ന് മനസ്സിലാക്കി മകൻ അബൂത്വോലിബിനെ  പേരമകന്റെ സംരക്ഷണ ചുമതല ഏൽപ്പിക്കുകയും ചെയ്തു. നെബിയുടെ എട്ടാം വയസ്സിൽ അബ്‌ദുൽമുത്വലിബും ഈ ലോകത്തോട് വിടപറഞ്ഞു. അനാഥത്വത്തിന്റെ കുറവുകൾ അറിയിക്കാതെ തന്നെ പോറ്റിയ ഉപ്പാപ്പയുടെ  വിയോഗം ആ ബാലന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

അബൂത്വാലിബിനോടൊപ്പം 

 മാതാവും പിതാവും പിതാമഹനും ആയി ഇനി പിതൃവ്യനായ താൻ മാത്രമാണ് ഉള്ളതെന്ന് മനസ്സിലാക്കി അബൂത്വാലിബ്  കുട്ടിയെ അത്യധികം സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്തു.തൻറെ മക്കൾക്കൊന്നും നൽകാത്ത പരിഗണന അദ്ധേഹം തിരുനബിക്കു കൊടുത്തു.ഉറങ്ങുന്ന സമയത്തു തന്റെ കൂടെയാണ് കിടത്തിയിരുന്നത്. ഭക്ഷണം കഴിക്കുന്ന സമയത്തോ ഒരിക്കലും നബിയെ കൂട്ടാതെ കഴിച്ചിരുന്നില്ല. ഇതിനു അദ്ധേഹത്തിന്റെ ഭാര്യ ഫാത്തിമ ബിൻത് സഅദ് പരിപൂർണ്ണ പിന്തുണ നൽകിയിരുന്നു. ആ സ്നേഹാധിക്ക്യം കൊണ്ടാണ് ബീവി വഫാത്തായ വിഷമത്താൽ നെബി അവരുടെ ഖബറിന് മേലെ കിടന്നു ഉരുണ്ടിരുന്നു. മറ്റുകുട്ടികളിൽ നിന്നെല്ലാം വ്യത്യസ്തനായിരുന്നു നെബി. ഒരിക്കൽ പോലും വിശക്കുന്നുവെന്നോ ദാഹിക്കുന്നുവെന്നോ പറഞ്ഞിരുന്നില്ല. മക്കാനിവാസികൾക്കു ഒരിക്കൽ ക്ഷാമം പിടിപെട്ടു. അവർ അബൂത്വാലിബിനോട് പ്രാർത്ഥിക്കാനാവശ്യപ്പെട്ടു. അബൂതാലിബ് നെബിയെയും കൂട്ടി കഅബ പ്രദക്ഷിണം വെക്കുകയും  ഉടനെ മഴ പൊട്ടിപ്പുറപ്പെടുകയും അവിടത്തെ ക്ഷാമം മാറുകയും ചെയ്തു.മറ്റൊരു സംഭവം ഇങ്ങനെ, ഒരു യാത്രാവേളയിൽ ദിൽമജാസിൽ വെച്ച് അബൂത്വാലിബിനു വല്ലാത്ത ദാഹം അനുഭവപ്പെട്ടു. അന്നേരം നബി ﷺ കാലുകൊണ്ട് മണ്ണൊന്നു കോരുകയും തൽക്ഷണം ശുദ്ധജലം ഉറവയെടുക്കുകയും,മതിവരുവോളം കുടിക്കുകയും ചെയ്തു .നബി ﷺ ഒരു സാധാരണ കുട്ടിയായിരുന്നില്ല എന്ന് തെളിയിക്കുന്നതാണ് ഈ സംഭവം .പത്താം വയസ്സിൽ പിതൃവ്യൻ സുബൈർ[റ.അ]യോടൊപ്പംയാത്രയിൽ ഒരു വാദിയിലെത്തിയപ്പോൾ ഒരു കൂറ്റൻ ഒട്ടകം വഴിമുടക്കിനിൽക്കുകയും നബിﷺയെ കണ്ടപ്പോൾ മുട്ട് കുത്തുകയും നബി ﷺ അതിന്റെ പുറത്തു കയറുകയും ചെയ്തു.

 നബിﷺയുടെ പിന്നീടുള്ള യാത്ര അബൂത്വാലിബിനൊപ്പം ശാമിലേക്കായിരുന്നു.പന്ത്രണ്ടാം വയസ്സിൽ നടത്തിയ ഈ യാത്രയിലാണ് ബഹീറ എന്ന ക്രിസ്തീയ പുരോഹിതനെ കാണുന്നതും. അബൂത്വാലിബിൽ നിന്നും കുട്ടിയിൽ നിന്നും വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും കണ്ണിലെ ചുവപ്പും ഖാതമുന്നുബുവ്വത്തും കണ്ട് തീർച്ചപ്പെടുത്തിക്കൊണ്ടിങ്ങനെ പറഞ്ഞു ”കുട്ടിയെ വേദക്കാരിൽ നിന്നും കാത്തുകൊള്ളുക, അവർ ഇവനെ കണ്ടാൽ വധിച്ചേക്കും. ഈ കുട്ടി  ലോകത്തിന്റെ നേതാവാകാനുള്ളവനാണ്,സർവലോകത്തിനും അനുഗ്രഹമായി വരുന്ന ദൂതൻ” നബിﷺയെ മക്കയിലേക്ക് തന്നെ തിരിച്ചയച്ചു.

ഖുറൈശികൾ വർഷത്തിലൊരിക്കൽ സംഗമിക്കുന്ന ഒരു പൂജയായിരുന്നു ബുവാന. ഇതിനു പോകാൻ നബിﷺക്കു താല്പര്യമില്ലെങ്കിലും വീട്ടുകാരുടെ നിർബന്ധനത്തിനു വഴങ്ങി ഒരിക്കൽ പോകുകയും അല്പസമയം കൊണ്ട് തിരിച്ചു വരികയും ചെയ്തു. കാരണം അന്വേഷിച്ച  അമ്മായിമാരോട് നബി ﷺ പറഞ്ഞു: "ഞാൻ വിഗ്രഹത്തിനരികിലേക്കു നീങ്ങിയതും ഒരു വെളുത്ത രൂപം വന്ന്,  'മുഹമ്മദ് പുറകോട്ട് പോകൂ' എന്ന് അട്ടഹസിച്ചു." പിന്നീടൊരിക്കലും തിരുനബി ﷺ അങ്ങിനെയൊരു സ്ഥലത്തും പോയിട്ടില്ല.റസൂൽﷺ ബാല്യത്തിൽ പങ്കെടുത്ത ഒരു സന്ധിയായിരുന്നു ഹിൽഫുൽ ഫുള്ൽ . യുദ്ധത്തിൽ ബാക്കി വന്ന സമ്പത്തുകൾ അഗതികൾക്ക് നൽകാനും മർദിതനെതിരെ മർദ്ദകനെ പരാജയപ്പെടുത്താനും ആയിരുന്നു സന്ധിയിലെ തീരുമാനം. തിരുനബിﷺക്ക് ഈ സന്ധി വളരെ ഇഷ്ടപ്പെട്ടു

ഇബ്നു അബ്ബാസിൽ നിന്ന് നിവേദനം ”ഒരിക്കൽ കഅബ പുതുക്കിപ്പണിയുന്ന സമയത്ത്  അബ്ബാസ് [റ.അ]യും നബിﷺയും  കല്ലുകൾ തലയിൽ വെച്ച് കൊണ്ട് പോയിരുന്നു.തല വേദനിക്കാതിരിക്കാൻ ആളൊഴിഞ്ഞ സ്ഥലത്തു വെച്ച് മുണ്ടഴിച്ചു തലയിൽ കെട്ടിയാണ് പോയിരുന്നത്.എന്നാൽ കുറച്ചു കഴിഞ്ഞു നബി[ﷺ] ബോധശൂന്യനായി കിടക്കുന്നതാണ് അബ്ബാസ്[റ.അ]കണ്ടത്. കണ്ണുകൾ വാനലോകത്തേക്കുയർത്തിയുള്ള കിടപ്പിൽ നിന്നും  ഉണർത്തി ചോദിച്ചപ്പോൾ "എന്നെ നഗ്നനായി നടക്കുന്നതിൽ നിന്നും അല്ലാഹു നിരോധിച്ചിരിക്കുന്നു" എന്ന് അവിടുന്ന് പറഞ്ഞു.

 












Mmm

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍