വംശം
മുഹമ്മദ് നബി(സ)യുടെ വംശപരമ്പര ചെന്നു ചേരുന്നത് ഖലീലുല്ലാഹി ഇബ്‌റാഹീം നബിയുടെ മകൻ ഇസ്മാഈൽ നബിയുടെ വംശത്തിലാണ്. നബി(സ) പറയുന്നു: "അല്ലാഹു, ഇബ്‌റാഹീം നബിയുടെ സന്താനങ്ങളില്‍ നിന്ന് ഇസ്മാഈല്‍(അ)നെ പ്രത്യേകം തിരഞ്ഞെടുത്തു. അവരില്‍ നിന്നും ഖുറൈശികളെയും അവരില്‍ നിന്നും ബനൂ ഹാശിമിനെയും ബനൂ ഹാശിമില്‍ നിന്നും എന്നേയും തിരഞ്ഞെടുത്തു". (മുസ്‌ലിം)
പിതാവ് അബ്ദുല്ല(റ) അടക്കം 20 പിതാക്കന്മാരുടെ പേര് നബി(സ) തന്നെ പറഞ്ഞതായ ഹദീസ് ഇമാം ബൈഹഖി(റ) ഉദ്ധരിച്ചിട്ടുണ്ട്. അബ്ദുല്‍ മുത്വലിബ്, ഹാശിം, അബ്ദുമനാഫ്, ഖുസയ്യ്, കിലാബ്, മുര്‍റത്ത്, കഅബ്, ലുഅയ്യ്, ഗാലിബ്, ഫിഹ്ര്‍, മാലിക്, നള്ര്‍, കിനാന, ഖുസൈമ, മുദ്‌രിക, ഇല്‍യാസ്, മുളര്‍, നിസാര്‍, മുഅദ്ദ്, അദ്‌നാന്‍ എന്നിവരാണവര്‍. ഇതുപോലെ അദ്‌നാന്‍ മുതല്‍ ഇബ്‌റാഹീം നബി (അ) വരെയുള്ള പിതൃപരമ്പരയും, ഇബ്‌റാഹീം(അ) മുതല്‍ ആദം (അ) വരെയുള്ള പരമ്പരയും ഉദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, വിശ്വാസ്യത കുറവുള്ളതിനാല്‍ അത് പലരും പരാമര്‍ശിക്കാറില്ല.
കച്ചവടത്തിനായി സിറിയയിലേക്ക് പോയ മുഹമ്മദ് നബി (സ്വ) യുടെ പിതാവ് അബ്ദുല്ല തിരിച്ച് വരുന്ന വഴിയിൽ മദീനക്കടുത്ത് വെച്ച് രോഗബാധിതനായി മരണപ്പെട്ടു. രണ്ട് മാസത്തിനുശേഷം ആമിന ബീവി തിരുനബി (സ്വ) ജന്മം നൽകുകയും പിതാമഹൻ അബ്ദുൽ മുത്തലിബ് കുഞ്ഞിനെ കഅബയിൽ കൊണ്ടുപോയി 'മുഹമ്മദ്' എന്നു നാമകരണം ചെയ്യുകയും ചെയ്തു. അബ്ദുൽ മുത്തലിബ് മക്കയിൽ ഏറ്റവും സ്വാധീനശക്തിയുള്ള ഖുറൈശി ഗോത്ര നായകനായിരുന്നു.
ബാല്യം
ആമിന ബീവിയാണ് ആദ്യം നബി ﷺക്ക് മുലകൊടുത്തത്.പിന്നീട് ഏതാനും ദിവസം 'സുവൈബതുൽ അസ്‌ലമിയ’ എന്നവരും നബി ﷺക്കു മുലകൊടുത്തു .നബി ﷺ ജനിച്ച വിവരം അബൂലഹബിനെ അറിയിച്ചതുമൂലം സന്തോഷത്താൽ സ്വതന്ത്രയാക്കിയ അടിമസ്ത്രീ ആയിരുന്നു സുവൈബത്. കാലഘട്ടങ്ങളായി അറേബ്യയിൽ നിലനിന്നിരുന്ന ഒരു സമ്പ്രദായമായിരുന്നു മുലയൂട്ടാൻ ഗ്രാമങ്ങളിലെ സ്ത്രീകളെ ഏൽപ്പിക്കുന്ന പതിവ്. ആരോഗ്യപരമായ വളർച്ചക്കും,ഭാഷാശുദ്ധിയും കണക്കിലെടുത്താണ് ഇങ്ങിനെ ചെയ്തിരുന്നത്. മുഹമ്മദ് ﷺ യെ സംരക്ഷിക്കാൻ ബനൂസഅദ് ഗോത്രത്തിൽ പെട്ട ഹലീമ ബീവിയെ ചുമതലപ്പെടുത്തുകയുണ്ടായി. നാലുവർഷം ഇപ്രകാരം മുഹമ്മദിനെ സംരക്ഷിച്ച് വളർത്തിയ ശേഷം മാതാവിന് തിരിച്ചേൽപിച്ചു. ബാലനായിരിക്കെ തന്നെ പിതാമഹൻ അബ്ദുൽ മുത്തലിബ് വിടപറഞ്ഞു.
മാതാവ് ആമിന ബീവി ഭർത്താവിന്റെ ഖബ്ർ സന്ദർശിക്കാൻ എല്ലാ വർഷവും മദീനയിലേക്ക് പോകുമായിരുന്നു. മുഹമ്മദ് ﷺ ക്ക് ആറു വയസ്സുള്ളപ്പോൾ മദീനയിലേക്ക് ഈ ആവശ്യത്തിനായി പോയ ആമിന ബീവി മടക്കയാത്രയിൽ അബവാഅ് എന്ന സ്ഥലത്ത് വെച്ച് രോഗബാധയാൽ മരണപ്പെട്ടു.
പിതൃസഹോദരനായ അബൂത്വാലിബിന്റെ സംരക്ഷണത്തിലാണ് പിന്നീട് നബി ﷺ വളർന്നത്. അബൂത്വാലിബിനെ സഹായിക്കാൻ ചില സന്ദർഭങ്ങളിലൊക്കെ മുഹമ്മദ് ﷺ ആടുകളെ മേയ്ക്കാറുണ്ടായിരുന്നു. റസൂലിന്റെ ﷺ ജനനം മുതൽ കണ്ടുതുടങ്ങിയ സ്വഭാവ വൈശിഷ്ട്യങ്ങൾ ഒരു ലോക നേതാവിനെ വിളിച്ചറിയിക്കുന്നതായിരുന്നു
ചെറിയ പ്രായത്തിൽ തന്നെ സത്യസന്ധതയും വിശ്വസ്തതയും മൂലം എല്ലാവരുടേയും സ്നേഹം ആർജ്ജിച്ചു. അൽ അമീൻ (വിശ്വസ്തൻ) എന്ന് അവർ തിരുനബി ﷺ യെ വിളിച്ചു.
0 അഭിപ്രായങ്ങള്‍